വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി 370 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍ഡിഎ മുന്നണി 400 സീറ്റുകള്‍ മറികടക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
”ഞങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ബിജെപിയെ 370 സീറ്റുകളും എന്‍ഡിഎയെ 400-ലധികം സീറ്റുകളും നല്കി അനുഗ്രഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ഷാ പറഞ്ഞു.
2019-ല്‍ പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി നിയമം (സിഎഎ) ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബന്ധപ്പെട്ട ചട്ടങ്ങള്‍ പുറപ്പെടുവിച്ചതിന് ശേഷം നടപ്പാക്കുമെന്ന് ഷാ പറഞ്ഞു. ആര്‍എല്‍ഡി, ശിരോമണി അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഷാ സൂചിപ്പിച്ചു.
പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഡനത്തിന് ശേഷം ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം നല്കാന് മാത്രമാണ് സിഎഎ ഉദ്ദേശിക്കുന്നത്
‘നമ്മുടെ മുസ്ലീം സഹോദരങ്ങളെ സിഎഎയ്ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്നു. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഡനത്തിന് ശേഷം ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം നല്കാന് മാത്രമാണ് സിഎഎ ഉദ്ദേശിക്കുന്നത്. ഇത് ആരുടെയും ഇന്ത്യന്‍ പൗരത്വം തട്ടിയെടുക്കാനുള്ളതല്ല,’ അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് (യുസിസി) രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും മറ്റുള്ളവരും ഒപ്പുവെച്ച ഭരണഘടനാപരമായ അജണ്ടയാണെന്ന് ഷാ പറഞ്ഞു. പ്രീണനത്തിനായി കോണ്‍ഗ്രസ് അത് അവഗണിച്ചു. ഒരു മതേതര രാജ്യത്തിന് മതാധിഷ്ഠിത സിവില്‍ കോഡുകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.