ഓണ്‍ലൈന്‍ പേയ്മെന്റ് രംഗത്തെ ഭീമന്മാരായി മാറിയ പേടിഎം വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആര്‍ബിഐയുടെ കണ്ണിലെ കറദ്ദാകുന്നത്. ആര്‍ബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്മെന്റ്സ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അന്വേവഷണം നടത്തിയ ആര്‍ബിഐ, തുടര്‍ന്ന് പേടിഎമ്മിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. 2023-ന്റെ തുടക്കം മുതല്‍ ആര്‍ബിഐ പേടിഎമ്മിന് പിന്നാലെയുണ്ട്. നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പേടിഎം പേയ്മെന്റ് ബാങ്കിന് 5.39 കോടി രൂപ ആര്‍ബിഐ പിഴ ചുമത്തിയിരുന്നു. പുതിയ ഉപയോക്താക്കളെ ചേര്‍ക്കരുതെന്ന് 2022-ല്‍ ആര്‍ബിഐ പേടിഎമ്മിന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ തുടര്‍ന്നും പെരുമാറ്റച്ചട്ടത്തില്‍ പേടിഎം വീഴ്ച വരുത്തിയതോടെ ആര്‍ബിഐ പിടി മുറുക്കി.ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെങ്കിലും അക്കൗണ്ടില്‍ നിലവിലുള്ള തുക പിന്‍വലിക്കാന്‍ സാധിക്കും. പേടിഎം സേവിങ്സ് അക്കൗണ്ട്, ഫാസ്ടാഗ്, കറന്റ് അക്കൗണ്ട്സ്, വാലറ്റ് എന്നിവയില്‍ പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍, ബാങ്കിന്റെ യുപിഐ സൗകര്യങ്ങള്‍ ഉപയോഗിക്കാനാകില്ല. ഫെബ്രുവരി 29-നോ അതിന് മുന്‍പോ തുടങ്ങിയ എല്ലാ ട്രാന്‍സാക്ഷനുകളും മാര്‍ച്ച് പതിനഞ്ചിനകം അവസാനിപ്പിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കി.എന്നാല്‍ ഈ അവസ്ഥയില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് പേടിഎമ്മിന്റെ നാളിതുവരെയുള്ള വളര്‍ച്ച എങ്ങനെയായിരുന്നു എന്ന്.
ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളമാകും എന്ന് പറയുന്നത് പോലെയാണ് ബിസിനസ്സില്‍ ചില വ്യക്തികളുടെ വിജയവും നേട്ടങ്ങളും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം സാധാരണക്കാരെ വലച്ചപ്പോള്‍ ആ ദുരവസ്ഥയെ അവസരമാക്കി മാറ്റി വിജയം കൊയ്ത ഒരാളുണ്ട് ഇന്ത്യയുടെ ഡിജിറ്റല്‍ പേഴ്സ് പേടിഎമ്മിന്റെ ഉടമ വിജയ് ശേഖര്‍ ശര്‍മ. ഇക്കാലയളവില്‍ 52,000 കോടി രൂപയാണ് വിജയ് തന്റെ സമ്പാദ്യത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. 13.2 ലക്ഷം കോടി രൂപയാണ് നിലവില്‍ സ്ഥാപനത്തിന്റെ ആസ്തി ആയി കണക്കാക്കുന്നത്.
കേവലം 39 വയസ്സ് മാത്രം പ്രായമുള്ള വിജയ് ഇന്ന് ഇന്ത്യന്‍ ഡിജിറ്റല്‍ എക്കോണമിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ്. പേഴ്സില്‍ പണമോ ഏതെങ്കിലും ബാങ്കിന്റെ കാര്‍ഡോ ഇല്ലാതെ പണമിടപാടുകള്‍ നടത്താന്‍ കഴിയും എന്ന ഉറപ്പ് നമുക്ക് നല്‍കിക്കൊണ്ട് പേടിഎം വളരുമ്പോള്‍, അതിന്റെ തുടക്കകാലത്ത് വിജയ് അനുഭവിച്ച വിഷമതകള്‍ കൂടി നമ്മള് മനസിലാക്കണം. നിശ്ചയദാര്‍ഢ്യം ഒന്നുമാത്രമാണ് ഈ സംരംഭകന് വളര്‍ത്തിയത്.
