ഫെറാറി കാറിന് അത്ര ആഡംബരം പോരെന്നു പറഞ്ഞൊരു ട്രാക്ടര്‍ നിര്‍മാതാവ് സ്വന്തമായി ഒരു വാഹനം നിര്‍മിക്കുന്നു. നിര്‍മിച്ച വര്‍ഷം ടൂറിന് ഓട്ടോ ഷോയില്‍ അത് അവതരിപ്പിച്ചു. അതേ വര്‍ഷം തന്നെ ആ കാര്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മാണവും ആരംഭിച്ചു. ലംബോര്‍ഗിനി എന്ന കാര്‍ ഭീമന്റെ യാത്ര ആരംഭിക്കുന്നത് അവിടെ നിന്നുമാണ്. ഡ്രൈവിംഗ് സീറ്റില്‍ ഫെറൂസിയോ ലംബോര്‍ഗിനി എന്ന പ്രതിഭയും.

ലോകപ്രശസ്ത ഇറ്റാലിയന്‍ ആഡംബര സ്പോര്ട്സ്കാര് നിര്‍മ്മാതാക്കളായ ഓട്ടോമൊബൈലി ലംബോര്‍ഗിനി എന്ന ബ്രാന്‍ഡിനെപ്പറ്റി അറിയാത്തവര്‍ ആരുമുണ്ടാകില്ല. ഏതൊരു വാഹനപ്രേമിയുടെയും മനസിലെ തിരികെടാത്ത സ്വപ്നമാണ് ലംബോര്‍ഗിനി. നിരത്തുകളില്‍ ശരവേഗത്തില്‍ ചീറിപ്പായുന്ന ഈ വാഹനത്തിന് ആരാധകരില്ലാത്ത രാജ്യങ്ങളില്ല. ഇറ്റാലിയന്‍ സ്വദേശി ഫെറൂസിയോ ലംബോര്‍ഗിനിയാണ് ഓട്ടോമൊബൈലി ലംബോര്‍ഗിനിയുടെ സ്ഥാപകന്‍. ഒരു മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയ അദ്ദേഹം ഒരു വാശിപ്പുറത്ത് നിര്‍മിച്ച കമ്പനിയാണ് ഇന്ന് കോടിക്കണക്കിന് ഡോളറുകളുടെ വിറ്റുവരവുള്ള ലംബോര്‍ഗിനി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസം സ്വാഭാവികം. എന്നാല്‍ അറിയണം ട്രാക്ടര്‍ നിര്‍മ്മാണത്തില്‍ നിന്നാരംഭിച്ച് വാഹനങ്ങള്‍ക്കായുള്ള ഹീറ്റര്‍, എയര്‍ കണ്ടീഷനിംഗ് സിസ്റ്റം എന്നിവയും രൂപകല്‍പ്പന ചെയ്ത് ഒടുവില്‍ വാഹനലോകത്തെ ഒന്നടങ്കം പിടിച്ചിരുത്തിയ ലംബോര്‍ഗിനി നിര്‍മിച്ച ഫെറൂസിയോ ലംബോര്‍ഗിനിയുടെ കഥ.

ലോകം ആഘോഷിക്കുന്ന ലംബോര്‍ഗിനിയുടെ ചരിത്രത്തിനു പറയാനുള്ളത് പക്ഷേ ഒരു പ്രതികാരത്തിന്റെ കഥയാണ്. അതും 1960 കളില്‍ നിരത്തുകള്‍ അടക്കിവാണിരുന്ന അന്നത്തെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളില്‍ ഒന്നായ ഫെറാറിയോട് ഉള്ള പ്രതികാരം ആയിരുന്നു ലംബോര്‍ഗിനിയുടെ ജനനം. തീര്‍ത്തും ദരിദ്രനായ ഒരു മുന്തിരി കര്‍ഷകന്റെ മകനുമായ ഫെറൂസിയാ ലംബോര്‍ഗിനിയില്‍ നിന്നും ഒരിക്കലും ഇത്തരത്തില്‍ ഒരു തിരിച്ചടി ഫെറാരി പ്രതീക്ഷിച്ചിരുന്നില്ല.
