ഓപ്പണ്‍എഐയുടെ മുഖമായിരുന്നു സാം ആള്ട്ട്മാന്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കരുത്തുമായി ചാറ്റ്ജിപിടിയുടെ വന്നതോടെ എഐ ലോകത്തെ ഏറ്റവും തലപ്പൊക്കമുള്ള വ്യക്തിയായ സാം ഉയര്‍ന്നു. എന്നാല്‍ ഇത്തരമൊരു വ്യക്തിക്ക് ലഭിക്കേണ്ട യാത്രയയപ്പല്ല സാമിന് ഓപ്പണ്‍എഐ നല്‍കിയിരിക്കുന്നത്
ടെക് ലോകത്ത് ഞെട്ടലുളവാക്കി ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍എഐ, സിഇഒയും സഹസ്ഥാപകനുമായ സാം ആള്‍ട്ട്മാനെ പുറത്താക്കി. ആള്‍ട്ട്മാന്റെ നേതൃപാടവത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി ബോര്‍ഡിന്റെ നടപടി.
കമ്പനി ബോര്‍ഡുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നതില്‍ ആള്ട്ട്മാന് വിമുഖനായിരുന്നെന്നും ഇത് സ്ഥാപനത്തിന്റെ ചുമതലകള്‍ വേണ്ടവിധം നിര്‍വഹിക്കുന്നതിന് തടസമായെന്നും ഓപ്പണ്‍എഐ വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഓപ്പണ്‍എഐ സ്ഥാപിക്കുന്നതിലും വളര്‍ച്ചയിലും സാം വഹിച്ച പങ്കിന് കമ്പനി നന്ദി അറിയിച്ചു.
ടെക് ലോകത്ത് ഞെട്ടല്‍
അപ്രതീക്ഷിത തീരുമാനം ടെക് ലോകത്തെ മാത്രമല്ല സാം ആള്‍ട്ട്മാനെയും ഞെട്ടിച്ചു. ഇത് തനിക്കൊരു വിചിത്ര അനുഭവമാണെന്നായിരുന്നു ഓള്‍ട്ടമാന്റെ പ്രതികരണം. ഓപ്പണ്‍എഐയിലെ നൈപുണ്യമുള്ള ആളുകളുടെയൊപ്പം ജോലി ചെയ്യാനായതില്‍ താന്‍ അതീവ സന്തോഷനാവാണെന്നും സാം പറഞ്ഞു. സാമിനെ പുറത്താക്കിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ മറ്റൊരു സഹസ്ഥാപകനും പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്മാന്‍ രാജി പ്രഖ്യാപിച്ചു. പെട്ടെന്നു വിളിച്ചു ചേര്‍ത്ത ഒരു ഗൂഗിള്‍ മീറ്റിലാണ് ആള്‍ട്ട്മാനെ പുറത്താക്കുന്നതായി കമ്പനി പ്രഖ്യാപിച്ചതെന്ന് ബ്രോക്ക്മാന്‍ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞ് ബോര്‍ഡില്‍ നിന്ന് പുറത്താക്കുകയാണെന്ന് കാട്ടി തനിക്ക് സന്ദേശം ലഭിച്ചു.
ഓപ്പണ്‍ എഐയുടെ ഇടക്കാല സിഇഒയായി കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറായ മിറ മുരാതിയെ നിയമിച്ചിട്ടുണ്ട്. 35 കാരിയായ മിറ, അല്‍ബേനിയ സ്വദേശിനിയാണ്.
