കൊച്ചി : കേരളപ്പിറവി ആഘോഷങ്ങളുടെ നിറചാര്ത്തുമായി വൈവിധ്യമായ ഉത്സവാന്തരീക്ഷം ഒരുക്കി കൊച്ചി ലുലു മാള്‍ ഒരുങ്ങി കഴിഞ്ഞു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ വിപുലമായ പരിപാടികളാണ് സജ്ജീകരിച്ചിരിക്കുന്നത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യവും കേരളീയ സംസ്കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ‘എന്റെ മലയാളം എന്റെ അഭിമാനം’ എന്ന ആശയത്തിലാണ് ലുലു കേരളീയം 2023 ഒരുക്കിയിരിക്കുന്നത്.

ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പഞ്ചവാദ്യത്തോടെ ‘ലുലു കേരളീയം’ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയും ബാന്‍ഡും അവതരിപ്പിക്കുന്ന ഗാനമേള ഉദ്ഘാടന ചടങ്ങിലെ നിറകൂട്ടാകും. മുളകൊണ്ടൊരുക്കിയ ഉപകരണങ്ങളിലെ സംഗീത വിരുന്നുമായി വയലി ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീയ നിശയാണ് നവംബര്‍ രണ്ടിന് വൈകിട്ട് 5.30ന് ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയുടെ പെരുമ ഓസ്കാര്‍ വേദിയിലെത്തിച്ച ആദാമിന്റെ മകന് അബു, 2018 എന്നീ ചീത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനം നവംബര്‍ ഒന്നിനും രണ്ടിനും പിവിആറിലുണ്ടാകും. ഉച്ചയ്ക്ക് 12.15, 3.30, വൈകിട്ട് 7 മണി, 10.10 നുമായി നാല് പ്രത്യേക പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓസ്കാര്‍ തിളക്കത്തില്‍ മലയാള സിനിമ എന്ന പേരിലാണ് ഈ പ്രത്യേക പ്രദര്‍ശനങ്ങള്‍. കൂടാതെ, ഓസ്കാര്‍ നോമിനേഷന് വേദിയില്‍ ആദ്യമെത്തിയ മലയാള സിനിമ ‘ഗുരു ‘ വിന്റെ സംവിധായകന് രാജീവ് അഞ്ചലിനെ ചടങ്ങില്‍ ആദരിക്കും.
നവംബര്‍ മൂന്നിന് വൈകിട്ട് 6.30 മുതല്‍ തോല്പാവക്കൂത്ത്, നാല് അഞ്ച് തീയതികളിലായി കുരുത്തോല രൂപങ്ങളുടെ വര്‍ക്ക്ഷോപ്പ് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അന്‍പത്തിയാറ് മലയാള അക്ഷരങ്ങളുടെ പ്രത്യേകം അലങ്കാരങ്ങളും മാള്‍ ഏട്രിയത്തില്‍ ഒരുക്കും. ലുലു കേരളീയത്തിന്റെ അവസാന ദിനമായ നവംബര്‍ അഞ്ചിന് വിപുലമായ ആഘോഷ പരിപാടികളാണ് തയാറാക്കിയിരിക്കുന്നത്. കേരള ഫ്യൂഷന്‍ നൃത്തം, നൊസ്റ്റാള്‍ജിക് ഓര്‍മ്മകളുമായി നിത്യഹരിത ഗാനമേള എന്നിവയ്ക്ക് പുറമേ കളരിപ്പയറ്റ്, കേരളനടനം, തെയ്യം, മോഹിനിയാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങളുമുണ്ടാകും. ഇതിന് പുറമേ, വിഭവസമൃദ്ധമായ കേരളീയ സദ്യയും ലുലു ഫുഡ് കോര്‍ട്ടില്‍ നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ ലഭ്യമാകും.