ഫ്ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപകനും ശതകോടീ ശ്വരനുമായ ബിന്നി ബന്‍സാല്‍ എഐ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ പോകുന്നു. സ്റ്റാര്‍ട്ട് അപ്പിന്റെ പ്രധാന പ്രവര്‍ത്തനം ബംഗലൂരു കേന്ദ്രീകരിച്ചായിരിക്കുമെങ്കിലും സിംഗപ്പൂര്‍ ആയിരിക്കും ആസ്ഥാനം. ഭാവിയില്‍ യുഎസ്സിലേക്കും വിപുലീകരിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
പുതുസംരംഭത്തിനായി ബന്‍സാല്‍ 15 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സയന്റിസ്റുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ പേരെ ഇനിയും ഉള്‍പ്പെടുത്തിയേക്കും. കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് എ ഐ ടാലന്റും ഉല്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാനാണ് സംരംഭത്തിലൂടെ ബന്‍സാല്‍ ഉദ്ദേശിക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡിന്റെയും ഇന്‍ഫോസിസിന്റെയും ബിസിനസ്സ് മാതൃക പിന്തുടരാനാണ് ബന്‍സാല്‍ ലക്ഷ്യമിടുന്നത്.
ലോകമെമ്പാടുമുള്ള കമ്പനികള്‍ എഐ പരമാവധി പ്രയോജനപ്പെടുത്താന്‍ നോക്കുകയാണ്. ചാറ്റ് ജിപിടി പോലുള്ള പുതിയ ടൂളുകള്‍ എഐ പ്രോത്സാഹിപ്പിക്കാനുള്ള പ്രചോദനമാവുകയും ചെയ്യുന്നു.
ഇംഗ്ലീഷില്‍ നൈപുണ്യമുള്ള ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് പുതിയ തരം എ ഐ സര്‍വീസുകള്‍ക്കായി പരിശീലനം നല്‍കാനാണ് ബന്‍സാല്‍ ലക്ഷ്യമിടുന്നത്. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഡാറ്റ സയന്‍സ്, അനാലിറ്റിക്സ് എന്നീ മേഖലകളിലും സേവനം നല്കാന് സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയിടുന്നു. 2024ന്റെ രണ്ടാം പകുതി ആകുമ്പോഴേക്കും ഉല്പന്നങ്ങളും സേവനങ്ങളും പുറത്തിറക്കാനാണ് സ്റ്റാര്‍ട്ട് അപ്പ് ലക്ഷ്യമിടുന്നത്.