സ്വഅനുഭവങ്ങളുടെ തുറന്നുപറച്ചിലുകളാണ് യൂടേണില്‍ ഡോ. എ വി അനൂപ് നടത്തുന്നത്. ലാളിത്യവും നൈര്‍മല്യവും നിഷ്കളങ്കതയുമാണ് ആഖ്യാനശൈലി. വലിയൊരു ബിസിനസ് ഗ്രൂപ്പിന്റെ സാരഥ്യം വഹിക്കുമ്പോഴും എഴുത്തിലേക്ക് കൂടി കടക്കുകയെന്ന ശ്രമകരമായ ദൗത്യം ലളിതമായി നിര്‍വഹിച്ചിരിക്കുകയാണ് അദ്ദേഹം. യൂടേണ്‍ അടിസ്ഥാനപരമായി ഡോ. എ വി അനൂപിന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കലാണ്. എന്നാല്‍ ഒരു മേഖലയിലേക്കും പരിമിതമല്ല അത്. ബിസിനസുകാരനാണെങ്കിലും സ്റ്റാര്‍ട്ടപ്പ് സംരംഭകനാണെങ്കിലും സാധാരണക്കാരനാണെങ്കിലുമെല്ലാം ഈ പുസ്തകം അവരുടെ മുന്നോട്ടുള്ള ജീവിതത്തിന് ഉള്‍ക്കാഴ്ച്ച പകരുന്നു. സ്വയം ഉള്ളിലേക്ക് തിരിയുന്നതിന് ഓരോരുത്തരെയും പ്രേരിപ്പിക്കുകയും ചെയ്യുന്നു…
സാധാരണക്കാരനായ ഒരു മനുഷ്യന്, സംരംഭകന്, ബിസിനസ് നേതാവ്, സംഘാടകന്‍, സാംസ്കാരിക പ്രവര്ത്തകന്, സിനിമ നിര്‍മാതാവ്, നടന് എന്നിങ്ങനെ വിവിധറോളുകളില്‍ താന്‍ സഞ്ചരിച്ച ജീവിതത്തിലെ രസകരവും കഠിനവും പ്രചോദനാത്മകവുമായ അനുഭവങ്ങളും ഓര്‍മകളുമെല്ലാം പങ്കുവെക്കുകയാണ് ഡോ. എ വി അനൂപ്, യൂ ടേണ്‍ എന്ന പുസ്തകത്തിലൂടെ. കുസൃതിക്കാലം മുതല്‍ ഒരു കോര്‍പ്പറേറ്റ് നായകനിലേക്കുള്ള തന്റെ വളര്‍ച്ചയും അഭിനയം പോലുള്ള വ്യക്തിപരമായ അഭിനിവേശങ്ങളിലേക്കുള്ള യാത്രയുമെല്ലാം യൂടേണില്‍ എ വി അനൂപ് കൃത്യമായി ഓര്‍ത്തെടുക്കുന്നുണ്ട്.

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുമായുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്ന കുറിപ്പുകളും ഹൃദ്യമാണ്.
ജീവിതത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് എ വി അനൂപ് പുസ്തകത്തില്‍ വിവരിക്കുന്നത്. എങ്കിലും ഒരു സംരംഭകനെന്ന നിലയില്‍ ബിസിനസില്‍ അദ്ദേഹം നേടിയ ഉള്ക്കാഴ്ച്ചകള്ക്കായി ഒരധ്യായം തന്നെ നീക്കിവച്ചിട്ടുണ്ട്. നവസരംഭകര്‍ക്കും വ്യവസ്ഥാപിത ബിസിനസുകാര്‍ക്കുമെല്ലാം ഉണര്‍വേകുന്ന മികച്ച ഉള്ളടക്കം അതില്‍ കാണാം.
കച്ചവടത്തിലെ സമാധാനം
വലിയൊരു ബിസിനസ് ഗ്രൂപ്പിന്റെ സാരഥിയാണെങ്കിലും ബിസിനസില്‍ സമാധാനമില്ലെങ്കില്‍ ഒന്നിലും കാര്യമില്ലെന്ന ചിന്താഗതിയാണ് അനൂപിന്റേത്. മനസമാധാനം നഷ്ടപ്പെടുത്തുന്നതോ ഉറക്കം കളയുന്നതോ ആയ ഒരു കച്ചവടത്തേയും താന്‍ പ്രോല്‍സാഹിപ്പിക്കില്ലെന്നാണ് ‘ബിസിനസ് ചില പാഠങ്ങള്‍’ എന്ന അധ്യായത്തിലൂടെ അനൂപ് പറയുന്നത്. മെഡിമിക്സിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിവരിച്ച് തന്റെ ബിസിനസ് ഫിലോസഫി വ്യക്തമാക്കുന്നുണ്ട് അദ്ദേഹമിതില്‍. ഒരു ബഹുരാഷ്ട്ര കമ്പനി ഒരിക്കല്‍ മെഡിമിക്സിനെ വിഴുങ്ങാന്‍ വന്നു.
വന്‍കിട കമ്പനിയുടെ ചെയര്മാന് തന്നെയായിരുന്നു മെഡിമിക്സിനെ സമീപിച്ചത്. എത്ര പണം വേണമെങ്കിലും നല്‍കാനും അവര്‍ തയാറായിരുന്നു. എന്നാല്‍ തങ്ങള്‍ പറഞ്ഞ മറുപടി ഇതായിരുന്നുവെന്ന് അനൂപ്: ഇത് അനേകം പേരുടെ ജീവിതം കൂടിയാണ്. ഞങ്ങള്‍ക്ക് മെഡിമിക്സുമായുള്ള ബന്ധം ഉപേക്ഷിക്കാനാവില്ല. വെറും ലാഭമുണ്ടാക്കുക മാത്രമല്ല ലക്ഷ്യം.’ പണം വിലപിടിച്ച വസ്തുവാണെന്നും എന്നാല്‍ ജീവിത മൂല്യങ്ങളുമായി ചേരുമ്പോഴാണ് അതിന് അമൂല്യത കൈവരുന്നതെന്നുമാണ് എ വി അനൂപിന്റെ പക്ഷം.

