പലതവണ റീഷെഡ്യൂള്‍ ചെയ്ത ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് ഏറ്റുമുട്ടലിന് ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദിയാകുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ വിഐപി ഏറ്റുമുട്ടല്‍ കാണാന്‍ കാണികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ആവേശം ഉയരുന്നതിനനുസരിച്ച് കളി കാണാനുള്ള ചെലവും ബൗണ്ടറി കടക്കും.
അഹമ്മദാബാദില്‍ താമസസൗകര്യം ലഭിക്കാന്‍ ആരാധകര്‍ അല്‍പ്പം ബുദ്ധിമുട്ടും. ഹോട്ടല്‍ റൂമുകള്‍ക്ക് 15 ഇരട്ടി വരെയാണ് നിരക്ക് ഉയര്‍ന്നിരിക്കുന്നത്. ബുക്കിംഗ് ഡോട്ട് കോമിന്റെ കണക്കനുസരിച്ച് ഒരു രാത്രിക്ക് 4,000 രൂപ ചാര്‍ജ്ജ് ചെയ്തിരുന്ന ഹോട്ടലുകള്‍ ഇപ്പോള്‍ 60,000 രൂപ വരെയാണ് ഈടാക്കുന്നത്.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണെങ്കില്‍, രണ്ട് രാത്രിയിലെ താമസത്തിനായി ഏകദേശം 3,50,000 രൂപ വരെ! ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നതോടെ സ്റ്റേഡിയത്തിന്റെ 100 കിലോമീറ്റര്‍ പരിധിയിലുള്ള ഹോട്ടലുകളെല്ലാം ബുക്കാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശരിക്കും, ഹോട്ടല്‍ റൂമിനായി മല്‍സരിക്കേണ്ട അവസ്ഥ.