റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയയും ഭാര്യ നവാസ് മോദിയും ദീര്‍ഘകാലത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ആസ്തി സംബന്ധമായ തര്‍ക്കത്തിലേക്ക് നീങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും നിയമയുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണിപ്പോള്‍.
ഡിവോഴ്സ് സെറ്റില്‍മെന്റിനായി, ശതകോടീശ്വരനായ ഗൗതം സിംഘാനിയയുടെ 1.4 ബില്യണ്‍ ഡോളര്‍ ആസ്തിയുടെ 75 ശതമാനമാണ് നവാസ് മോദിയും ചോദിച്ചത്. രണ്ട് മക്കളെ വളര്‍ത്താനുള്ള ചെലവെന്ന നിലയിലാണ് ഇത് ചോദിച്ചത്. എന്നാല്‍ സിംഘാനിയ ഇതിന് തയ്യാറായില്ലെന്നും തനിക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്തുകൊള്ളാന്‍ വെല്ലുവിളിക്കുകയുമാണുണ്ടായതെന്നും നവാസ് ടെലിവിഷന്‍ അഭിമുഖത്തില്‍ പറയുകയുണ്ടായി.
അതിന് ശേഷം ഇരുവരുടെയും വക്കീലന്മാര് പുതിയ പ്രപോസല്‍ അവതരിപ്പിക്കുകയും സിംഘാനിയയും ഭാര്യയും കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വേര്‍പിരിയല്‍ കരാറിലേക്ക് എത്തിക്കൊണ്ടിരിക്കുകയുമാണെന്നാണ് വിവരം. ഈ പ്രശ്നങ്ങള്‍ റെയ്മണ്ടിനെ ദോഷകരമായി ബാധിക്കുമെന്ന് കമ്പനിയുടെ ഓഹരിയുടമകളും ഡയറക്റ്റര്‍മാരും ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് സെറ്റില്‍മെന്റ് നീക്കങ്ങള്‍.
ഡിവോഴ്സ് വിഷയത്തില്‍ ബോര്‍ഡിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി, റെയ്മണ്ടിന്റെ ഇന്‍ഡിപെന്റന്റ് ഡയറക്ടര്‍മാര്‍, സ്വതന്ത്ര നിയമ ഉപദേശകനെന്ന നിലയില്‍ ബെര്‍ജിസ് ദേശായിയെ കഴിഞ്ഞയാഴ്ച നിയമിച്ചിരുന്നു.
നവംബര്‍ 13 നാണ് ഭാര്യ നവാസ് മോദിയുമായുളള വേര്‍പിരിയല്‍, ഗൗതം സിംഘാനിയ സാമൂഹ്യ മാധ്യമമായ എക്സിലൂടെ അറിയിച്ചത്.