ഇന്ത്യൻ ഓഹരി വിപണിയിൽ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികൾ നേരിട്ട വൻ തിരിച്ചടിയെത്തുടർന്ന് നിഫ്റ്റി റിയൽറ്റി സൂചികയിൽ നാല് ശതമാനത്തോളം തകർച്ച രേഖപ്പെടുത്തി. ഡി.എൽ.എഫ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ലോധ തുടങ്ങിയ മുൻനിര കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞതോടെ ഒറ്റദിവസം കൊണ്ട് 25,000 കോടി രൂപയുടെ വിപണി മൂല്യമാണ് നിക്ഷേപകർക്ക് നഷ്ടമായത്. ഐ.ടി മേഖലയിലെ അനിശ്ചിതത്വങ്ങളും വായ്പാ പലിശ നിരക്കുകളെക്കുറിച്ചുള്ള ആശങ്കകളുമാണ് റിയൽ എസ്റ്റേറ്റ് മേഖലയെ ഈ വലിയ തകർച്ചയിലേക്ക് നയിച്ചത്.
ഐ ടി ചതിച്ചു
ഐ.ടി മേഖലയിലുണ്ടായ തകർച്ചയും പലിശ നിരക്കുകളെക്കുറിച്ചുള്ള ആശങ്കകളുമാണ് റിയൽ എസ്റ്റേറ്റ് ഓഹരികളെ പ്രധാനമായും ബാധിച്ചത്. ബെംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ വൻകിട നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് വീടുകളുടെ പ്ര പ്രധാന ഉപഭോക്താക്കൾ ഐ.ടി ജീവനക്കാരാണ്. ഐ.ടി കമ്പനികളിലെ അനിശ്ചിതത്വങ്ങളും ആഗോള സാമ്പത്തിക ആശങ്കകളും ഈ മേഖലയിലെ വീട് വാങ്ങൽ ശേഷിയെ ബാധിക്കുമെന്ന വിപണിയുടെ കണക്കുകൂട്ടൽ നിക്ഷേപകരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കൂടാതെ, ഉയർന്ന വായ്പാ പലിശ നിരക്കുകൾ റിയൽ എസ്റ്റേറ്റ് വെയ്പ്പുകളെ മന്ദഗതിയിലാക്കുമെന്ന ഭയവും നിക്ഷേപകരെ ഓഹരികൾ വിറ്റഴിക്കാൻ പ്രേരിപ്പിച്ചു.
ലാഭമെടുക്കൽ ആക്കം കൂട്ടി
ഇതോടൊപ്പം, മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനികളുടെ സമീപകാല സാമ്പത്തിക ഫലങ്ങളിലുണ്ടായ തിരിച്ചടികളും കമ്പനി തലത്തിലുള്ള ചില തർക്കങ്ങളും തിരിച്ചടിയുടെ ആഘാതം കൂട്ടി. ഉദാഹരണത്തിന്, ഗോദ്‌റെജ് പ്രോപ്പർട്ടീസിന്റെ പാദവാർഷിക ലാഭത്തിലുണ്ടായ കുറവും തർക്കപരിഹാരങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളും ഓഹരികളിൽ 5%-ലേറെ ഇടിവുണ്ടാക്കി. സമീപകാലത്ത് റിയൽ എസ്റ്റേറ്റ് ഓഹരികളുടെ മൂല്യം വളരെ ഉയർന്ന തലത്തിൽ നിൽക്കുകയായിരുന്നതിനാൽ, ലാഭമെടുക്കാൻ നിക്ഷേപകർ കാട്ടിയ ധൃതിയും ഈ വലിയ ഇടിവിന് കാരണമായി.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
