പ്രമുഖ വനിത സംരംഭകയായ ഫാല്‍ഗുനി നയാര്‍ നയിക്കുന്ന ബ്യൂട്ടി, പേഴ്സണല്‍ കെയര്‍ സംരംഭമായ നൈക്കയ്ക്ക് വന്‍ ലാഭം. നൈക്ക ബ്രാന്റിന്റെ ഉടമകളായ എഫ്എസ്എന്‍ ഇ കൊമ്മേഴ്സിന്റെ ലാഭം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 50 % ഉയര്‍ന്ന് 7.8 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 5.1 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ജൂലൈ – സെപ്റ്റംബര്‍ കാലയളവില്‍ 22% ഉയര്‍ന്ന് 1,507 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 1,231 കോടി രൂപയായിരുന്നു.
ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വിഭാഗമാണ് ബ്യൂട്ടി, പേഴ്സണല്‍ കെയര്‍. 2020ലാണ് വനിത നയിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ യൂണിക്കോണ്‍ സ്റ്റാര്‍ട്ട് അപ്പായി നൈക്ക മാറിയത്. മുംബൈ ആസ്ഥാനമായാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. ഗ്രോസ് മെര്‍ക്കന്‍ഡൈസ് വാല്യു (ജിഎംവി) വാര്‍ഷികാടിസ്ഥാനത്തില്‍ 25 % ഉയര്‍ന്ന് 2,943 കോടി രൂപയിലെത്തി.
ബ്യൂട്ടി ആന്‍ പേഴ്സണല്‍ കെയര്‍ സെഗ്മെന്റില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ജിഎംവി 23 ശതമാനമാണ് ഉയര്‍ന്നത്. 13 പുതിയ സ്റ്റോറുകളാണ് കഴിഞ്ഞ പാദത്തില്‍ കമ്പനി തുറന്നത്. സെപ്റ്റംബര്‍ വരെയുളള കണക്കെടുത്താല്‍ കമ്പനിക്ക് 165 സ്റ്റോറുകളുണ്ട്.