ഫെറൂസിയാ ലംബോര്‍ഗിനി എന്ന ആ കുട്ടി 1916 ഏപ്രില്‍ 28ന് ഇറ്റലിയിലാണ് ജനിച്ചത്. ചെറുപ്പത്തില്‍ കൃഷിക്കാരനായി അച്ഛന് വയലില്‍ പണിയെടുക്കാന്‍ പോകുമ്പോള്‍, ട്രാക്ടറിനെ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ അവ ശ്രദ്ധയോടെ നിരീക്ഷിക്കുകയും റിപ്പയര്‍ ചെയ്തു കൊടുക്കുന്നതില്‍ അതീവ താല്പര്യം കാണിക്കുകയും ചെയ്തിരുന്നു. മകനു താല്പര്യം തീര്‍ത്തും വാഹനങ്ങളോട് ആണെന്ന് അച്ഛന് മനസ്സിലാക്കിയെങ്കിലും, രണ്ടാം ലോക മഹാ യുദ്ധം പൊട്ടിപ്പുറപ്പെടുകയും മകനെ പട്ടാളത്തില്‍ പറഞ്ഞയക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
എന്നാല്‍ പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍ പോലും അവന്റെ ശ്രദ്ധ മുഴുവന്‍ അവിടെയുള്ള വാഹനങ്ങളില്‍ ആയിരുന്നു. പട്ടാളത്തില്‍ ചേരുകയും റോഡ്സ് ദ്വീപില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു. അവിടെ അദ്ദേഹം കാറുകള്‍ക്കും ട്രക്കുകള്‍ക്കുമായി ഒരു അഴിച്ചുപണിശാല തുടങ്ങുകയും അത് വിജയമായിത്തീരുകയും ചെയ്തു. പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്ന ലംബോര്‍ഗിനി അവിടെ ട്രാക്ടര്‍ എഞ്ചിനുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ ആരംഭിച്ചു. വാഹനലോകത്തോടുള്ള അദ്ദേഹത്തിന്റെ താല്പര്യമായിരുന്നു ഇതെല്ലാം വെളിവാക്കിയത്.
പിന്നീട് പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം നാട്ടിലെത്തി കര്ഷകാവശ്യങ്ങള്ക്കായി ട്രാക്റ്റര്‍ നിര്‍മാണം ആരംഭിച്ചു.സ്ഥിരോത്സാഹം വിജയം കണ്ടപ്പോള്‍ 1949 ല്‍ ലംബോര്‍ഗിനി ട്രാക്ടര്‍ ഫാക്ടറിയെന്ന നിലയിലേയ്ക്കു ഫെറൂച്ചിയോയുടെ പ്രസ്ഥാനം വളര്‍ന്നു. ട്രാക്റ്റര്‍ വില്പനയിലൂടെ ലഭിച്ച പണം മുഴുവന്‍ ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടുന്നതിലാണ് ഫെറൂച്ചിയോ വിനിയോഗിച്ചത്.ആല്‍ഫാ റോമിയോയും മസെരാറ്റിയും പോലുള്ള നിര്‍മിതികള്‍ സ്വന്തമാക്കിയ ഫെറൂച്ചിയോ ലംബോര്‍ഗിനിയുടെ ആഡംബരഭ്രമം ഒടുവില്‍ ഫെറാറി കാറിലെത്തിയതോടെ പുതിയൊരു ആഡംബര കാര്‍ ബ്രാന്‍ഡിന്റെ തുടക്കമായി.
ഫെറാറിയത്ര പോരാ
ഏറെ ആഗ്രഹിച്ചാണ് ഫെറൂച്ചിയോ ലംബോര്‍ഗിനി ഒരു ഫെറാറിക്കാര് സ്വന്തമാക്കിയത്. ഗ്രാന്‍ഡ് ടൂറര്‍ വിഭാഗത്തിലുള്ള ഫെറാറിയുടെ 250 ജിടി കാറാണ് അദ്ദേഹം വാങ്ങിയത്. എന്നാല്‍ എന്തുകൊണ്ടോ കാര്‍ അത്ര പിടിച്ചില്ല. കാറിന്റെ ക്ലച്ചിലും ഇന്റീരിയറിലുമായിരുന്നു പരാതികളേറെയും. ഗ്രാന്‍ഡ് ടൂറര്‍ (ജിടി) കാറുകളുടെ കാര്യത്തില്‍ ലംബോര്‍ഗിനിക്ക് തന്റേതായ കാഴ്ച്ചപ്പാടുണ്ടായിരുന്നു.
