ദീര്‍ഘകാല അവസരം പ്രയോജനപ്പെടുത്താം

മിഡ്, സ്മാള്‍ ക്യാപ്പ് ഓഹരികളുടെ വാല്യുവേഷന്‍ വളരെ ഉയര്‍ന്നതാണെന്നും ലാര്‍ജ് ക്യാപ്പ് ഓഹരികളുടേത് കുറവാണെന്നും യുക്തിസഹമാണെന്നും ഇത് വ്യക്തമാക്കുന്നു. ഇതിന് പ്രധാന കാരണം ലാര്‍ജ് ക്യാപ്പുകളിലെ തുടര്‍ച്ചയായ വലിയ തോതിലുള്ള എഫ്‌ഐഐ സെല്ലിംഗ് ആണ്. ഇത് ദീര്‍ഘകാലം നിലനില്‍ക്കില്ല, അതുകൊണ്ടുതന്നെ ഇതൊരു ലോങ്ങ് ടേം അവസരമാണ്.

Dr. V. K. Vijayakumar
Dr. V. K. Vijayakumar serves as the Chief Investment Strategist at Geojit Financial Services, one of India’s leading investment services companies.
Image: AI-generated
Highlights
  • വിപണിയെ നെഗറ്റീവ് ആയി ബാധിക്കുന്നത് തുടര്‍ച്ചയായ, വലിയ തോതിലുള്ള എഫ്‌ഐഐ സെല്ലിംഗ് ആണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓഹരികളിലേക്കുള്ള പോര്‍ട്ട്‌ഫോളിയോ ഒഴുക്ക് അവിശ്വസനീയമായ വണ്ണം ശക്തമായി തുടരുകയാണ്
  • മിഡ്, സ്മാള്‍ ക്യാപ്പ് ഓഹരികളുടെ വാല്യുവേഷന്‍ വളരെ ഉയര്‍ന്നതാണെന്നും ലാര്‍ജ് ക്യാപ്പ് ഓഹരികളുടേത് കുറവാണെന്നും യുക്തിസഹമാണെന്നും ഇത് വ്യക്തമാക്കുന്നു

വിപണിയിലെ വലിയ വ്യതിയാനങ്ങള്‍ തുടരുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധമുഖത്തു നിന്നുള്ള വാര്‍ത്തകള്‍ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ചാഞ്ചാട്ടം ഉണ്ടാക്കുന്നു. യുദ്ധം അവസാനിച്ചു എന്ന മട്ടിലുള്ള പ്രഖ്യാപനമാണ് മേയ് ആദ്യ വാരം അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ഈസ് കണ്‍ക്ലൂഡഡ്’. പ്രസിഡന്റ് ട്രംപിനേക്കാള്‍ വിശ്വാസ്യതയുള്ള ആളാണ് മാര്‍ക്കോ റൂബിയോ, അതുകൊണ്ടുതന്നെ ബ്രെന്‍ഡ് ക്രൂഡ് വില 100 ഡോളറിനടുത്തേക്ക് താണിട്ടുണ്ട്. എങ്കിലും അമേരിക്കയുടെ ഈ പ്രഖ്യാപനങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നത് സൂക്ഷിച്ചു വേണം, ഇറാന്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. സാമ്പത്തികമായി തകര്‍ന്ന ഇറാന് അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ ആകില്ല; വിലക്കയറ്റവും മരുന്നുകള്‍ അടക്കമുള്ള അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും രൂക്ഷമാണ്. സ്വന്തം പോപ്പുലാരിറ്റി റേറ്റിങ്ങില്‍ വലിയ തകര്‍ച്ച നേരിടുന്ന പ്രസിഡന്റ് ട്രംപിനും രാഷ്ട്രീയമായി വലിയ തിരിച്ചടികള്‍ ഉണ്ടാവും, പ്രത്യേകിച്ച് നവംബറിലെ മിഡ്-ടേം ഇലക്ഷനില്‍; അതുകൊണ്ട് അല്‍പ്പം പ്രതീക്ഷയ്ക്ക് വകയുണ്ട്.

