വൈറ്റ് ഹാറ്റ് ജൂനിയര്‍, ആകാശ് ട്യൂട്ടോറിയല്‍ എന്നിവയെ മോഹവില നല്കി വാങ്ങുവാന്‍ അവന് തിടുക്കം കാട്ടി. ദുര്യോധനനെപ്പോലെ അവന് സ്തുതിപാടകരാല്‍ ചുറ്റപ്പെടുന്നതില് തല്പ്പരനായി. ധര്‍മ്മിഷ്ഠനായ ഭീഷ്മരെപ്പോലെ കൂറുള്ള ഒരു ഉപദേഷ്ടാവിന്റെ അഭാവം അവനെ വഴിതെറ്റിച്ചുവോ?
രമേശ് കൃഷ്ണന്
അദ്ധ്യാപകനായ രവീന്ദ്രന് ബൈജുവിന്റെ പിതാവായി. ചെറുപ്രായത്തിലേ മകന് അദ്ധ്യാപനത്തില്‍ മികവ് തെളിയിച്ചു. ബൈജു ഭഗവത് ഗീതയിലെ 4:13 ശ്ലോകം കൃത്യമായി ഉള്‍ക്കൊണ്ടിരിക്കുന്നു.
‘ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം
ഗുണകര്‍മ്മ വിഭാഗശ:
തസ്യ കര്‍ത്താരമപി മാം
വിദ്ധ്യകര്‍ത്താരമവ്യയം” (4:13)
ഭഗവാന് അര്‍ജ്ജുനനോട് പറഞ്ഞു ‘ഗുണാനുസൃതമായി കര്‍മ്മത്തെ വിഭജിച്ച് കൊണ്ട് നാലു വര്‍ണ്ണങ്ങള്‍ എന്നാല്‍ സൃഷ്ടിക്കപ്പെട്ടു. ഞാന്‍ അതിന്റെ കര്‍ത്താവ് ആണെങ്കിലും നാശരഹിതനായ ഞാന്‍ ഒരു കര്‍മ്മവും ചെയ്യുന്നില്ല എന്ന് അറിയുക. ഞാന്‍ സംസാര ബന്ധം ഇല്ലാത്തവന് ആകുന്നു.”
ദൈവനിശ്ചിതമായ വിഭാഗം അനുസരിച്ച് ബൈജു ഒരു നല്ല അദ്ധ്യാപകന് ആയി. എല്ലാ വര്‍ഷവും ഇഅഠ പരീക്ഷ എഴുതി അതില്‍ തന്റെ ഉയര്‍ന്ന സ്കോര്‍ പരസ്യപ്പെടുത്തുകയും ചെയ്തു. സ്വന്തം അദ്ധ്യയന യോഗ്യത തെളിയിപ്പിക്കുവാന്‍ ഇതിലും ഉചിതമായ ഉപാധി ഉണ്ടാവില്ല.

കാലക്രമേണ ബൈജു ഗീതാശ്ലോകം 3:35 ശരിയായി ഉള്‍ക്കൊണ്ടു.
‘ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണ:
പരധര്‍മ്മാത് സ്വനുഷ്ഠിതാത്
സ്വധര്‍മ്മേ നിധനം ശ്രേയ:
പരധര്‍മ്മോ ഭയാവഹ:” (3:35)
ഭഗവാന് അര്‍ജ്ജുനനോട് പറഞ്ഞു: ‘വികലമായോ ന്യൂനതയോടെയോ ആണെങ്കിലും സ്വധര്‍മ്മം അനുഷ്ഠിക്കുന്നതാണ് പരധര്‍മ്മം നന്നായി
അനുഷ്ഠിക്കുന്നതിനേക്കാള്‍ ശ്രേയസ്കരം.”
കൂടുതല്‍ പേര് തേടി ചെല്ലുന്ന അദ്ധ്യാപകന് ആയി ബൈജു മികവ് തെളിയിച്ചു.
കാലക്രമേണ ബൈജു ഗീതാശ്ലോകം 9:1 ശരിയായി ഉള്‍ക്കൊണ്ടു.