ഓപ്പണ്‍എഐയുടെ മുഖം
ഓപ്പണ്‍എഐയുടെ മുഖമായിരുന്നു സാം ആള്ട്ട്മാന്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കരുത്തുമായി ചാറ്റ്ജിപിടിയുടെ വന്നതോടെ എഐ ലോകത്തെ ഏറ്റവും തലപ്പൊക്കമുള്ള വ്യക്തിയായ സാം ഉയര്‍ന്നു. എന്നാല്‍ ഇത്തരമൊരു വ്യക്തിക്ക് ലഭിക്കേണ്ട യാത്രയയപ്പല്ല സാമിന് ഓപ്പണ്‍എഐ നല്‍കിയിരിക്കുന്നത്. ഏറ്റവും മോശമായി അപമാനിച്ച് ഇറക്കിവിടുക തന്നെയായിരുന്നു. കമ്പനിയും സാമുമായി ഉള്ള പ്രശ്നം അത്രക്ക് ഗുരുതരമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ലാഭത്തെ ഇഷ്ടപ്പെട്ട സാം
സുരക്ഷ, ലാഭം എന്നീ രണ്ട് കാര്യങ്ങളിലാണ് സാമും ഓപ്പണ്‍എഐ ബോര്‍ഡും തമ്മിലുള്ള പ്രശ്നമെന്നാണ് ടെക് ലോകത്തെ ചര്‍ച്ച. ഒരു ലാഭരഹിത കമ്പനിയെന്ന രീതിയിലാണ് ഓപ്പണ്‍എഐ സ്ഥാപിക്കപ്പെട്ടത്. ടെസ്ല സിഇഒ ഇലോണ്‍ മസ്കടക്കമുള്ള സഹ-സ്ഥാപകര്‍, കമ്പനി ഇപ്പോള്‍ ഈ ആദര്‍ശത്തില്‍ നിന്നും പിന്മാറിയെന്നും ലാഭം മാത്രം മുന്നില്‍കണ്ട് പ്രവര്‍ത്തിക്കാനാരംഭിച്ചെന്നും വിമര്‍ശിച്ചിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ മനംമടുത്ത് മസ്ക് ഏതാനും വര്‍ഷം മുന്‍പ് പുറത്തുപോയിരുന്നു.
ലാഭം മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചിരുന്ന നായകനാണ് ആള്‍ട്ട്മാനെന്നാണ് ടെക് ലോകത്തെ സംസാരം. ലാഭമുണ്ടാക്കുന്ന ഒരു ബിസിനസ് മോഡല്‍ ഓപ്പണ്‍എഐക്ക് വേണമെന്നും ഭാവിയില്‍ ഒരു ടെക് വമ്പനായി വളരുന്ന തരത്തില്‍ പ്രൊഡക്റ്റുകളും സര്‍വീസുകളും കമ്പനിക്ക് വേണമെന്നുമായിരുന്നു സാമിന്റെ കാഴ്ചപ്പാട്.
സുരക്ഷാ പ്രശ്നങ്ങള്‍
അതിവേഗം ചാറ്റ്ജിപിടി സേവനങ്ങള്‍ അവതരിപ്പിച്ച് ഓപ്പണ്‍എഐ മുന്നോട്ടു പോവുന്ന ഘട്ടത്തിലാണ് സുരക്ഷ സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നത്. ഉപയോക്താക്കളുടെ സുരക്ഷ ഈ ക്ഷിപ്രവേഗത്തില്‍ ആള്ട്ട്മാന് അവഗണിക്കുന്നു എന്ന വിമര്‍ശനം പൊതുവെ ഉയര്‍ന്നു. ഉപഭോക്താക്കളെ സ്വന്തം ആവശ്യപ്രകാരമുള്ള എഐ സംവിധാനങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന പ്ലഗ് ഇനുകള്‍ അടുത്തിടെ സാമിന്റെ നേതൃത്വത്തില്‍ പുറത്തിറക്കി. ആളുകള്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താനായി തള്ളിക്കയറി. ചാറ്റ്ജിപിടി സാങ്കേതികമായി തകര്‍ന്നു. മണിക്കൂറുകളോളം സൈറ്റ് ഡൗണായി. പ്ലഗ് ഇനുകള്‍ തല്ക്കാലം മരവിപ്പിക്കുകയാണെന്ന് സാം ട്വിറ്ററിലൂടെ അറിയിച്ചു.
സാം ആള്‍ട്ട്മാന്റെ പുറത്താകല്‍ ഏതായാലും ഗൂഗിളിനും ഇലോണ്‍ മസ്കിന്റെ എക്സിനും മറ്റും ആശ്വാസകരമാണ്. സ്വന്തം എഐ സംവിധാനം രൂപപ്പെടുത്തിയെടുക്കാന്‍ പരിശ്രമിക്കുന്ന ഇവര്‍ക്കൊന്നും ചാറ്റ്ജിപിടിയുടെ അടുത്തെത്താന്‍ ഇതുവരെ സാധിച്ചിരുന്നില്ല.