ഇന്ത്യയില്‍ നാം സാമ്പത്തികമായി ഭേദപ്പെട്ട നിലയിലാണ് എന്ന് പറയാം. ക്യു ഫോര്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഇക്കണോമിക് ഗ്രോത്ത് മൊമെന്റം തുടരുന്നു എന്നാണ്. പ്രത്യേകിച്ച് ഓട്ടോമൊബൈല്‍ മേഖലയിലെ ശക്തമായ വളര്‍ച്ച തുടരുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ജിഎസ്ടി നിരക്കിളവും കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകുന്ന ക്രെഡിറ്റ് ഫെസിലിറ്റിയും ഓട്ടോമൊബൈല്‍ മേഖലയുടെ കുതിപ്പിന് ശക്തിയേകുന്നു. അതുകൊണ്ടുതന്നെ ഓട്ടോമൊബൈല്‍ ഓഹരികളുടെ വിലകളും ശക്തമായി തുടരുന്നു. വിപണിയെ നെഗറ്റീവ് ആയി ബാധിക്കുന്നത് തുടര്‍ച്ചയായ, വലിയ തോതിലുള്ള എഫ്‌ഐഐ സെല്ലിംഗ് ആണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓഹരികളിലേക്കുള്ള പോര്‍ട്ട്‌ഫോളിയോ ഒഴുക്ക് അവിശ്വസനീയമായ വണ്ണം ശക്തമായി തുടരുകയാണ്. എഐ കമ്പനികളുടെ ലാഭത്തില്‍ ഉണ്ടാകുന്ന സ്‌ഫോടനാത്മകമായ വര്‍ദ്ധനവ് ഈ എഐ ട്രേഡിനെ ഫണ്ടമെന്റല്‍ ആയി സപ്പോര്‍ട്ട് ചെയ്യുന്നു. ഒറ്റ ഉദാഹരണം ഇത് വ്യക്തമാക്കും: ദക്ഷിണ കൊറിയയില്‍ 2026-ല്‍ പ്രതീക്ഷിക്കുന്നത് 100 ശതമാനം ഏണിങ്‌സ് ഗ്രോത്ത് ആണ്; ദീര്‍ഘകാലത്തെ 12 ശതമാനം ഏണിംഗ്‌സ് ഗ്രോത്തിന്റെ സ്ഥാനത്താണ് ഈ 100 ശതമാനമെന്നത് ശ്രദ്ധേയമാണ്. ദക്ഷിണ കൊറിയയും തായ്വാനും യുഎസുമാണ് ഈ വളര്‍ച്ചയെ നയിക്കുന്നത്.

ക്യു4 ഫലങ്ങളോട് വിപണി വ്യക്തമായി പ്രതികരിക്കുന്നുണ്ട്. മുകളിലേക്കും താഴേക്കും ദിവസേന 5 മുതല്‍ 10 ശതമാനം വരെ ചില ഓഹരികളില്‍ വ്യതിയാനം കാണാം. നല്ല റിസള്‍ട്‌സ് പ്രഖ്യാപിക്കുന്ന കമ്പനികളുടെ വാല്യുവേഷന്‍സും ഗണ്യമായി ഉയരുന്നുണ്ട്. വാല്യുവേഷന്‍സിനെ സംബന്ധിച്ച് രണ്ടു കാര്യങ്ങള്‍ പറയാം: ഒന്ന്, നിഫ്റ്റി 50-യുടെ പിഇ റേഷ്യോ ഇപ്പോള്‍ 20 ആണ്. നിഫ്റ്റി മിഡ് ക്യാപ്പ് ഇന്‍ഡക്‌സിന്റെ പിഇ റേഷ്യോ 35 ആണ്; നിഫ്റ്റി സ്മാള്‍ ക്യാപ്പ് ഇന്‍ഡക്‌സിന്റെ പിഇ റേഷ്യോ 30 ഉം. മിഡ്, സ്മാള്‍ ക്യാപ്പ് ഓഹരികളുടെ വാല്യുവേഷന്‍ വളരെ ഉയര്‍ന്നതാണെന്നും ലാര്‍ജ് ക്യാപ്പ് ഓഹരികളുടേത് കുറവാണെന്നും യുക്തിസഹമാണെന്നും ഇത് വ്യക്തമാക്കുന്നു. രണ്ട്, ഈ വാല്യുവേഷന്‍ വ്യതിയാനത്തിനുള്ള പ്രധാന കാരണം ലാര്‍ജ് ക്യാപ്പുകളിലെ, പ്രത്യേകിച്ച് ഫൈനാന്‍ഷ്യല്‍സിലെയും ഐടിയിലെയും തുടര്‍ച്ചയായ വലിയ തോതിലുള്ള എഫ്‌ഐഐ സെല്ലിംഗ് ആണ്. ഇത് ദീര്‍ഘകാലം നിലനില്‍ക്കില്ല, അതുകൊണ്ടുതന്നെ ഇതൊരു ലോങ്ങ് ടേം അവസരമാണ്; ലോങ്ങ് ടേം എന്നാല്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ കാലയളവാണ്.

