ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വന്മാരുള്ള പ്രധാനപ്പെട്ട നഗരങ്ങള്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ക്കറിയുമോ? ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവും അധികം ബില്യണര്മാരുള്ളത്. ഫോബ്സ് ഇന്ത്യ റിച്ച് ലിസ്റ്റ് 2023 ലെ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ഏറ്റവും സമ്പന്നരായ 100 പേരില്‍ ഉള്‍പ്പെടുന്ന 33 ബില്യണര്മാരാണ് ഇവിടെയുള്ളത്. മുകേഷ് അംബാനി, കുമാര്‍ മംഗളം ബിര്‍ല, രാധാകൃഷ്ണന് ദമാനി, ദിലീപ് സംഘ്വി, ബജാജ് കുടുംബം തുടങ്ങിയവരെല്ലാം താമസിക്കുന്നത് മുംബൈയിലാണ്.
രണ്ടാം സ്ഥാനത്തുള്ളത് ഡല്‍ഹിയാണ്. 20 ബില്യണര്മാരാണ് ഡല്‍ഹിയിലുള്ളത്. ദീര്‍ഘകാലമായി അതിസമ്പന്നരെ ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയിലുണ്ട് രാജ്യതലസ്ഥാനം. സാവിത്രി ജിന്‍ഡാല്‍, സുനില്‍ മിത്തല്‍, ശിവ് നാടാര്‍, കുഷല്‍ പാല് സിങ് ഉള്‍പ്പെടെയുള്ള ബില്യണര്‍മാരുടെ സ്വദേശം ഡല്‍ഹിയാണ്.
100 ബില്യണര്‍മാരില്‍ 10 പേര് താമസിക്കുന്ന ബെംഗളൂരുവാണ് മൂന്നാം സ്ഥാനത്തുള്ളത്. അസിം പ്രേംജി, എന്‍ആര്‍ നാരായണ മൂര്‍ത്തി, നന്ദന് നിലേകനി തുടങ്ങിയവരുടെ സ്വദേശം ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവാണ്. ഐടി ഇന്‍ഡസ്ട്രിയുടെ നേതൃനിരയിലുള്ളവരാണ് ഇവര്‍.
ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാണ ഹബ്ബുകളിലൊന്നായ അഹമ്മദാബാദാണ് ഈ നിരയില്‍ നാലാം സ്ഥാനത്തുള്ളത്. 7 ബില്യണര്മാരാണ് ഇവിടെ താമസിക്കുന്നത്. നിര്‍മ്മാണ വ്യവസായത്തിലാണ് ഇവിടുത്തെ ബില്യണര്‍മാരുടെ വേരുകള്‍ ഉള്ളത്. ഗൗതം അദാനി, ഹാഷ്മുഖ് ചുട്ഗാര്, കര്‍സന്‍ഭായ് പട്ടേല്‍, പങ്കജ് പട്ടേല്‍ തുടങ്ങിയവരുടെ സ്വദേശം അഹമ്മദാബാദാണ്.
നാല് ബില്യണര്‍മാര്‍ വീതമുള്ള പൂനെയും ഹൈദരാബാദുമാണ് ഈ നിരയില്‍ അഞ്ചാം സ്ഥാനത്തുള്ളത്. സൈറസ് പൂനാവാല, ബാബ കല്യാണി, റെഡ്ഡി കുടുംബം, മുരളി ദിവി എന്നിവരാണ് പൂനെയിലെയും ഹൈദരാബാദിലെയും പ്രമുഖ ബില്യണര്‍മാര്‍.
ഈ നിരയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നത് കൊല്‍ക്കത്തയാണ്. 3 ബില്യണര്മാരാണ് ഇവിടെയുള്ളത്. മറ്റ് പ്രമുഖ ബില്യണര്‍മാര്‍ ലണ്ടനിലും യുഎഇയിലും താമസിക്കുന്നവരാണ്. ഹിന്ദുജ കുടുംബവും ലക്ഷ്മി മിത്തലും ലണ്ടനില്‍ താമസിക്കുന്നു. രേണുക ജഗ്തിയാനിയും രവി പിള്ളയും ദുബായ് നിവാസികളാണ്.
മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. ഇന്ത്യയിലെ അമ്പതാമത്തെ സമ്പന്നനായ ജോയ് ആലുക്കാസ് തന്റെ താമസത്തിനും കമ്പനി ഹെഡ്ക്വാര്ട്ടേഴ്സിനുമായി തെരഞ്ഞെടുത്തത് കൊച്ചിയും തൃശ്ശൂരുമാണ്. കൂടാതെ, ലുലു ഇന്റര്‍നാഷണലിന്റെ ചെയര്മാന് എം എ യൂസഫലിയും താമസത്തിനും കമ്പനി ഹെഡ്ക്വാര്ട്ടേഴ്സിനുമായി തെരഞ്ഞെടുത്തിരിക്കുന്ന നഗരം കൊച്ചിയാണ്.