തനിക്ക് അനുഭവപ്പെട്ട പ്രശ്നങ്ങള്‍ പരാതിയുടെ രൂപത്തിലാക്കി ലംബോര്‍ഗിനി ഫെറാറിയിയെ സമീപിച്ചു. കാറിന്റെ സൃഷ്ടാവ് സാക്ഷാല്‍ എന്‍സോ ഫെറാറിയെത്തന്നെയാണ് ലംബോര്‍ഗിനി തേടിച്ചെന്നത്. ഒരു ട്രാക്ടര്‍ നിര്‍മാതാവ് ജിടി വാഹനങ്ങളെ വിലയിരുത്തുന്നു എന്ന് പറഞ്ഞു അദ്ദേഹത്തെ പരിഹസിച്ച് ഇറക്കി വിട്ടു. അപമാനിതനായി ഇറങ്ങേണ്ടി വന്ന ലംബോര്‍ഗിനിയുടെ പ്രതികാരം എന്‍സോ ഫെറാറിയോടായിരുന്നു. സ്വന്തമായി ഒരു ആഡംബര കാര്‍ നിര്‍മിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
1963ല്‍ അദ്ദേഹം ജിയാം പോളോ ദല്ലാര എന്ന എഞ്ചിനീയറുടെ സഹായത്തോടെ ആദ്യത്തെ കാര്‍ ‘ലംബോര്‍ഗിനി 350ജി.ടി.വി’ നിര്‍മിച്ചു. ആ വര്‍ഷം ടൂറിന് ഓട്ടോ ഷോയില്‍ അത് അവതരിപ്പിച്ചു. അതേ വര്‍ഷം തന്നെ ആ കാര്‍ വ്യാവസായികാടിസ്ഥാനത്തില്‍ ‘ലംബോര്‍ഗിനി 350ജി.ടി’ എന്ന പേരില്‍ നിര്‍മാണം ആരംഭിച്ചു. 350 കുതിരശക്തി വി.12 എഞ്ചിന് ആയിരുന്നു അതിന്റെ സവിശേഷത. 350ജി.ടിക്ക് ശേഷം വന്ന 400ജി.ടി, 400ജി.ടി 2+2 എന്നീ കാറുകളിലൂടെ ലംബോര്‍ഗിനി ലോകപ്രസിദ്ധമായി. എന്നാല്‍ ലംബോര്‍ഗിനി എന്ന നാമം മഹത്തരമാക്കി എന്നറിയപ്പെടുന്ന കാര്‍ 1965ലെ പ്രദര്‍ശിപ്പിക്കപ്പെട്ട ‘മിയൂറ’ ആയിരുന്നു. കൂടുതല്‍ ഗ്രാന്‍ഡ് ടൂററുകളും ഗ്രൗണ്ട് ബ്രേക്കിങ് കാറായ മിയൂറയും എസ്പാഡയും നിരത്തിലെത്തിച്ചതോടെ വാഹനപ്രേമികളുടെ പ്രിയപ്പെട്ട നിര്‍മിതിയായി അതിവേഗം ലംബോര്‍ഗിനി മാറി.
തുടക്കം ഗംഭീരമായിരുന്നു എങ്കിലും എഴുപതുകളിലെ സാമ്പത്തിക മാന്ദ്യവും ഇന്ധനക്ഷാമവും ലംബോര്ഗിനിയെത്തേടിയെത്തി. 1974 ല്‍ കമ്പനിയുടെ ഉടമസ്ഥാവകാശം കൈയൊഴിഞ്ഞു ഫെറൂച്ചിയോ കളമൊഴിയുകയും ചെയ്തു. എഴുപതുകളുടെ ഒടുവില്‍ ലംബോര്‍ഗിനി ഓട്ടമൊബീല്‍ പാപ്പരാകുകയും ചെയ്തു.
ക്രൈസ്ലറും ഫോക്സ്വാഗനും പോലുള്ള കമ്പനികള്‍ ഏറ്റെടുക്കാനെത്തിയതോടെ പ്രതിസന്ധി തരണം ചെയ്ത ലംബോര്‍ഗിയുടെ പിന്നീടുള്ള യാത്ര മനോഹരമായിരുന്നു. ഇന്നും ഒരു തിരിച്ചു പോക്കുണ്ടാകാത്ത വിധം പടയോട്ടം ഇന്നും തുടരുകയാണ്. കറുത്ത പ്രതലത്തില്‍ സ്വര്‍ണ്ണാക്ഷരങ്ങളില്‍ ലംബോര്‍ഗിനി എന്ന പേരും സ്വര്‍ണനിറത്തിലുള്ള പോരുകാളയുടെ ചിത്രവുമാണ് അന്നും ഇന്നും ലംബോര്‍ഗിനിയുടെ ലോഗോ. ഫെറൂസിയോ ലംബോര്‍ഗിനിയുടെ രാശിചിഹ്നമായ ടോറസില്‍(ഇടവരാശി) നിന്നാണ് കാളയെ എടുത്തിരിക്കുന്നത്.