രണ്ടര വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തോളം സംരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കി സംരഭക വര്‍ഷം’ പദ്ധതി. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി വഴി പുതുതായി ആരംഭിച്ച സംരംഭങ്ങളില്‍ ഒരു ലക്ഷത്തിലധികം സംരംഭങ്ങളും മാനുഫാക്ചറിങ്ങ് മേഖലയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2022ല്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒരു ലക്ഷം സംരംഭമെന്ന നേട്ടം കൈവരിച്ച് കേരളത്തിന്റെ വ്യവസായ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി രണ്ടര വര്‍ഷക്കാലത്തിനുള്ളില്‍ നാളിതുവരെ 3,00,227 സംരംഭങ്ങള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ഇതിലൂടെ 19,446.26 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ കടന്നുവന്നു. 6,38,322 പേര്‍ക്ക് ഈ സംരംഭങ്ങളിലൂടെ തൊഴില്‍ ലഭിച്ചു. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ രാജ്യത്തുതന്നെ ഒന്നാമതെത്തി നില്ക്കുന്ന ഘട്ടത്തില്‍ മറ്റൊരു വലിയ നേട്ടം കൂടിയാണ് കേരളത്തിന് കൈവരിക്കാന്‍ സാധിച്ചിരിക്കുന്നത്. 93,000ത്തിലധികം വനിതാ സംരംഭകര്‍ സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നതും ശ്രദ്ധേയമാണ്.
എല്ലാ പഞ്ചായത്തുകളിലും സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായിക്കാന്‍ എക്സിക്യുട്ടീവുകളെ നിയമിക്കുകയും ഹെല്പ് ഡെസ്കുകള്‍ ആരംഭിക്കുകയും ചെയ്തത് സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമായി. ഒപ്പം എം എസ് എം ഇ സംരംഭം ആരംഭിക്കുന്നതിന് 4% പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്കിയതും സംരംഭക ലോകത്തേക്ക് ആളുകളെ ആകര്‍ഷിച്ചു.ബിസിനസ് വളരുന്നതിനുള്ള അനുകൂല സാഹചര്യങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചു വരികയാണ്.
കേരളത്തിലെ എംഎസ്എംഇകളില്‍ നിന്നും തിരഞ്ഞെടുത്ത 1000 എം എസ്സ് എം ഇകളെ നാലു വര്‍ഷത്തിനുള്ളില്‍ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഈ സര്‍ക്കാര്‍ ആരംഭിച്ച മിഷന് 1000 പദ്ധതി മുന്നോട്ടുപോകുകയാണ്. കൂടാതെ സംസ്ഥാനത്തെ എംഎസ്എംഇകള്‍ക്ക് അപകട സാധ്യതകളില്‍ നിന്ന് സാമ്പത്തിക പരിരക്ഷ നല്‍കുന്നതിന് മിനിമം ഇന്‍ഷുറന്‍സ് പരിരക്ഷ നല്കാന്വേണ്ടി എം എസ് എം ഇ ഇന്‍ഷുറന്‍സ് പദ്ധതിയും വ്യവസായവകുപ്പ് ആരംഭിച്ചിട്ടുണ്ട്.