നമ്മള് ആവശ്യപ്പെടാതെ തന്നെ വായ്പകള്‍ നല്കാന് തയ്യറായി എത്തുന്ന ഓണ്‍ലൈന്‍ ലോണ്‍ ദാതാക്കളില്‍ ധാരളം തട്ടിപ്പുകള്‍ ഉണ്ടാകാറുണ്ടെന്നത് എല്ലാവര്ക്കും അറിയാം. എന്നിട്ടും ഈ കുഴിയില്‍ ചെന്ന് ചാടുന്നവര്‍ നിരവധിയാണ്. മനസ് വച്ചാല്‍ ഈ വായ്പകള്‍ ഒരു കെണിയാണോ എന്ന് മനസിലാക്കാന്‍ കഴിയും. വായ്പ ലഭിക്കുന്നതിനായി മുന്‍കൂര്‍ ഫീസ്, ക്രെഡിറ്റ് സ്കോര്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ വായ്പ നല്‍കാമെന്ന ഉറപ്പ് എന്നിവയാണ് ലോണ്‍ തട്ടിപ്പിന്റെ ആദ്യപടി.
വായ്പ എടുപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍, വായ്പ വാഗ്ദാനം ചെയ്യുന്നവരുടെ സുതാര്യതക്കുറവ്, എന്നിവയൊക്കെ രണ്ടാം ഘട്ടമെന്ന നിലയില്‍ പരിശോധിക്കാവുന്നതാണ്. ഇത്തരത്തില്‍ ആപ്പുകള്‍ മുഖാന്തിരം ലോണ്‍ എടുത്താല്‍, പണം ഉടന്‍ അടച്ചില്ലെങ്കില്‍ ഫോണിലൂടെ ഭീഷണിയും വായ്പയെടുത്തയാളുടെയും കുടുംബാംഗങ്ങളുടെയും ഡീപ്പ് ഫേക്ക് ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യും
ചില ആപ്പുകള്‍ പ്രോസസിംഗ് ചാര്‍ജ് ഈടാക്കിയ ശേഷം വായ്പ പോലും ലഭ്യമാക്കില്ല. വായ്പക്കായി നല്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്നതാണ് മറ്റൊരു വസ്തുത.അപേക്ഷിക്കാനോ വേഗത്തില്‍ തീരുമാനമെടുക്കാനോ സമ്മര്‍ദ്ദം ചെലുത്തുന്നതും തട്ടിപ്പിന്റെ മറ്റൊരു രീതിയാണ്. വ്യക്തിഗത വിവരങ്ങള്‍ നല്‍കാതിരിക്കുക എന്നതാണ് ഉചിതം.
വ്യക്തിഗത വിവരങ്ങള്‍ കൈമാറിയാല്‍ ഒരു പക്ഷേ ഇടപാടുകാര്‍ അറിയാതെ പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും മറ്റു പ്രതിസന്ധികള്‍ ഉണ്ടാകാനും സാദ്ധ്യതകളുണ്ട്. നിയമത്തിന്റെ വഴി സാമ്പത്തിക തട്ടിപ്പ് നേരിടേണ്ടി വന്നാല്‍ രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പ്രാഥമിക പ്ലാറ്റ്ഫോമായ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലുമായി ബന്ധപ്പെടണം.