‘ഇദം തു മേ ഗുഹ്യതമം
പ്രവക്ഷാമ്യനസൂയവേ
ജ്ഞാനം വിജ്ഞാനസഹിതം
യജ്ഞാത്വാ മോക്ഷ്യസേശുഭാത്” (9:1)
ഭഗവാന് അര്‍ജ്ജുനനോട് പറഞ്ഞു ‘യാതൊന്നിനെ അറിയുന്നത് കൊണ്ട് അമംഗളകരമായ സംസാരസ്പര്ശത്തില് നിന്നും മോചിക്കപ്പെടുമോ അപ്രകാരം ഉള്ളതും അതിരഹസ്യവും വിജ്ഞാനത്തോടു കൂടിയതുമായ ഈ ജ്ഞാനത്തെ അസൂയ ഇല്ലാത്ത, ദ്രോഹവിചാരമില്ലാത്ത നിനക്ക് ഞാന്‍ പറഞ്ഞു തരാം.
അര്ജ്ജുനന് അസൂയ ഇല്ലാത്തവന് ആയതിനാലാണ് ഭഗവാന് ഈ രഹസ്യം പകര്‍ന്നത്.
കാലക്രമേണ ബൈജു ഭഗവാനില്‍ അസൂയാലുവായോ?
ദുര്യോധനന് പതിനൊന്നു അഖ്ഷൗഹണികളുള്ള തന്റെ പടയെ നയിക്കുവാന്‍ ഭീഷ്മരെപ്പോലെ ഒരു പടനായകനെ തിരഞ്ഞെടുത്തു. കൃപര്‍, ദ്രോണര്, കര്ണ്ണന് തുടങ്ങിയ വീരാളികളും കൂട്ടിനുണ്ടായിരുന്നു. കാലക്രമേണ, ഗീതാശ്ലോകം 1:10 ല്‍ പ്രതിപാദിച്ച ദുര്യോധനനെപ്പോലെ ബൈജുവും വളര്‍ന്നു. മറ്റുള്ളവരുമായി അപഹാസ്യരൂപേണ താരതമ്യപ്പെടുത്തുകയും താന്‍ അജയ്യനാണെന്ന അഹംഭാവം വളര്‍ത്തുകയും ചെയ്തു.
‘അപര്യാപ്തം തദസ്മാകം
ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം
ബലം ഭീമാഭിരക്ഷിതം” (1:10)
ഭീഷ്മരാല്‍ രക്ഷിക്കപ്പെട്ട നമ്മുടെ സൈന്യം നിസ്സീമമാണ്. ഭീമനാല്‍ രക്ഷിക്കപ്പെട്ട മറുസൈന്യം പരിമിതവുമാണ്.കാലക്രമേണ ഗീതാശ്ലോകം 10:8 ല്‍ സൂചിപ്പിച്ച പോലെ ബൈജു മാലാഖമാരെ *(1) ദൈവങ്ങളായി പൂജിച്ചു. അവര്‍ അവന് അളവറ്റ ധനം നല്കി അവരാണ് യഥാര്‍ത്ഥ ദൈവം എന്ന് അവനെ വിശ്വസിപ്പിച്ചു. ബൈജു മാലാഖമാരുടെ ദിവ്യത്വത്തെ ചോദ്യം ചെയ്തതുമില്ല.
”അഹം സര്‍വ്വസ്യ പ്രഭവോ
മത്ത: സര്‍വ്വം പ്രവര്‍ത്തതേ
ഇതി മത്വാ ഭജന്തേ മാം
ബുധാ ഭാവസമന്വിതാ:” (10:8)
ഭഗവാന് പറഞ്ഞു ‘ഞാന്‍ സര്‍വ്വതിന്റെയും ഉദ്ഭവ സ്ഥാനം ആകുന്നു. ഞാന്‍ മൂലമാണ് സര്‍വ്വവും പ്രവര്‍ത്തിക്കുന്നത്. ജ്ഞാനികള്‍ ഇത് അറിഞ്ഞ് തീവ്രോത്സാഹത്തോടുകൂടി എന്നെ ഭജിക്കുന്നു.
കാലക്രമേണ, ബൈജു ഗീതാശ്ലോകം 10:9 ല്‍ അനുശാസിച്ചത് വളരെ കൃത്യമായി പാലിച്ചു.
അവന് ഹൃദയത്തോട് അടുപ്പിച്ചു ആദരിക്കുന്ന മാലാഖമാര്‍ക്കായി തന്റെ മനസ്സും ശരീരവും ആത്മാവും സമര്‍പ്പിച്ചു.
‘നിന്റെ നിധി എവിടെയാണോ അവിടെയായിരിക്കും നിന്റെ ഹൃദയവും” എന്നാണല്ലോ മത്തായി 6:21 സുവിശേഷത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. ഭഗവാന് 4:13 ല്‍ അരുളിച്ചെയ്തതും താന്‍ ഉള്‍ക്കൊണ്ടതുമായ വര്‍ണ്ണാശ്രമ ധര്‍മ്മത്തില്‍ നിന്നും അവന് വ്യതിചലിക്കുവാന്‍ ആരംഭിച്ചു. അവന് ധനം തേടി ഓടുവാന്‍ തുടങ്ങി, ഭഗവാനു പകരം മാലാഖമാരെ പൂജിച്ചു. അവനിലെ അദ്ധ്യാപകന് ഒരു സംരംഭകന് വഴിമാറി.

