രതന് ടാറ്റയെന്ന ഇന്ത്യയിലെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട സംരംഭകന്റെ ഉള്ളില്‍ മൃഗസ്നേഹിയായ ഒരു കുട്ടിയുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. കാലിലെ സന്ധിക്ക് പരിക്കേറ്റ തന്റെ പ്രിയപ്പെട്ട നായയുമായി യുഎസിലെ മിനസോട്ട സര്‍വകലാശാലയില്‍ വിദഗ്ധ ചികില്‍സ തേടിപ്പോയിട്ടുണ്ട് രതന് ടാറ്റ. എന്നാല്‍ സമയം വൈകിയതിനാല്‍ നായ പൂര്‍ണസുഖം പ്രാപിച്ചില്ല. ഈ അനുഭവത്തില്‍ നിന്നാണ് ചെറിയ മൃഗങ്ങള്‍ക്കായി ഇന്ത്യയില്‍ ഒരു ലോകോത്തര ആശുപത്രി നിര്‍മിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായത്.
എന്നാല്‍ ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്തു നിന്ന് വിരമിച്ചതിന് ശേഷം മാത്രമാണ് ഈ സ്വപ്നത്തിലേക്ക് ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സമയം ലഭിച്ചത്. 2017 ല്‍ നവി മുംബൈ കേന്ദ്രീകരിച്ച് പ്രഖ്യാപിച്ച പദ്ധതി കോവിഡും മറ്റും മൂലം വൈകി. എന്നിരുന്നാലും ഇന്ത്യയില്‍ ഒരു ലോകോത്തര മൃഗാശുപത്രി തുറക്കുക എന്ന അദ്ദേഹത്തിന്റെ സ്വപ്നം മുംബൈയിലെ മഹാലക്ഷ്മിയിലെ ടാറ്റ ട്രസ്റ്റ്സ് സ്മോള്‍ അനിമല്‍ ഹോസ്പിറ്റലിന്റെ ഉദ്ഘാടനത്തോടെ ഉടന്‍ യാഥാര്‍ത്ഥ്യമാകും.
”ഒരു വളര്‍ത്തുമൃഗം ഇന്ന് ഒരാളുടെ കുടുംബത്തിലെ അംഗത്തില്‍ നിന്ന് വ്യത്യസ്തമല്ല. എന്റെ ജീവിതത്തിലുടനീളം നിരവധി വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷകനെന്ന നിലയില്‍, ഈ ആശുപത്രിയുടെ ആവശ്യകത ഞാന്‍ തിരിച്ചറിയുന്നു,” 86 കാരനായ രതന് ടാറ്റ പറഞ്ഞു.
ബ്രിഹാന്ഡ മുംബൈ മുനിസിപ്പാലിറ്റി പാട്ടത്തിന് നല്കിയ 2.2 ഏക്കര്‍ സ്ഥലത്ത് 165 കോടി രൂപ ചെലവില്‍ അഞ്ച് നിലകളിലായാണ് ടാറ്റ ട്രസ്റ്റ് സ്മോള്‍ അനിമല്‍ ഹോസ്പിറ്റല്‍ നിര്‍മ്മിച്ചത്. 200 മൃഗങ്ങളെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. പൂച്ചകള്‍, നായ്ക്കള്‍ തുടങ്ങി ചെറിയ മൃഗങ്ങള്‍ക്കായുള്ള ആശുപത്രിയാണിത്.
2.2 ഏക്കര്‍ സ്ഥലത്ത് 165 കോടി രൂപ ചെലവില്‍ അഞ്ച് നിലകളിലായാണ് ടാറ്റ ട്രസ്റ്റ് സ്മോള്‍ അനിമല്‍ ഹോസ്പിറ്റല്‍ നിര്‍മ്മിച്ചത്. 200 മൃഗങ്ങളെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്
മുംബൈയിലേക്ക് താമസം മാറിയ ബ്രിട്ടീഷ് മൃഗ ഡോക്ടര്‍ തോമസ് ഹീത്കോട്ട് ആണ് ഡോക്ടര്‍മാരുടെ സംഘത്തെ നയിക്കുക. 24 മണിക്കൂറും മൃഗങ്ങള്‍ക്ക് ചികില്‍സയും പരിചരണവും ലഭ്യമാകും. ഓര്‍ത്തോപീഡിക് സര്‍ജറി അടക്കം നടത്താവുന്ന നാല് ഓപ്പറേഷന് തിയേറ്ററുകള്‍, ഐസിയു, എംആര്‍ഐ, സിടി അള്ട്രാസൗണ്ട സ്കാനുകള്‍ തുടങ്ങി എല്ലാ ആധുനിക സജ്ജീകരണങ്ങളും ഇവിടെ ലഭ്യമാണ്.
തെരുവുനായ്ക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയും ആശുപത്രി കേന്ദ്രീകരിച്ച് സേവനം നല്‍കും. ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനമായ മുംബൈയിലെ ബോംബെ ഹൗസ് കേന്ദ്രീകരിച്ച് തെരുവു നായകളെ പാര്‍പ്പിക്കാനുള്ള ഒരു നായ സംരംക്ഷണ കേന്ദ്രവും രതന് ടാറ്റ മുന്‍കൈ എടുത്ത് ആരംഭിച്ചിരുന്നു.