മെഡിസിന് പഠിച്ചിറങ്ങുമ്പോഴേക്കും 1.4 കോടി രൂപ ചെലവ് വരുമോ, അതും ഇന്ത്യയില്‍. അമ്പരപ്പ് വേണ്ട, വരും. എംബിബിഎസിന് ഏറ്റവും ഉയര്‍ന്ന ഫീസ് ഈടാക്കുന്ന സ്ഥാപനം നവി മുംബൈയിലെ ഡി വൈ പാട്ടില്‍ മെഡിക്കല്‍ കോളേജാണ്. ഏറ്റവും ചിലവേറിയ മെഡിക്കല്‍ ഡിഗ്രി നേടുന്നതിന് അടയ്ക്കേണ്ട ഫീസ് 1.4 കോടി രൂപ. നാലര വര്‍ഷത്തെ പഠനത്തിന്, ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ വരുന്ന തുക 1.35 കോടി രൂപയാണ്. ഇതിന് പുറമെ, വണ്‍ ടൈം യൂണിവേഴ്സിറ്റി ഫീയായ 2.84 ലക്ഷം രൂപ അഡ്മിഷന് സമയത്ത് തന്നെ അടയ്ക്കുകയും വേണം. പ്രതിവര്‍ഷം 30.5 ലക്ഷം രൂപയാണ് ഇവിടുത്തെ എംബിബിഎസ് ഫീസെന്ന് സാരം.
ഡി വൈ പാട്ടില്‍ മെഡിക്കല്‍ കോളേജിന്റെ പൂനെയിലെ കാംപസിലെ ഒരു കൊല്ലത്തെ ഫീസ് 29.5 ലക്ഷം രൂപയാണ്. പൂനൈയിലെ തന്നെ ഭാരതീയ വിദ്യാപീഠ് മെഡിക്കല്‍ കോളിജിലെ ഫീസാകട്ടെ 26.84 ലക്ഷം രൂപയാണ്.
ഇങ്ങനെ ഉയര്‍ന്ന ഫീസ് ഈടാക്കുന്ന സമ്പ്രദായം ഡി വൈ പാട്ടില്‍ മെഡിക്കല്‍ കോളേജിന്റേത് മാത്രമല്ല. മിക്ക ഡീംഡ് കോളേജുകളിലെയും സ്ഥിതി ഇങ്ങനെ തന്നെയാണ്. 25 ലക്ഷത്തിന് മീതെയാണ് ഇങ്ങനെയുള്ള ഡീംഡ് കോളേജുകളില്‍ പഠിക്കാനായി ചിലവാക്കേണ്ടത്.
ഇത്തരത്തിലുള്ള നിരവധി കോളേജുകളാണ് തമിഴ്നാട്ടിലുള്ളത്. ഒരു പ്രമുഖ പത്രം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിലെ ഫീസ് 28.13 ലക്ഷം രൂപയാണ്. ചെന്നൈയിലെ തന്നെ എസ്ആര്‍എം മെഡിക്കല്‍ കോളേജില്‍ പഠിക്കണമെങ്കില്‍, വരുന്ന ഫീസ്, ഒരു കൊല്ലത്തേക്ക്, 27.2 ലക്ഷം രൂപയാണ്.
ഹോസ്റ്റല്‍ ഫീസും ഒരു കൊല്ലത്തെ ട്യൂഷന് ഫീസും കോളേജ് ഫീസില്‍ ഉള്‍പ്പെടും. ഇതിന് പുറമെയാണ് ചില കോളേജുകളില്‍ അഡ്മിഷന് സമയത്തും കൂടി നല്‍കേണ്ടി വരുന്ന അധികത്തുക. യൂണിവേഴ്സിറ്റി ഫീ, റീഫണ്ടബിള്‍ ഡെപ്പോസിറ്റ്സ്, കോഷന്‍ മണി ഇതെല്ലാം അഡ്മിഷന് സമയത്ത് നല്കുന്ന തുകയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ്.
ചില ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഹോസ്റ്റല്‍ സൗകര്യം ഉപയോഗപ്പെടുത്തണം എന്ന സ്ഥിതിയുണ്ട്. ചില കോളേജുകളില്‍, കോഴ്സ് കഴിയുന്നത് വരെ ട്യൂഷന് ഫീസില്‍ മാറ്റം വരാറില്ല. എന്നാല്‍ മറ്റ് ചില കോളേജുകളില്‍ ഇത് ഓരോ കൊല്ലവും രണ്ടോ മൂന്നോ ശതമാനമായി കൂട്ടുകയും ചെയ്യുന്നു.
മഹാരാഷ്ട്രയിലെ ഗവണ്മെന്റ് കോളേജുകളിലെ സ്ഥിതി, അല്പം വ്യത്യസ്തമാണ്. 1.3 ലക്ഷം രൂപയാണ് ഒരു കൊല്ലത്തേക്ക് അവിടുത്തെ ഫീസ്. എന്നാല്‍ പ്രൈവറ്റ് കോളേജുകളില്‍ ഒരു വര്‍ഷത്തെ ഫീസ് 7 ലക്ഷം മുതല്‍ 16 ലക്ഷം വരെയാണ്. അതേസമയം, താമസം, ഡെപ്പൊസിറ്റുകള്‍ ഇവയൊന്നും ഫീസില്‍ ഉള്‍പ്പെടുന്നുമില്ല.
അതേസമയം ഡല്‍ഹിയിലെ ഡീംഡ് യൂണിവേഴ്സിറ്റികള്‍ ഈടാക്കുന്ന ഫീസ് താരതമ്യേന കുറവാണ്. എന്നാല്‍ ഗാസിയാബാദിലെ സന്തോഷ് മെഡിക്കല്‍ കോളേജിലെ കാര്യം ഇതിന് വിപരീതമാണ്. അവിടത്തെ ഫീസ് , ഹോസ്റ്റല്‍ ചാര്‍ജ്ജുള്‍പ്പെടെ, ഒരു കൊല്ലത്തേക്ക് 26 ലക്ഷം രൂപയാണ്.
ചില സംസ്ഥാനങ്ങളില്‍, ഗവണ്മെന്റ് കോളേജുകളിലെ ഫീസ് 50,000 രൂപയില്‍ കൂടുതല്‍ വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.