ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ റിഫൈനിംഗ് കോംപ്ലക്സ് മുതല്‍ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍ വരെയുള്ള ബിസിനസുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൃഷ്ടിച്ച ശതകോടീശ്വരനാണ് മുകേഷ് അംബാനി. എന്നാല്‍ അതുകൊണ്ടൊന്നും അദ്ദേഹമോ റിലയന്‍സ് ഇന്‍ഡസ്ട്രീസോ തൃപ്തരല്ല.
ലോകത്തിലെ ഏറ്റവും മികച്ച 10 ബിസിനസ്സ് കൊംഗ്ലോമറേറ്റുകളില് റിലയന്‍സ് ഇടം പിടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്രൂപ്പിന്റെ സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ ജന്മദിനമായ റിലയന്‍സ് ഫാമിലി ഡേയില്‍ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.
ഡിജിറ്റല്‍ ഡാറ്റ പ്ലാറ്റ്ഫോമുകളിലും നിര്‍മിത ബുദ്ധിയുടെ വിന്യാസത്തിലും ലോകത്ത് പ്രധാനപ്പെട്ട ശക്തിയായി മാറാനുള്ള ശ്രമമാണ് റിലയന്‍സ് നടത്തുന്നത്. ഇന്ന്, ആഭ്യന്തരവും ആഗോളവുമായ ബിസിനസ് അന്തരീക്ഷം വളരെ വേഗത്തില്‍ മാറുകയാണ്. അലംഭാവത്തിന് ഇടമില്ല-അദ്ദേഹം പറഞ്ഞു. ‘റിലയന്‍സ് മുന്‍കാലങ്ങളില്‍ ഒരിക്കലും സംതൃപ്തരായിരുന്നില്ല, ഭാവിയില്‍ റിലയന്‍സ് ഒരിക്കലും സംതൃപ്തരാകില്ല. നിരന്തരമായ നവീകരണത്തിലൂടെയും പുതിയ മാറ്റങ്ങളിലൂടെയും വിപണിയെ ഉടച്ചുവാര്‍ക്കുകയാണ് റിലയന്‍സ് ചെയ്തത്, അത് ഇനിയും തുടരും.
മുംബൈയിലെ ഒരു ചെറിയ ടെക്സ്റ്റൈല്‍ നിര്‍മ്മാണ യൂണിറ്റില്‍ നിന്നായിരുന്നു റിലയന്‍സിന്റെ തുടക്കം. പിന്നീട് പെട്രോകെമിക്കല്‍സിലേക്ക് കടന്നു. അത് പിന്നീട് ഒരു എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നതിലേക്ക് വഴിവെച്ചു. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുകയും ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ലൊക്കേഷന്‍ എണ്ണ ശുദ്ധീകരണ സമുച്ചയമായി വികസിപ്പിക്കുകയും ചെയ്തു.
2005-ല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് റീട്ടെയില്‍ മേഖലയില്‍ പ്രവേശിച്ചു, ഇപ്പോള്‍ രാജ്യത്തെ പലചരക്ക് കടകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ റീട്ടെയില്‍ എന്നിവയുടെ ഏറ്റവും വലിയ ഓപ്പറേറ്ററാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്-അംബാനി പറഞ്ഞു. 2016ലാണ് ടെലികോം സേവനമായ ജിയോ ആരംഭിച്ചത്, അത് അതിവേഗം ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം ഓപ്പറേറ്ററായും മാറി.
ഇന്ന്, റിലയന്‍സ് സംശുദ്ധ ഊര്‍ജ്ജ ബിസിനസുകള്‍ക്കായി ഗിഗാ സ്കെയില്‍ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നു, കൂടാതെ സാമ്പത്തിക സേവനങ്ങളിലേക്കും കടന്നിരിക്കുന്നു-അംബാനി പറഞ്ഞു.