കര്‍ണാടകയില്‍, പുതിയ ചിപ്പ് പാക്കേജിംഗ് യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കാനുള്ള എച്ച്സിഎലിന്റെ നീക്കം വിജയത്തിലേക്ക്. ഔട്ട്സോഴ്സ്ഡ് സെമികണ്ടക്ടര്‍ അസംബ്ളി ആന്‍ഡ് ടെസ്റ്റ് (ഒഎസ്എടി) ഫെസിലിറ്റി തുടങ്ങാനുള്ള ഒരുക്കങ്ങള്‍ കമ്പനി പൂര്‍ത്തിയാക്കി.
400 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇതിനായി നടത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവണ്മെന്റുമായി ചര്‍ച്ചയിലാണ് എച്ച്സിഎല്‍ ഗ്രൂപ്പ്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും മൈസൂരു വിമാനത്താവളത്തിന്റെയും അടുത്ത് പദ്ധതിക്കായി സ്ഥലം വാഗ്ദാനം ചെയ്തിട്ടുണ്ട് സര്‍ക്കാര്‍.
വെള്ളത്തിന്റെ ലഭ്യത കണക്കിലെടുക്കുമ്പോള്‍ ഫാബ് നിര്‍മ്മാണത്തിനും ചിപ് കേന്ദ്രത്തിനും മൈസൂരു ആയിരിക്കും അനുയോജ്യമായിരിക്കുക എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
എച്ച്സിഎല്‍ ഗ്രൂപ്പിന്റെ ടെക്നോളജി ഹാര്ഡ്വെയര് നിര്‍മാണത്തിലേക്കുള്ള തിരിച്ചുപോക്ക് അടയാളപ്പെടുത്തുന്നതാകും പുതിയ ചിപ് പ്ലാന്റ്. സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ വിജയിച്ചാല്‍ ടാറ്റ ഗ്രൂപ്പ്, മൈക്രോണ്‍, മുരുഗപ്പ ഗ്രൂപ്പ്, കെയ്ന്‍സ് ടെക്നോളജി എന്നീ കമ്പനികളുടെ നിരയിലേക്ക് എച്ച്സിഎല്ലും എത്തും. ഈ കമ്പനികള്‍ക്കെല്ലാം ചിപ്പ് ഒഎസ്എടി ഫെസിലിറ്റിയുണ്ട്. ചിപ് നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളും സബ്സിഡിയും നിരവധി ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.