രക്തം പുരണ്ട നാണയങ്ങളും ശൂന്യമായ നിലവറകളും

ഇന്നത്തെ ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷം കേവലം മിസൈലുകളുടെ പോരാട്ടമല്ല, മറിച്ച് ആഗോള വിപണിയുടെ സിരകളെ അറുത്തുമാറ്റുന്ന ഒരു കൊടുംവാളാണ്. യുദ്ധാനന്തര ലോകത്തെ സമ്പദ്വ്യവസ്ഥയെപ്പറ്റി ആലോചിക്കുമ്പോള്‍ അത് ഭീതിദമായ ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്

P D Shankaranarayanan
A former senior banker, P D Shankaranarayanan writes as an independent observer of economic, social, scientific, and foreign affairs. His opinions in The Profit News are...

യുദ്ധം കഴിഞ്ഞുള്ള കുരുക്ഷേത്രത്തില്‍ വെറും ശവശരീരങ്ങള്‍ മാത്രമായിരുന്നില്ല വീണുകിടന്നത്; ആര്യവര്‍ത്തത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലുകൂടിയാണ് അവിടെ തകര്‍ന്നുപോയത്. കുട്ടിക്കൃഷ്ണമാരാര്‍ നിരീക്ഷിക്കുന്നത് പോലെ, പതിനെട്ടു നാള്‍ നീണ്ട ആ അശ്വമേധം കഴിഞ്ഞപ്പോള്‍ ഹസ്തിനപുരിയുടെ ഖജനാവ് ശൂന്യമായിരുന്നു. മരിച്ചവര്‍ക്ക് പിതൃതര്‍പ്പണം നടത്താന്‍ പോലും ധര്‍മ്മപുത്രര്‍ക്ക് പിന്നീട് പ്രജകളില്‍ നിന്ന് നികുതി പിരിക്കേണ്ടി വന്നു. അത് സമ്പത്തിന്റെ വിനാശകരമായ ഒരു ചക്രം തിരിയുന്നതിന്റെ തുടക്കമായിരുന്നു.

ഇന്നത്തെ ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷം കേവലം മിസൈലുകളുടെ പോരാട്ടമല്ല, മറിച്ച് ആഗോള വിപണിയുടെ സിരകളെ അറുത്തുമാറ്റുന്ന ഒരു കൊടുംവാളാണ്. യുദ്ധാനന്തര ലോകത്തെ സമ്പദ്വ്യവസ്ഥയെപ്പറ്റി ആലോചിക്കുമ്പോള്‍ അത് ഭീതിദമായ ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

1. സ്വര്‍ണ്ണത്തിന്റെ സിംഹാസനം:

ഭാരതയുദ്ധത്തിന് ശേഷം പാണ്ഡവര്‍ക്ക് അശ്വമേധയാഗം നടത്താന്‍ ഹിമാലയത്തിലെ മരുത്തന്‍ എന്ന രാജാവിന്റെ ഉപേക്ഷിക്കപ്പെട്ട സ്വര്‍ണ്ണഖനികളെ ആശ്രയിക്കേണ്ടി വന്നു. വരാനിരിക്കുന്ന ലോകത്തും ഇതുതന്നെ സംഭവിക്കും. പോളണ്ട്, റഷ്യ ഒക്കെ യുദ്ധസന്നാഹം തീര്‍ക്കാന്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. കടലാസ് കറന്‍സികള്‍ക്കും ഡിജിറ്റല്‍ അക്കങ്ങള്‍ക്കും മൂല്യം നഷ്ടപ്പെടുമ്പോള്‍, മനുഷ്യന്‍ വീണ്ടും ആ പഴയ മഞ്ഞലോഹത്തിലേക്ക് മടങ്ങും. കാശൂക്കുള്ള രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ്ണം കുന്നുകൂട്ടുമ്പോള്‍ സാധാരണക്കാരന്റെ കയ്യിലെ പണം കേവലം ചപ്പിലകളായി മാറും. സമാധാനം നഷ്ടപ്പെട്ട ലോകത്ത് ‘വിശ്വാസം’ എന്ന മൂല്യം ഇല്ലാതാകുന്നതാണ് ഇതിന് കാരണം.

2. എണ്ണയും ഊര്‍ജ്ജവും: പുതിയ ഗാന്ധാരി ശാപം:

