പശ്ചിമേഷ്യയില്‍ സലബിയ, സുള്‍ബിയ എന്നെല്ലാം അറിയപ്പെടുന്നു ജിലേബി. എങ്ങനെയായിരിക്കും ജിലേബിയുടെ തുടക്കം. പത്താം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് സുള്‍ബിയ എന്ന പേര് ആദ്യമായി പരാമര്‍ശിക്കപ്പെടുന്നത്. മുഹമ്മദ് ബിന്‍ ഹസന് അല്‍ബാഗ്ദാദിയുടെ ‘കിത്താബ് അല്തബീക്കി’ല്‍ വിഭവത്തിന്റെ രുചിക്കൂട്ട് വിശ
ദീകരിക്കുന്നുണ്ട്. റമദാന് പോലുള്ള വിശേഷ അവസരങ്ങളില്‍ വിതരണം ചെയ്യുന്ന പലഹാരമായാണ് ജിലേബിയെ ഈ പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതേ കാലഘട്ടത്തില്‍ രചിക്കപ്പെട്ട അറബിക് പാചകപുസ്തകമായ ‘ഇബ്ന് സയ്യര്‍ അല്വറാക്കി’ലും ജിലേബി അഥവാ സുള്‍ബിയ വിഷയമായിട്ടുണ്ട്.
അല്‍പ്പം വ്യത്യസ്തം
സുള്‍ബിയ ഇപ്പോഴും താര പലഹാരമാണ് ആധുനിക ഇറാനില്‍. ഉല്‍സവ വേളകളില്‍ അവര്‍ക്ക് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത മധുരപലഹാരങ്ങളിലെ മുന്‍നിരക്കാരനാണ് ഇവന്. എന്നാല്‍ നമ്മള് ഇന്ത്യക്കാരുടെ ജിലേബിയില്‍ നിന്ന് അല്‍പ്പം വ്യത്യാസമുണ്ട് സുള്‍ബിയയ്ക്ക്. രൂപത്തിന്റെ കാര്യത്തിലും രുചിക്കൂട്ടിലും ഈ മാറ്റം പ്രകടമാണ്. കൃത്യമായ അളവുകളില്ലാത്ത പുഷ്പ വലയം പോലെയാണ് സുള്‍ബിയയുടെ ചുരുളുകള്‍. ഇന്ത്യക്കാരുടെ ജിലേബി വൃത്താകൃതിയിലുള്ള വലയങ്ങള്‍ പോലെയാണ്. തേനും റോസ് വാട്ടര്‍ സിറപ്പുമാണ് സുള്‍ബിയയെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ നമ്മള് പഞ്ചസാര സിറപ്പാണ് പൊതുവെ ഉപയോഗിക്കുന്നത്.

വ്യാപാരത്തിന്റെയും അധിനിവേശത്തിന്റെയുമെല്ലാം ഫലമായി മധ്യകാലഘട്ടത്തിലാണ് ജിലേബി ഇന്ത്യയിലെത്തുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യക്കാരുടെ ആഘോഷങ്ങളില്‍ ജിലേബി സ്ഥാനം പിടിച്ചു. ജിലേബിയെക്കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ഗ്രന്ഥം പ്രിയംകര്‍ണപകഥയാണ്.
1450ല്‍ ജിനാസുര രചിച്ച ജെയിന് കൃതിയാണിത്. 1600ല്‍ രചിക്കപ്പെട്ട സംസ്കൃത കൃതിയായ ‘ഗുണ്യഗുണബോധിനി’യില്‍ ജിലേബിയുടെ പാചകക്കൂട്ടും അതുണ്ടാക്കുന്ന വിധവും വിവരിക്കുന്നുണ്ട്.
ഉത്തരേന്ത്യയില്‍ ജലേബിയെന്നും ദക്ഷിണേന്ത്യയില്‍ ജിലേബിയെന്നും ബംഗാളിയില്‍ ജിലാപിയെന്നുമെല്ലാം ഈ മധുരപലഹാരം അറിയപ്പെടുന്നു.