പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നങ്ങളിലൊന്നായ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. സുപ്രധാനമായ ഒരു നാഴിക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് പദ്ധതി. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര നാഗര്‍ ഹവേലി എന്നിവിടങ്ങളിലായി വ്യാപിച്ചിരിക്കുന്നതാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി എന്നറിയപ്പെടുന്ന മുംബൈ-അഹമ്മദാബാദ് റെയില്‍ ഇടനാഴി. ഇതുമായി ബന്ധപ്പെട്ട 100 ശതമാനം ഭൂമി ഏറ്റെടുക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി നാഷണല്‍ ഹൈ-സ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) പ്രഖ്യാപിച്ചു.
പദ്ധതിക്ക് ആവശ്യമായ 1389.49 ഹെക്ടറും ഏറ്റെടുത്തു. ജപ്പാനിലെ ഷിന്‍കാന്‍സെന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അതിവേഗ റെയില്‍ പാത മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പ്രോജക്റ്റാണിത്.
ഗുജറാത്തിലെ വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, ആനന്ദ്, വഡോദര, അഹമ്മദാബാദ്, സബര്‍മതി എന്നിവിടങ്ങളിലെ അതിവേഗ റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ജപ്പാനില്‍ നിന്ന് 88,000 കോടി രൂപയുടെ ധനസഹായത്താല്‍, 1.10 ലക്ഷം കോടി രൂപ മുതല്‍മുടക്കില്‍ വരുന്ന പദ്ധതി, ഭൂമി ഏറ്റെടുക്കല്‍ പ്രശ്നങ്ങള്‍ കാരണം കാലതാമസം നേരിടുകയായിരുന്നു. ദക്ഷിണ ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയില്‍ ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ ഘട്ടം 2026 ഓടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.