പശ്ചിമേഷ്യയിലെ എണ്ണപ്പാടങ്ങള്‍ കരിഞ്ഞുണങ്ങുമ്പോള്‍ ലോകത്തിന്റെ യന്ത്രക്കൈകള്‍ നിശ്ചലമാകും. ഇത് കേവലം വിലക്കയറ്റമല്ല, മറിച്ച് ആധുനിക നാഗരികതയുടെ ഇന്ധനം നിലച്ചുപോകുന്ന അവസ്ഥയാണ്. ഗാന്ധാരിയുടെ ശാപമേറ്റ് യാദവകുലം നശിച്ചതുപോലെ, എണ്ണയെ മാത്രം ആശ്രയിച്ചു നിന്ന സാമ്രാജ്യങ്ങള്‍ തകര്‍ന്നടിയും. കൃഷിയിലേക്കും ലളിതമായ ഊര്‍ജ്ജസ്രോതസ്സുകളിലേക്കും മനുഷ്യന്‍ നിര്‍ബന്ധിതനായി മടങ്ങേണ്ടി വരും. ആഡംബരങ്ങളുടെ കൊട്ടാരങ്ങള്‍ ഉപേക്ഷിച്ച് വാനപ്രസ്ഥത്തിന് ഇറങ്ങുന്ന പാണ്ഡവരെപ്പോലെ, മനുഷ്യന്‍ തന്റെ അനാവശ്യമായ ഉപഭോഗ സംസ്‌കാരത്തോട് വിടപറയും.

3. സാങ്കേതികവിദ്യയുടെ ഇരുണ്ട വശം:

യുദ്ധത്തിന് ആയുധം നല്‍കിയ സാങ്കേതികവിദ്യ പിന്നീട് മനുഷ്യനെ അടിമയാക്കുന്ന സാമ്പത്തിക രൂപമായി മാറും. ഡാറ്റയും നിര്‍മ്മിതബുദ്ധിയും (AI) സമാധാനകാലത്ത് വിപണികളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കപ്പെടും. യുദ്ധാനന്തരം ലോകം രണ്ട് തട്ടിലാകും-സാങ്കേതികവിദ്യ കൈവശമുള്ള ‘ദേവന്മാരും’ അതില്ലാത്ത ‘അസുരന്മാരും’. ഈ സാമ്പത്തിക അസമത്വം പുതിയൊരു കുരുക്ഷേത്രത്തിന് വിത്തുപാകും.

4. അതിജീവനത്തിന്റെ സമ്പദ്വ്യവസ്ഥ:

എല്ലാ യുദ്ധങ്ങള്‍ക്കും ശേഷം ജയിച്ചവരും തോറ്റവരും ഒടുവില്‍ എത്തിച്ചേരുന്നത് മണ്ണിലേക്കാണ്. ആഗോള വിപണികള്‍ തകര്‍ന്ന് പരസ്പര വിശ്വാസം നഷ്ടപ്പെടുമ്പോള്‍, പ്രാദേശികമായ വിപണികള്‍ (Local Economies) ശക്തിപ്പെടും. അത് ഭീമന്‍ തന്റെ ഗദ ഉപേക്ഷിച്ച് മണ്ണില്‍ കലപ്പ പിടിക്കുന്നതുപോലെയാകും. അതിജീവനത്തിനായി മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ഒരു സാമ്പത്തിക മാതൃകയെക്കുറിച്ച് ചിന്തിച്ചു തുടങ്ങും.

ചുരുക്കത്തില്‍, യുദ്ധാനന്തര സമ്പദ്വ്യവസ്ഥ എന്നത് വലിയ അക്കങ്ങളുടെ കളിയല്ല, മറിച്ച് മുറിവേറ്റ മനുഷ്യന്റെ വിശപ്പടക്കാനുള്ള നെട്ടോട്ടമായിരിക്കും. അശ്വത്ഥാമാവിന്റെ ബ്രഹ്‌മാസ്ത്രം ഗര്‍ഭസ്ഥ ശിശുക്കളെപ്പോലും ബാധിച്ചതുപോലെ, ഇന്നത്തെ യുദ്ധം വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യതകള്‍ വരുംതലമുറകളെക്കൂടി കടക്കെണിയിലാക്കും. ശൂന്യമായ നിലവറകള്‍ക്ക് മുന്നിലിരുന്ന് വിജയഭേരി മുഴക്കുന്ന ധര്‍മ്മപുത്രരാകാനാണോ ആധുനിക ഭരണാധികാരികളുടെ വിധി എന്ന് കാലം തെളിയിക്കും.

(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ലേഖകന്‍ ഇപ്പോള്‍ പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണ ബാങ്കിന്റെ മാനേജിങ് ഡയറക്ടറാണ്. അഭിപ്രായങ്ങള്‍ വ്യക്തിപരം)

English Summary

Drawing deep parallels from the aftermath of the Mahabharata war, this insightful piece analyzes the devastating economic repercussions of the ongoing Iran-America-Israel conflict. Just as Kurukshetra left Hastinapura's coffers empty, modern warfare threatens to dismantle the global financial skeleton. The author projects a grim post-war reality characterized by a massive flight to gold as fiat currencies lose trust, a catastrophic collapse of oil-dependent empires, and an deepening chasm of economic inequality driven by the monopolization of Artificial Intelligence and tech data. Ultimately, the globalized market may shatter, forcing humanity to retreat from a culture of hyper-consumerism toward hyper-local, survival-driven, and agrarian economies to escape a legacy of generational debt.
Share This Article
A former senior banker, P D Shankaranarayanan writes as an independent observer of economic, social, scientific, and foreign affairs. His opinions in The Profit News are his own.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version