തൃശൂര്‍ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ ഓഹരികള്‍ ഇന്ന് വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തില്‍. കഴിഞ്ഞ വാരാന്ത്യത്തില ക്ലോസിങ് വിലയായ 29.93ല്‍ നിന്ന് മുന്നേറി 31 രൂപയില്‍ ഇന്ന് വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തില്‍ 5 ശതമാനത്തോളം ഉയര്‍ന്ന് 31.64 രൂപവരെയെത്തി. നിലവില്‍ എന്‍എസ്ഇയില്‍ ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോള്‍ ഓഹരിയുള്ളത് 3.11% ഉയര്‍ന്ന് 30.86 രൂപയില്‍.
നിലവിലെ കണക്കുപ്രകാരം 1,218 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം കഴിഞ്ഞവര്‍ഷം ജൂലൈ 31ലെ 46.20 രൂപയാണ്. 52-ആഴ്ചത്തെ താഴ്ച ഈ വര്‍ഷം ജനുവരി 28ലെ 22 രൂപയും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 28% താഴേക്കിറങ്ങിയ ഓഹരി, കഴിഞ്ഞ 3 മാസത്തിനിടെ 8% ഉയര്‍ന്നിട്ടുണ്ട്.
ഓഹരിക്കുതിപ്പിലെ ‘സ്വര്‍ണ’ത്തിളക്കം ധനലക്ഷ്മി ബാങ്ക് പുറത്തുവിട്ട നടപ്പുവര്‍ഷത്തെ (2025-26) ആദ്യപാദമായ ഏപ്രില്‍-ജൂണിലെ പ്രാഥമിക ബിസിനസ് വളര്ച്ചാക്കണക്കുകളാണ് ഓഹരികള്‍ക്ക് ആവേശമായത്. ബാങ്കിന്റെ മൊത്തം ബിസിനസ് മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 25,084 കോടി രൂപയില്‍ നിന്നുയര്‍ന്ന് 29,054 കോടി രൂപയായി; വളര്‍ച്ച 15.8%.
മൊത്തം നിക്ഷേപം 14,441 കോടി രൂപയില്‍ നിന്ന് 14.7% ഉയര്‍ന്ന് 16,570 കോടി രൂപയുമായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കി. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം 4,504 കോടി രൂപയില്‍ നിന്ന് 4,675 കോടി രൂപയായതും നേട്ടമാണ്. 3.8 ശതമാനമാണ് വര്‍ധന.
മൊത്തം വായ്പകള്‍ 17.3% മെച്ചപ്പെട്ട് 12,484 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇതു 10,643 കോടി രൂപയായിരുന്നു. സ്വര്‍ണപ്പണയ വായ്പകള്‍ 3,151 കോടി രൂപയില്‍ നിന്ന് 4,039 കോടി രൂപയിലേക്ക് ഉയര്‍ന്നതാണ് ശ്രദ്ധേയനേട്ടം. 28.1 ശതമാനമാണ് വളര്‍ച്ച.