ഡിജിറ്റല്‍ ഇന്ത്യ എന്ന് കേട്ടുതുടങ്ങും മുന്‍പേ മൊബീല്‍ വാലറ്റായ പേടിഎം എട്ട് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറിക്കഴിഞ്ഞിരുന്നു. 28 കോടി ഉപഭോക്താക്കള്‍ ആണ് സ്ഥാപനത്തിനുള്ളത്. ഇംഗ്ലീഷ് സംസാരിക്കാനറിയില്ല എന്ന് കോളെജിലെ സഹപാഠികള്‍ കളിയാക്കിയിരുന്ന ശര്‍മയുടെ സംരംഭ കഥ ഹാര്‍വാഡ് ബിസിനസ് സ്കൂളില്‍ പഠന വിഷയമാകുമ്പോള്‍ നമുക്ക്ക് ഓരോരുത്തര്‍ക്കും ഈ സംരംഭകനില്‍ നിന്നും പഠിക്കാന്‍ ഏറെയുണ്ട്.
പതിനാലാമത്തെ വയസില്‍ ഹയര്‍ സെക്കന്ററി പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ തുടങ്ങിയതാണ് വ്യത്യസത്യമായി ചിന്തിക്കാനുള്ള ശര്‍മയുടെ ആഗ്രഹം. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഡല്‍ഹി കോളെജ് ഓഫ് എന്‍ജിനീയറിംഗിന്റെ എന്‍ട്രന്‍സ് എക്സാം വൈസ്ചാന്‍സ്ലറിന്റെ പ്രത്യേക അനുമതിയോടെ എഴുതുമ്പോള്‍ തന്നെ അദ്ദേഹം തന്റെ ജീവിതത്തിന്റെ ഗതി തീരുമാനിച്ചിരുന്നു. ഡിജിറ്റല്‍ ലോകമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
കടം വാങ്ങിയ തുകക്ക് ബിസിനസ്
മാതാപിതാക്കളില്‍ നിന്നു പണം കടം വാങ്ങിയാണ് ടെലികോം ബിസിനസ് തുടങ്ങിയത്. എന്നാല്‍ ആ ബിസിനസില്‍ വിജയ് പരാജയപ്പെട്ടു. ബിസിനസ് ആകെ തകര്‍ന്ന് തന്റെ പോക്കറ്റില്‍ പത്തു രൂപ മാത്രമായി ജീവിച്ച ദിവസങ്ങള്‍ ആണ് വിജയ്ക്ക് കൂടുതല്‍ കറുത്ത നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ടു റദ്ദാക്കിയ ദിവസം രാത്രി വിജയ് മുംബൈയിലേ ഒരു ഹോട്ടലില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. വിജയിന്റെ മൊബൈലില്‍ വാട്ട്സാപ്പ് സന്ദേശമായി വന്ന ആ വാര്‍ത്തയാണ് വിജയിന്റെ ജീവിതത്തിലെ ടേര്‍ണിങ് പോയിന്റ് ആയി മാറിയത്.
കൈയിലെ പണത്തിനു വിലയില്ലാത്ത, കറന്‍സിക്കായി നെട്ടോട്ടമോടിയ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ പണമിടപാടിന്റെ ഡിജിറ്റല്‍ മുഖമായി പേടിഎം അദ്ദേഹം പുനരവതരിപ്പിച്ചു. 2010 ഓഗസ്റ്റിലായിരുന്നു പേ ത്രൂ മൊബൈല്‍ എന്ന ആശയവുമായി പേടിഎം എന്ന കമ്പനി വിജയ് തുടങ്ങിയത്.അതുവരെ 11 കോടി ഉപയോക്താക്കളുണ്ടായിരുന്ന പേടിഎമ്മിന് നോട്ട് നിരോധനത്തോടെ അത് 28 കോടിയായി ഉയര്‍ന്നു. എന്നാല്‍ വളര്‍ച്ചയില്‍ പാലിക്കേണ്ട പല മര്യാദകളും വിജയ് മറന്നതോടെ സ്ഥാപനത്തിന് മേല്‍ പിടി വീണെന്ന് പറയാം. എന്നാല്‍ വിലക്ക് പരിഹരിച്ച് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് വിജയശേഖര്‍ ശര്‍മ.