ഹിമവാന്റെ മടിത്തട്ടില്‍ ഏഴ് ദിനരാത്രങ്ങള്‍-2
ഡോ. ജീവന് സുധാകരന്
ഈ കഥയില്‍ ബാറ്റ ഫെതര്‍ലൈറ്റിന് എന്താണ് കാര്യമെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം! സത്യത്തില്‍ അത് തന്നെയാണ് യാത്രയുടെ കാരണം. ഫെതര്‍ലൈറ്റ് ബാറ്റയില്‍ നിന്നുള്ള ഒരു ‘വര്‍ക്ക് ഹോഴ്സ്’ ചെരിപ്പാണ്. ലാളിത്യമുള്ള, ന്യായമായ വിലയില്‍ ലഭ്യമായ ചെരിപ്പ്. അധികം ഫാന്‍സിയല്ല, മിന്നിത്തിളങ്ങുന്നതല്ല! ബാറ്റയില്‍ നിന്നുള്ള ഈ ലളിതമായ, പ്രവര്‍ത്തനക്ഷമതയുള്ള ചെരിപ്പ് ധരിച്ചിരുന്ന മൂന്ന് പേരെ എനിക്കറിയാം. ഒരാള്‍ ഐഎഎസ് ഓഫീസര്‍, രണ്ടാമന് ലക്ഷദ്വീപിലെ എന്റെ സുഹൃത്ത്, മൂന്നാമന് എന്റെ ഹൃദയവും ആത്മാവും ആയിരുന്നു, അരുണ്‍.

ഐഎഎസ് ഓഫീസര്‍ ഇപ്പോള്‍ കേരള സര്‍ക്കാരിലെ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ മുഹമ്മദ് ഹനീഷ്, ലക്ഷദ്വീപില്‍ നിന്നുള്ള പരിസ്ഥിതി-വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് എന്റെ സുഹൃത്ത് ശ്രീ അബ്ദുള്‍ റഹീം. മൂന്നാമന് എന്റെ സഹോദരന് അരുണ്‍. ഈ മൂന്ന് പേരുടെയും പൊതുവായ ഗുണം ലാളിത്യമാണ്. അവരെ സംബന്ധിച്ചിടത്തോളം ഒരു ഫാഷന്‍ സ്്റ്റേറ്റ്മെന്റിനേക്കാള്‍ കാലിന്റെ സംരക്ഷണത്തിനുള്ള ഒരു ഉപാധി മാത്രമാണ് ചെരിപ്പ്. അരുണ്‍ മരിച്ചപ്പോള്‍ അവന്റെ ചെരിപ്പുകള്‍ അനാഥമായി. അവയെ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
മരിച്ചുപോയ നിങ്ങളുടെ കുടുംബാംഗങ്ങളില്‍ ഒരാളുടെ ആഗ്രഹങ്ങളടങ്ങിയ ‘ബക്കറ്റ് ലിസ്റ്റ്’ നിങ്ങള്‍ നിറവേറ്റുമ്പോള്‍, അവന്റെ ആത്മാവ് നിങ്ങളോടൊപ്പമുണ്ടെന്ന് നിങ്ങള്‍ എങ്ങനെ ഉറപ്പാക്കും? എന്നെ സംബന്ധിച്ചിടത്തോളം അത് അവന്റെ ബാറ്റ ഫെതര്‍ലൈറ്റ് ചെരിപ്പായിരുന്നു. എന്റെ ബാക്ക് പാക്കിലേക്ക് ആദ്യം പോയത് അവന്റെ ചെരിപ്പുകളാണ്. അക്കാര്യം ആരും അറിയരുത് എന്ന് ഞാന്‍ ഉറപ്പിച്ചു. അത് എന്റെ ക്യാബിന് ബാഗേജായി എന്റെ കൂടെ വന്നു. ബൈക്ക് യാത്രയിലുടനീളം ചെരിപ്പുകള്‍ ഞങ്ങളെ അനുഗമിച്ചു.
