സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്കുന്ന ആദ്യത്തെ ഇന്ത്യന്‍ സ്വകാര്യ കമ്പനിയാകാനൊരുങ്ങുകയാണ് ഹൈദരാഹാദ് ആസ്ഥാനമായ സ്പേസ് ടെക്നോളജി കമ്പനിയായ അനന്ത് ടെക്നോളജീസ്. തദ്ദേശീയമായി നിര്‍മിച്ച ഭൂസ്ഥിര ഉപഗ്രഹം ഇതിനായി അനന്ത വിക്ഷേപിക്കും. ഇലോണ്‍ മസ്കിന്റെ സ്പേസ്എക്സ്, ആമസോണിന്റെ പ്രൊജക്റ്റ് കൈപ്പര്‍ തുടങ്ങിയ കമ്പനികളെ വെല്ലുവിളിക്കാനാണ് അനന്ത് ടെക്നോളജീസിന്റെ തീരുമാനം.
2028ഓടെ ബഹിരാകാശത്ത് നിന്ന് ബ്രോഡ്ബാന്‍ഡ്
100 ജിബിപിഎസ് വരെ ഡാറ്റ കപ്പാസിറ്റി നല്കുന്ന 4 ടണ്‍ ജിയോസ്റ്റേഷണറി സാറ്റലൈറ്റ് ഉപയോഗിച്ച് കമ്പനി 2028 മുതല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്കിത്തുടങ്ങും. ഭൂമിയില്‍ നിന്ന് ഏകദേശം 35,786 കിലോമീറ്റര്‍ ഉയരത്തിലുള്ള ജിയോസ്റ്റേഷണറി ഓര്ബിറ്റിലാവും ഉപഗ്രഹം എത്തിക്കുക. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ സേവനങ്ങള്‍ നല്കാന് ഈ ഉപഗ്രഹത്തിന് സാധിക്കും. തുടക്കത്തില്‍ 3,000 കോടി രൂപയാണ് അനന്ത് പദ്ധതിക്കായി നിക്ഷേപിക്കുക.
സ്റ്റാര്‍ലിങ്ക് (സ്പേസ്എക്സ്), വണ്‍വെബ്, ആമസോണിന്റെ പ്രൊജക്റ്റ് കൈപ്പര്‍ എന്നിവ പോലെയുള്ള അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഭൂമിയോട് ചേര്‍ന്ന ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് ചെറു ഉപഗ്രഹങ്ങള്‍ എത്തിക്കുക. കൂടുതല്‍ വേഗത ഇവ വാഗ്ദാനം ചെയ്യുമ്പോള്‍ കൂടുതല്‍ മേഖലകളില്‍ കവറേജാണ് അനന്തിന്റെ വാഗ്ദാനം. അടിസ്ഥാന സൗകര്യ ചെലവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.