ഇന്ത്യയിലെ 42 ശതമാനം കടയുടമകളും ഇതിനകം തന്നെ പേടിഎം ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട് കിരാന സ്റ്റോര്‍ ഉടമകളില്‍ നല്ലൊരു ശതമാനവും മറ്റ് മൊബൈല്‍ പേമെന്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി വ്യാഴാഴ്ച പുറത്തിറങ്ങിയ ഒരു സര്‍വേയില്‍ പറയുന്നു.
മറ്റ് പേമെന്റ് ആപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതോ ആയ റീട്ടെയിലര്‍മാരില്‍ ഭൂരിഭാഗം പേരും ഫോണ്‍പേ തിരഞ്ഞെടുത്തതായി സര്‍വേ കാണിക്കുന്നു. ഗൂഗിള്‍ പേയിലേക്ക് 30 ശതമാനം ആളുകളും ഭാരത് പേയിലേക്ക് 10 ശതമാനം ആളുകളുമാണ് എത്തിയിരിക്കുന്നത്.
ജനുവരി 31 നാണ് ആര്‍ബിഐ പേടിഎം പേമെന്റ് ബാങ്കിന് മേല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിന് ശേഷം 68 ശതമാനം ഇന്ത്യന്‍ കിരാന സ്റ്റോറുകള്‍ക്കും പേടിഎമ്മിലുള്ള വിശ്വാസം കുറഞ്ഞെന്ന് സര്‍വേ സൂചിപ്പിക്കുന്നു.
68 ശതമാനം ഇന്ത്യന്‍ കിരാന സ്റ്റോറുകള്‍ക്കും പേടിഎമ്മിലുള്ള വിശ്വാസം കുറഞ്ഞെന്ന് കിരാന ക്ലബ്ബ് സര്‍വേ
കിരാന ക്ലബ് നടത്തിയ സര്‍വേയില്‍ 5000 കടയുകമളാണ് അഭിപ്രായം അറിയിച്ചത്. ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിരോധനം കിരാന സ്റ്റോറുകളില്‍ പേമെന്റിന് തടസ്സം സൃഷ്ടിച്ചേക്കാമെന്നിരിക്കെ, ഇതര പേയ്മെന്റ് ഓപ്ഷനുകള്‍ ലഭ്യമായതിനാല്‍ കടയുടമകള്‍ കൂടുതല്‍ ആശങ്കാകുലരല്ലെന്ന് കിരാന ക്ലബ്ബിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അന്‍ഷുല്‍ ഗുപ്ത പറഞ്ഞു.
ഫെബ്രുവരി 29 മുതല്‍ പേടിഎമ്മിന് കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്. പേടിഎമ്മും ആര്‍ബിഐയും തമ്മില്‍ നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ടെന്നും അതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്വാമിനാഥന് ജെ പറഞ്ഞു. ഇത് പേടിഎം ആപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.