വിപ്രോയെന്ന് കേള്‍ക്കുമ്പോള്‍ ഐടി ഭീമനെന്നാകും പലരുടെയും മനസില്‍ ആദ്യം വരുന്ന ചിത്രം. ലോകത്തെ മുന്‍നിര ഐടി കമ്പനികളിലൊന്നാണ് വിപ്രോ. എന്നാല്‍ വിപ്രോയുടെ തുടക്കം വെജിറ്റബിള്‍, റിഫൈന്‍ഡ് ഓയില്‍ വില്‍പ്പനയുമായിട്ടായിരുന്നു. ഈ കമ്പനിയാണ് ഇന്ന് ഐടിയും എഫ്എംസിജിയും ഉള്‍പ്പടെയുള്ള വിവിധ മേഖലകളില്‍ രാജ്യത്തെ അതികായന്മാരായി നില്‍ക്കുന്നത്. വിപ്രോയുടെ കഥ അസിം പ്രേംജിയുടെ കഥ കൂടിയാണ്… കമ്പനിയുടെ 77 വര്‍ഷചരിത്രത്തില്‍ 53 വര്‍ഷവും നായകനായിരുന്നത് അസിം പ്രേംജിയാണ്…വിപ്രോയുടെയും പ്രേംജിയുടെയും കഥയിലേക്ക്…
1945 ഡിസംബര്‍ 29 നാണ് മുഹമ്മദ് പ്രേംജിയെന്ന അരികച്ചവടക്കാരന്‍ വിപ്രോ സ്ഥാപിക്കുന്നത്, എന്നാല്‍ അന്ന് കമ്പനിയുടെ പേര് ഇതായിരുന്നില്ല, വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് എന്നായിരുന്നു. വെജിറ്റബിള്‍ ഓയില്‍ നിര്‍മാണമായിരുന്നു പ്രധാന ബിസിനസ്. ഡാള്‍ഡ ഗീ എല്ലാം വിപ്രോയുടെ പഴയകാല ഉല്‍പ്പന്നമായിരുന്നു. മുഹമ്മദ് പ്രേംജി മകന് അസിമിനെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ അയച്ചു. എന്നാല്‍ 1966ല്‍ വിപ്രോയുടെ ഗതി മാറുകയായിരുന്നു. മുഹമ്മദ് പ്രേംജി മരിച്ചു. മകന് അസിം പ്രേംജി സ്റ്റാന്‍ഫോര്‍ഡിലെ പഠനം നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങി, അതും 21ാം വയസില്‍.
അന്ന് 2 മില്യണ്‍ ഡോളര്‍ മാത്രം മൂല്യമുണ്ടായിരുന്ന ബിസിനസിന്റെ നായകനായി സഹഓഹരിഉടമകളുടെ അതൃപ്തിക്ക് പാത്രമായി അസിം പ്രേംജി അവരോധിക്കപ്പെട്ടു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല…ഹൈഡ്രോളിക് സിലിണ്ടറുകള്‍, സോപ്പുകള്‍, ലൈറ്റിങ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഉല്‍പ്പന്ന നിര വൈവിധ്യവല്‍ക്കരിച്ചായിരുന്നു അസിം പ്രേംജിയുടെ തുടക്കം. അടിയന്തരാവസ്ഥ കഴിഞ്ഞ് 1977ല്‍ പുതിയ ഭരണം വന്നതോടെ വിദേശ ഐടി കമ്പനികള്‍ക്കെതിരായ കാലാവസ്ഥയായിരുന്നു രാജ്യത്ത്.
