തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു ജനവിഭാഗം മുന്നോട്ട് വന്നിരിക്കുകയാണ്. മരട് ക്ഷേത്രത്തിലെ വെടിക്കെട്ടിനുള്ള അനുമതി കലക്റ്റര്‍ സുരക്ഷയെ മുന്‍നിര്‍ത്തി നിഷേധിക്കുക കൂടി ചെയ്തതോടെ വെടിക്കെട്ടുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാകുകയാണ്.
കോടിക്കണക്കിനു രൂപയുടെ ബിസിനസ് നടക്കുന്ന മേഖലയാണ് വെടിക്കെട്ട് വസ്തുക്കളുടെ നിര്‍മാണ വിതരണം. കൃത്യമായി നിയമങ്ങള്‍ പാലിച്ചു നടത്തിയാല്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണിത്. ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവാഘോഷങ്ങളുടെ ഭാഗമായി വെടിക്കെട്ട് നടത്തുന്നതിനുള്ള നിയമവശം ഇങ്ങനെയാണ്….
ഉത്സവത്തിന് 45 ദിവസം മുന്‍പ് വെടിക്കെട്ടനുമതിക്ക് എഡിഎമ്മിന് മുന്‍പാകെ അപേക്ഷ നല്‍കണം. അപേക്ഷ കിട്ടിയ അഞ്ചു ദിവസത്തിനകം പരിശോധന നടത്തും ലൈസന്‍സ് ഇല്ലാത്ത പക്ഷം വെടിക്കെട്ടിന് അനുമതി നല്‍കില്ല. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഫോറം എ.ഇ 6, സ്ഫോടകവസ്തു നിര്‍മ്മാതാവിന്റെ ലൈസന്‍സിന്റെ് പകര്‍പ്(പെസോ അംഗീകാരമുള്ളത്), വെടിക്കെട്ട് നടത്തുന്നതിന് സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന സംഭരണശാലക്ക് പെസോ അനുവദിച്ച ലൈസന്‍സിന്റെ പകര്‍പ്, വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്റെ് വിശദമായ സൈറ്റ് പ്ലാന്‍(എ.3 സൈസ്) ഓണ്‍സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ നിര്‍ബന്ധമാണ്.
ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്താന്‍ എല്‍.ഇ 6 സ്ഫോടകവസ്തു ലൈസന്‍സ് നിര്‍ബന്ധം ആണ്. വെടിക്കെട്ടിന് കൃത്യമായ സമയം രേഖപ്പെടുത്തണം.ജനവാസ കേന്ദ്രങ്ങളില്‍ നിന്നും പരമാവധി അകലം പാലിച്ച് വേണം വെടിക്കെട്ട് നടത്തുവാന്‍. വെടിക്കെട്ട് നടത്തുന്ന സ്ഥലത്തുനിന്ന് കുറഞ്ഞ 100 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് നിര്‍മ്മിക്കുക. 200 മീറ്റര്‍ ചുറ്റളവില്‍ വീട് – കെട്ടിടം – സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ ഉടമസ്ഥരുടെ സമ്മതപത്രം വാങ്ങണം. ശബ്ദം കുറഞ്ഞതും വര്‍ണപൊലിമയുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് അപകടരഹിതമായി വെടിക്കെട്ട് നടത്താന്‍ ശ്രദ്ധിക്കണം.
ലൈസന്‍സിയില്‍ അനുവദിച്ച പരിധിയില്‍ കൂടുതല്‍ അളവില്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനോ ഉപയോഗിക്കാനോ പാടില്ല. നിര്‍മാതാക്കള്‍ ഒരേ ദിവസം തന്നെ ഒന്നില്‍ കൂടുതല്‍ പരിപാടികള്‍ ഏറ്റെടുക്കരുത്.നിര്‍മാണത്തിന് നിരോധിത വസ്തുക്കള്‍ ഉപയോഗിക്കരുത്. പ്രദര്‍ശന സ്ഥലത്ത് അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ അളവില്‍ വെടിമരുന്ന് – പടക്കങ്ങള്‍ – സംഭരിക്കാന്‍ പാടില്ല. മാത്രമല്ല, നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതുമായ സ്ഫോടക വസ്തുകളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്തുകയും വേണം.