സൈക്കിളില്‍ സോപ്പുകളുമായി പോയിരുന്ന കാലവും കടം നല്കാന് തായാറാകത്ത ബിസിനസ് രീതിയും മെഡിമിക്സിന്റെ ആദ്യകാല ബ്രാന്‍ഡിംഗുമെല്ലാം യൂടേണില്‍ അനൂപ് വിവരിക്കുന്നുണ്ട്. ദേവാലയത്തിലെ ആഘോഷങ്ങളില്‍ വിതരണം നടത്താനായി ആരാധനമൂര്‍ത്തികളുടെ ചിത്രങ്ങള്‍ അച്ചടിച്ച്, ആ കാര്‍ഡുകളുടെ മറുവശത്തായി സോപ്പിന്റെ പരസ്യവും ആലേഖനം ചെയ്തുള്ള പ്രചരണ രീതിയായിരുന്നു തുടക്കത്തില്‍ മെഡിമിക്സ് പിന്തുടര്ന്നത്. ദൈവങ്ങളുടെ ചിത്രമുള്ളതിനാല്‍ മിക്ക ആളുകളും ആ കാര്‍ഡുകള്‍ കളയില്ല എന്നതായിരുന്നു ഇതിന് പിന്നിലെ യുക്തി. സോപ്പിന്റെ പ്രചരണത്തില്‍ അത് വലിയ കുതിപ്പുണ്ടാക്കിയെന്ന് മെഡിമിക്സ് സാരഥി ഓര്‍ത്തെടുക്കുന്നു.

രാമു കാര്യാട്ട് സംവിധാനം ചെയ്ത, എ ആര് റഹ്മാന് സംഗീത സംവിധാനം നിര്‍വഹിച്ച, പി സൂശീല പാടിയ മെഡിമിക്സിന്റെ ആദ്യ പരസ്യചിത്രമെല്ലാം യൂടേണില്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്. അന്ന് എ ആര് റഹ്മാന് ദിലീപായിരുന്നു. പി സുശീല ആദ്യമായും അവസാനമായും ഒരു കച്ചവട പരസ്യത്തിന് വേണ്ടി പാട്ടുപാടിയതും മെഡിമിക്സിന് വേണ്ടിയായിരുന്നു. അങ്ങനെ ചരിത്രപരമായ പ്രാധാന്യം തന്നെ കൈവന്ന പരസ്യമാണത്. രാഷ്ട്രപതിഭവന്റെ ഔദ്യോഗിക സോപ്പും വീരപ്പന്റെ സ്വകാര്യ സോപ്പും മെഡിമിക്സായ കഥയെല്ലാം രസകരമായി പുസ്തകത്തില്‍ പറയുന്നുണ്ട് അദ്ദേഹം.

ബിസിനസിന്റെ വിജയം എന്നത് വാര്‍ഷികവരുമാനത്തിലും ലാഭത്തിലും മാത്രം ഒതുങ്ങി നില്ക്കുന്ന സംഗതിയല്ലെന്നും, സമാധാനത്തോട് കൂടി എന്നും 7 മണിക്കൂറെങ്കിലും ഉറങ്ങാന്‍ സാധിക്കുന്ന ഒരാളാണ് യഥാര്‍ത്ഥ വിജയിയെന്നുമാണ് തന്റെ ജീവിത അനുഭവങ്ങളുടെ വെളിച്ചത്തില്‍എ വി അനൂപ് പറയുന്നത്. പ്രതിസന്ധികളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് പ്രതീക്ഷാനിര്‍ഭരമായി മുന്നേറുകയും വിജയം കൈവരിക്കുകയും ചെയ്ത ഒരു പ്രതിഭാശാലിയുടെ പ്രചോദനപ്രദമായ ജീവിതമുഹൂര്‍ത്തങ്ങളും അത്ഭുതകരമായ അനുഭവങ്ങളുമാണ് യൂടേണിലൂടെ ഡോ. എ വി അനൂപ് പറയുന്നത്. ആത്യന്തികമായി അവനവനിലേക്ക് തന്നെ തിരിയാനുള്ള ഒരാഹ്വാനം കൂടിയാണ് യൂടേണ്‍.