ഭാവിയിലെ ബിസിനസ് സാധ്യതയാണ് ഐടിയെന്ന തിരിച്ചറിവിലായിരുന്നു അസിം പ്രേംജി പുതിയ സേവനമെന്ന നിലയില്‍ ടെക്നോളജി രംഗത്തേക്ക് കടന്നത്. അങ്ങനെ വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്റ്റ് എന്ന പേര് കുറച്ചുകൂടി ആധുനികമെന്ന് തോന്നിക്കുന്ന വിപ്രോയിലേക്ക് മാറി. 1980ലായിരുന്നു പേര്മാറ്റം. യുഎസ് ആസ്ഥാനമാക്കിയ സെന്റിനല്‍ കംപ്യൂട്ടര്‍ കോര്‍പ്പറേഷനുമായി സഹകരിച്ചായിരുന്നു ആദ്യകാല ബിസിനസ്. ഇന്ത്യയിലെ ഐടി വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്, ഉദാരവല്‍ക്കരണം കൂടി വന്നതോടെ ഐടി ബിസിനസ് പടര്‍ന്നുപന്തലിച്ചു.
1982ല്‍ ഹാര്‍ഡ് വെയര്‍ നിര്‍മാണത്തിലേക്കും 1990ല്‍ ഐടി സര്‍വീസസ് ബിസിനസിലേക്കുമെല്ലാം വിപ്രോ കടന്നു. 1989ല്‍ ജനറല്‍ ഇലക്ട്രിക്കുമായുള്ള പങ്കാളിത്തം വഴിത്തിരിവായി. 2000ത്തിലായിരുന്നു വിപ്രോ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. എന്നാല്‍ സ്വാതന്ത്ര്യത്തിന് മുമ്പ്, 1946ലായിരുന്നു വിപ്രോയുടെ ഇന്ത്യയിലെ പ്രഥമ ഓഹരി വില്‍പ്പന.
2004ല്‍ ഒരു ബില്യണ്‍ ഡോളര്‍ വരുമാനം നേടുന്ന രാജ്യത്തെ രണ്ടാമത്തെ ഐടി കമ്പനിയെന്ന റെക്കോഡും വിപ്രോ നേടി. 2011ല്‍ ഐടി സര്‍വീസ് ബിസിനസ് മാത്രം 5 ബില്യണ്‍ ഡോളര്‍ കടന്നു. 1960കളിലെ രണ്ട് മില്യണ്‍ ഡോളറില്‍ നിന്ന് 2017 ആയപ്പോഴേക്കും ഐടി ബിസിനസില്‍ നിന്നുള്ള വരുമാനം മാത്രം 5 ബില്യണ്‍ ഡോളറിലെത്തിക്കാന്‍ അസിം പ്രേംജിക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം.
2019ലാണ് വിപ്രോയുടെ ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് അസിം പ്രേംജി പടിയിറങ്ങിയത്. 21 ബില്യണ്‍ ഡോളറായിരുന്നു അന്നദ്ദേഹത്തിന്റെ സമ്പത്ത്. അതിന്റെ മൂന്നില്‍ രണ്ട് ഭാഗവും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കാനാണ് ഈ സംരംഭകന് തീരുമാനിച്ചത്.
ഐടി, കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ബിസിനസ് പ്രോസസ് സര്‍വീസസ്, ക്ലൗഡ് കംപ്യൂട്ടിംഗ്, കമ്പ്യൂട്ടര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ട്രാന്സഫര്മേഷന്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിരവധി മേഖലകളില്‍ 167 ഓളം രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വിപ്രോ സേവനം നല്കുന്നു. ഒപ്പം എഫ്എംസിജി മേഖലയിലും ശക്തമായ സാന്നിധ്യമാണ് ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിപ്രോ.
വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിങ്ങിന് കീഴിലാണ് എഫ്എംസിജി മേഖലയിലെ പ്രവര്‍ത്തനം. ഐടി ഭീമന്റെ കണ്‍സ്യൂമര്‍ ബിസിനസ് വിഭാഗം മാത്രമായി പതിനാലോളം കമ്പനികളെയാണ് ഏറ്റെടുത്തത്. മലയാളികളുടെ സുപരിചിത ബ്രാന്‍ഡുകളായ ചന്ദ്രികയും നിറപറയും ബ്രാഹ്മിന്‍സുമെല്ലാം ഇതില്‍ ഉള്‍പ്പെടും.