യാത്ര തുടങ്ങുമ്പോള്‍ ഞങ്ങളുടെ അഞ്ചംഗ ടീമിന് 4 ബൈക്കുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ മൂന്നുപേരും സോളോ റൈഡര്‍മാരായിരുന്നു. 14 വയസ്സ് മാത്രം പ്രായമുള്ളതിനാല്‍ ഗോവിന്ദ് എന്റെ പിന്നിലിരുന്നു. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ ഇനിയും 4 വര്‍ഷം കൂടി ബാക്കിയുണ്ട്. എന്റെ ബാക്ക് പാക്ക്, സഹോദരന്റെ മൂത്ത മകന് ആദിത്യയുടെ പുറകിലേക്ക് പോയി. ബാഗിലെ ‘പൂജ്യവസ്തു’വിനെക്കുറിച്ച് കുട്ടി അറിഞ്ഞിരുന്നില്ല.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡുകളിലൊന്നായ ഖര്‍ദുംഗ്ല ചുരത്തില്‍ എത്തിയപ്പോള്‍ ബാഗില്‍ ഒരു പ്രത്യേകതയുണ്ടെന്നും അത് ഇവിടെ കൊണ്ടുവരിക എന്നതായിരുന്നു എന്റെ യാത്രയുടെ ഉദ്ദേശമെന്നും ഞാന്‍ ടീമിനോട് പറഞ്ഞു! ബാഗ് തുറന്ന് പാക്കറ്റ് പുറത്തെടുത്തു. ടീം അംഗങ്ങളെയും ഞങ്ങളുടെ ടീം ലീഡറായ സാക്കിര്‍ ഭായിയെയും അമ്പരപ്പിച്ചുകൊണ്ട് ഞാന്‍ അത് അഴിച്ചു. സാക്കിര്‍ എന്നോട് ഹിന്ദിയില്‍ ‘യേ ക്യാ ഹെ ജി’ എന്ന് ചോദിച്ചു.
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ‘സാക്കിര്‍ ഭായ്, യേ മേരാ ഛോട്ടാ ഭായ് കാ ഹേ. വോ ഏക് സാല് പെഹലേ ചലാ ഗയാ,’ (സാക്കിര്‍ ഭായ്, ഇത് ഒരു വര്‍ഷം മുമ്പ് അന്തരിച്ച എന്റെ ഇളയ സഹോദരന്റേതാണ്).അത് പറഞ്ഞു തീര്‍ന്നപ്പോഴേക്കും ഞാന്‍ വികാരാധീനനായി, ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ഉയരങ്ങളില്‍, നിങ്ങള്‍ സാധാരണയായി ശ്വസിക്കുമ്പോള്‍ പോലും ഓക്സിജന്റെ അഭാവം അനുഭവപ്പെടും.
ഇരുപതുകളിലെവിടെയോ പ്രായമുള്ള സാക്കിര്‍ ഭായ് എന്നെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതിനിടയില്‍ പറഞ്ഞു, ‘രോനാ മത്. യേ അള്ളാ കാ ഇച്ഛാ ഥാ. ബസ് ആപ് ലോഗ് ഭായ് കാ ഇച്ഛാ പൂരാ കിയാ നാ?’ (കരയരുത്. ഇത് ഈശ്വരന്റെ ഇച്ഛയാണ്. നിങ്ങള്‍ സ്വന്തം സഹോദരന്റെ അഭിലാഷം പൂര്‍ത്തീകരിച്ചല്ലോ?).
സാഹചര്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അത് കൈകാര്യം ചെയ്യുകയും ചെയ്യുക എന്നതാണ് നേതൃത്വം എന്ന് ഞാന്‍ മനസ്സിലാക്കിയ മറ്റൊരു സന്ദര്‍ഭം. എന്റെ വീട്ടില്‍ ആ ഫെതര്‍ലൈറ്റ് സുരക്ഷിതമായി വെച്ചിട്ടുണ്ട്. അടുത്ത യാത്രയ്ക്കായി കാത്തിരിക്കുന്നു. ദൈവേച്ഛയുണ്ടെങ്കില്‍ ഞങ്ങള്‍ ഉടന്‍ അത് പൂര്‍ത്തിയാക്കും.
(തുടരും)