അഞ്ചു പൈസ നിക്ഷേപമില്ലാതെ തന്നെ വരുമാനത്തിനുള്ള വക കൃഷിയിലൂടെ നേടാം എന്ന് തെളിയിക്കുകയാണ് സുഭാഷ് പലേക്കറുടെ ചെലവ് ഇല്ലാ കൃഷി. സീറോ ബഡ്ജറ്റ് നാച്ചുറല്‍ ഫാമിംഗ് എന്നാണു ഇത് വിശേഷിപ്പിക്കപ്പെടുന്നത്. സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് ക്ളാസുകളുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സജീവമായ സുഭാഷ് പലേക്കര്‍, സീറോബജറ്റ് സ്പിരിച്വല്‍ ഫാമിങ് അഥവാ ചെലവില്ലാത്ത ആത്മീയ കൃഷിയുടെ ഉപജ്ഞാതാവും പ്രചാരകനുമാണ്.

പ്രകൃതിയില്‍ നിന്നും ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പ്രകൃതിക്ക് ഹാനികരമല്ലാത്ത ചെയ്യുന്ന കൃഷി എന്നാണ് ഇതിനര്‍ത്ഥം. പലേക്കറുടെ തിയറി പ്രകാരം ഒരു നാടന്‍ പശുവില്‍ നിന്നു കിട്ടുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പതേക്കര്‍ വരെ സ്ഥലത്ത് കൃഷി ചെയ്യാന്‍ സാധിക്കും. ഏതൊരു കീടനാശിനിയെക്കാളും ഫലപ്രദമാണ് ഇത്. വളം വാങ്ങുന്നതിനുള്ള ചെലവ് ലഭിക്കുമ്പോള്‍ തന്നെ കൃഷി ചെലവില്ലാത്തതായി മാറുന്നു. സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പ്രകാരം നാലുഘട്ടങ്ങളിലൂടെയാണ് കൃഷി കടന്നു പോകുന്നത്. പുനചംക്രമണം, ക്യാപ്പില്ലറി ശക്തി, കാറ്റ്, നാടന്‍ മണ്ണിര എന്നിവയാണ് വളക്കൂറു കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്.
സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിന്റെ കരുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ജീവാമൃതം എന്ന ജൈവവളം. പലേക്കര്‍ തന്റെ കാര്‍ഷിക നിരീക്ഷണത്തിലൂടെ വികസിപ്പിച്ചെടുത്തതാണ് ഇത്. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വര്‍ധിക്കുകയും പ്രകൃത്യാലുള്ള കീട നിയന്ത്രണം നടപ്പാക്കുകയും ചെയ്യുന്നു എന്നാണ് പലേക്കര്‍ തെളിയിക്കുന്നത്. ഇന്ന് കേരളം,തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഒറീസ, തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലായി 55 ലക്ഷത്തിലേറെ ചെറുകിട,വന്‍കിട കര്‍ഷകര്‍ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിലൂടെ മണ്ണ്, വിത്ത്, കൃഷിക്കാരന്റെ അധ്വാനം, ഒരു നാടന്‍ പശു എന്നിവ മാത്രംകൊണ്ട് വരുമാനം കണ്ടെത്തുന്നു.