‘മച്ചിത്താ മദ്ഗതപ്രാണാ
ബോധയന്ത: പരസ്പരം
കഥയന്തശ്ച മാം നിത്യം
തുഷ്യന്തി ച രമന്തി ച” (10:9)
എന്നില്‍ ചിത്തം ഉറപ്പിച്ചും, പ്രാണനെ എന്നില്‍ ചേര്‍ത്തു കൊണ്ടും, എന്നെപ്പറ്റി പരസ്പരം ഉദ്ബോധിപ്പിച്ചു കൊണ്ടും, എപ്പോഴും എന്റെ കഥകളെ കീര്‍ത്തിച്ചുകൊണ്ടും ജീവിക്കുന്നവര്‍ നിത്യവും എന്നില്‍ സന്തുഷ്ടി പ്രാപിക്കുന്നു; എന്നില്‍ തന്നെ രമിച്ചുകൊണ്ടും ഇരിക്കുന്നു.
കാലക്രമേണ, ബൈജു ഗീതാശ്ലോകം 10:37 ശ്രദ്ധക്കുറവോടെ മനസ്സിലാക്കി. ഈ അദ്ധ്യായം മുഴുവനും ഭഗവാന് പല അതിശ്രേഷ്ഠമായ ഉപമകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാണ്ഡവസൂതന്മാരില് ഞാന്‍ നീ തന്നെയാണ് ധനഞ്ജയ-ധനത്തെ ജയിച്ചവന്. ധനത്തിനായി വിജയിക്കുന്നത് ബൈജുവിന് ഒരു ഒഴിയാ ബാധയായി. ഇതേ അവസരത്തില്‍ അര്ജ്ജുനന് ഇതിന് അതീതമായി വളര്‍ന്നിരുന്നു.
‘വൃഷ്ണീനാം വാസുദേവോസ്മി
പാണ്ഡവാനാം ധനഞ്ജയ:
മുനീനാമപ്യഹം വ്യാസ:
കവീനാമുശനാ കവി:” (10:37)
‘യാദവരില്‍ വാസുദേവന്‍ ആണ് ഞാന്‍, നിന്റെ സഖാവായ ഞാന്‍ തന്നെ പാണ്ഡവരില്‍ അര്ജ്ജുനനായ നീ തന്നെയാണ് ഞാന്‍. മുനികളില്‍ വ്യാസനും കവികളില്‍ ശുക്രമഹര്‍ഷിയും ഞാന്‍ തന്നെ”.ഭഗവാന്റെ ഉപദേശം ഉള്‍ക്കൊള്ളുന്നതില്‍ ബൈജുവിന് ഇവിടെ തെറ്റ് പറ്റി.
അവഹേളിതമായ താരതമ്യപ്പെടുത്തലുകളുടെയും അത്യാര്‍ത്തി പൂണ്ട മാലാഖമാരുടെ അനര്ഘളമായ ധനസ്രോതസ്സിന്റെയും മാരകമായ സംയോഗം അവനെ കാമാലക്കണ്ണനാക്കി. വൈറ്റ് ഹാറ്റ് ജൂനിയര്‍, ആകാശ് ട്യൂട്ടോറിയല്‍ എന്നിവയെ മോഹവില നല്കി വാങ്ങുവാന്‍ അവന് തിടുക്കം കാട്ടി. ദുര്യോധനനെപ്പോലെ അവന് സ്തുതിപാടകരാല്‍ ചുറ്റപ്പെടുന്നതില് തല്പ്പരനായി. ധര്‍മ്മിഷ്ഠനായ ഭീഷ്മരെപ്പോലെ കൂറുള്ള ഒരു ഉപദേഷ്ടാവിന്റെ അഭാവം അവനെ വഴിതെറ്റിച്ചുവോ?
കാലക്രമേണ അവന് ഭഗവാന്റെ ഗീതാശ്ലോകം 10:4 ലെ ഉപദേശം ധിക്കരിക്കാന്‍ മുതിര്‍ന്നു.
‘ബുദ്ധിര്ജ്ഞാനമസംമോഹ: ക്ഷമാ സത്യം ദമ: ശമ:’