റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് വധഭീഷണി സന്ദേശം അയച്ചതിന് രണ്ട് പേര് അറസ്റ്റില്‍. തെലങ്കാന സ്വദേശിയായ 19 കാരനും മുംബൈ സ്വദേശിയായ 19 കാരനായ ഷബാദ് ഖാനുമാണ് പിടിയിലായത്. മുംബൈ പോലീസ് ക്രൈംബ്രാഞ്ചാണ് അറസ്റ്റ് നടത്തിയത്.
മുകേഷ് അംബാനിക്ക് അഞ്ച് വധഭീഷണി സന്ദേശങ്ങളാണ് ഇ-മെയിലുകളിലൂടെ ഇവര്‍ അയച്ചത്. ആദ്യം 100 കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം എത്തിയത്. അനുകൂല പ്രതികരണം ഉണ്ടാവാഞ്ഞതോടെ തുക 400 കോടിയായി ഉയര്‍ത്തി. ഇതിനും വഴങ്ങാഞ്ഞതോടെ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന മുന്നറിയിപ്പുമായി രണ്ട് സന്ദേശങ്ങള്‍ കൂടി എത്തി.
ഇതിനിടെ മുംബൈ പൊലീസില്‍ അംബാനി പരാതിപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇ-മെയിലുകള്‍ അയക്കാന്‍ ഉപയോഗിച്ച വിപിഎന്‍ നെറ്റ്വര്‍ക്ക് ബെല്‍ജിയത്തില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.
പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പ്രാഥമിക വിലയിരുത്തലില്‍ തമാശയ്ക്ക് ഭീഷണി സന്ദേശം അയച്ചതാണെന്ന് തോന്നുന്നതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും ധനികരായ ബിസിനസുകാരില്‍ ഒരാളായ മുകേഷ് അംബാനിക്ക് ഒക്ടോബര്‍ 27 വെള്ളിയാഴ്ച മുതലാണ് ഒരു ഇ-മെയില്‍ ഐഡിയില്‍ നിന്ന് ഭീഷണി മെയിലുകള്‍ വന്നുതുടങ്ങിയത്.