📊 ഐടി, സ്വകാര്യ ബാങ്ക് തിരിച്ചടി

സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കുകളിലും ഐടി ഓഹരികളിലും സമീപകാലത്ത് സാരമായ തിരിച്ചടിയാണ് കണ്ടുവരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മൂലമുണ്ടാകാനിടയുള്ള ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് ഐടി മേഖലയിലെ മോശം പ്രകടനത്തിന് പ്രധാന കാരണം. അതിനാല്‍ ഈ മേഖലയില്‍ വാങ്ങലുകള്‍ കുറയുകയും വില്‍പ്പന സമ്മര്‍ദം വര്‍ധിക്കുകയും ചെയ്യുന്നു. മികച്ച ലാഭവും വായ്പാ വളര്‍ച്ചയും ഉണ്ടായിട്ടും സ്വകാര്യ ബാങ്കിംഗ് മേഖല പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നില്ല. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് (എഫ്പിഐ) ഈ മേഖലയില്‍ വലിയ നിക്ഷേപമുള്ളതും ലിക്വിഡിറ്റി കൂടുതലായതിനാല്‍ ഓഹരികള്‍ എളുപ്പത്തില്‍ വിറ്റഴിക്കാനാകുന്നതുമാണ് ഇതിന് കാരണം. മികച്ച പ്രകടനം നടത്തുന്ന വിദേശ വിപണികളിലേക്ക് മൂലധനം മാറ്റുന്നതിനായി എഫ്പിഐകള്‍ ഈ മേഖലയിലെ ഓഹരികള്‍ വിറ്റഴിക്കുകയാണ്.

ലാര്‍ജ് ക്യാപ്പുകളില്‍ ചില വിഭാഗങ്ങളിലെ വാല്യുവേഷന്‍സും വളര്‍ച്ചയും ഏറെ ഭേദപ്പെട്ടതാണ്; ഉദാഹരണത്തിന് ഓട്ടോമൊബൈല്‍സ്, പവര്‍, മെറ്റല്‍സ്, എന്‍ബിഎഫ്‌സി തുടങ്ങിയവ. ക്ഷീണമുള്ളത് മുന്‍നിര ബാങ്കിംഗ് ഓഹരികളിലാണ്, അവിടെയാണ് ഏറെ വാല്യുവേഷന്‍ കംഫര്‍ട്ട് ഉള്ളത്. ദീര്‍ഘകാല കാഴ്ചപ്പാടില്‍ മിഡ്, സ്മാള്‍ ക്യാപ് ഓഹരികളില്‍ എഫ്‌ഐഐകളുടെ നിക്ഷേപം കുറവാണ്. മാത്രമല്ല ചില ഓഹരികളില്‍ അവര്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയാണ്. ലാര്‍ജ് കാപ് വിറ്റഴിച്ച് സ്‌മോള്‍ കാപ് വാങ്ങുകയാണവര്‍. ദീര്‍ഘകാലം വലിയ വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ക്ക് ഉയര്‍ന്ന വാല്യുവേഷന്‍സ് നീതീകരിക്കാവുന്നതാണ്. ഉദാഹരണത്തിന് ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്, പവര്‍ സെക്ടര്‍ തുടങ്ങിയ മേഖലകള്‍. ക്യാപ്പിറ്റല്‍ മാര്‍ക്കറ്റില്‍, പ്രത്യേകിച്ച് ഡുവോപോളിയുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പോലെയുള്ള മേഖലകള്‍ പ്രത്യേകം ശ്രദ്ധിക്കുക.

ലാര്‍ജ് ക്യാപ് ഓഹരികളില്‍ മൂല്യം കാണുന്ന ഒരു ‘വാല്യൂ ഇന്‍വെസ്റ്റര്‍’ ആണ് നിങ്ങളെങ്കില്‍, വളര്‍ച്ചാ സാധ്യതയുള്ള ആ ഓഹരികളില്‍ നിക്ഷേപം തുടരുക. എന്നാല്‍ നിങ്ങളൊരു ‘ഗ്രോത്ത് ഇന്‍വെസ്റ്റര്‍’ ആണെങ്കില്‍, വിപണിയിലെ ഇപ്പോഴത്തെ മുന്നേറ്റത്തിനൊപ്പം (മൊമന്റം) നീങ്ങുക. വാല്യൂ ഇന്‍വെസ്റ്റര്‍മാര്‍ക്ക് നല്ല ലാഭം ലഭിക്കാന്‍ കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. വാല്യൂ സ്റ്റോക്കുകള്‍ മികച്ച ഫലം കാണിച്ചു തുടങ്ങുമ്പോള്‍, ഗ്രോത്ത് സെഗ്മെന്റില്‍ ഒരു തിരുത്തല്‍ ഉണ്ടായേക്കാം.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

English Summary

The Indian stock market is facing short-term volatility driven by global crude oil fluctuations and heavy Foreign Institutional Investor (FII) selling, which is largely redirecting capital toward booming global Artificial Intelligence (AI) stocks. However, India's strong economic momentum—evidenced by robust Q4 results and a booming automobile sector—presents a compelling long-term opportunity for investors. While mid-cap and small-cap segments currently command high valuations, the large-cap space, particularly banking and financials, offers significant valuation comfort due to the recent FII exit. Experts suggest that value investors should patience-build positions in undervalued large-caps, while growth investors can continue riding the momentum in high-performing sectors like power and capital markets.
Share This Article
Dr. V. K. Vijayakumar serves as the Chief Investment Strategist at Geojit Financial Services, one of India’s leading investment services companies.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version