മേയില്‍ വിറ്റൊഴിഞ്ഞാല്‍ ആശ്വാസ റാലി നഷ്ടമായേക്കും!

രണ്ടു മാസത്തിലേറെ നീണ്ട ഇറാന്‍ സംഘര്‍ഷം ഒരു നിര്‍ണായക വഴിത്തിരിവിന് തൊട്ടടുത്താണ്. വെടിനിര്‍ത്തല്‍ നടപ്പായെങ്കിലും ലോകത്തെ ഏറ്റവും വലിയ വ്യാപാര റൂട്ടുകളിലൊന്നായ ഹോര്‍മുസില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു. ഫലത്തില്‍ യുദ്ധം അവസാനിച്ചു, എന്നാല്‍ സംഘര്‍ഷം തുടരുന്നു എന്ന അവസ്ഥ. ക്രൂഡ് ഓയില്‍ വില 100 ഡോളറിനരികെ നിലയുറപ്പിച്ചിരിക്കുന്നു. യുദ്ധം ഔദ്യോഗികമായി അവസാനിച്ചാല്‍ കുതിച്ചുയരാന്‍ തയാറായി നില്‍ക്കുകയാണ് ഇന്ത്യന്‍ വിപണി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചില ഓഹരികളില്‍ റാലി ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് മേയ് മാസമാണെന്ന വസ്തുത കൂടി നിക്ഷേപകരുടെ മുന്നിലുണ്ട്. മേയില്‍ വിപണിയില്‍ നിന്ന് വിറ്റൊഴിയണം (‘Sell in May and go away’) എന്നൊരു പ്രശസ്തമായ ചൊല്ല് തന്നെയുണ്ട്. പൊതുവെ ലാഭം തരാത്ത മാസമെന്നാണ് മേയുടെ ചീത്തപ്പേര്. എന്നാല്‍ ഒരു യുദ്ധം അവസാനിക്കാന്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ചൊല്ലില്‍ പതിരുണ്ടോ?

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Highlights
  • കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, മേയ് മാസത്തില്‍ നിഫ്റ്റി സൂചിക ശരാശരി 2.3 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. അതില്‍ ഏഴ് വര്‍ഷവും പോസിറ്റീവ് നേട്ടത്തോടെയാണ് വിപണി മാസവ്യാപാരം അവസാനിപ്പിച്ചത്

മേയ് മാസത്തിന്റെ തുടക്കത്തിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മാര്‍ച്ച് മാസത്തിന്റെ തുടക്കം മുതല്‍ വിപണിയെ കുത്തനെ താഴേക്കു വീഴ്ത്തിയ ഇറാന്‍ യുദ്ധം തീര്‍ന്നെന്നും തീര്‍ന്നില്ലെന്നും പറയാവുന്ന നിലയിലാണ്. സംഘര്‍ഷം പൂര്‍ണമായി അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ യുഎസും ഇറാനും തമ്മില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ പരസ്പരമുള്ള അക്രമങ്ങള്‍ തുടരുന്നു. ചെറുതായൊന്ന് താഴേക്കിറങ്ങിയെങ്കിലും ക്രൂഡ് ഓയില്‍ വില 100 ഡോളറിന് ചാരെ തുടരുന്നു.

ഇതൊക്കെയാണെങ്കിലും കഴിഞ്ഞ മാസം, 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും ശക്തമായ മാസാന്ത്യ റാലികളിലൊന്നിന് വിപണി സാക്ഷ്യം വഹിക്കുകയുണ്ടായി. ഇറാന്‍-യുഎസ് വെടിനിര്‍ത്തലാണ് ഈ റാലിക്ക് ജീവനേകിയത്. ഈ സാഹചര്യത്തില്‍, ‘Sell in May’ അഥവാ മേയില്‍ വിപണിയെ വിറ്റൊഴിയാം എന്ന പഴയ വിപണി ചൊല്ല് പിന്തുടരുന്നത് ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അത്ര അനുയോജ്യമല്ലെന്നാണ് ഭൂരിഭാഗം വിപണി വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അന്ധമായി അത്തരമൊരു നയം പിന്തുടര്‍ന്നാല്‍ നഷ്ട സാധ്യതകള്‍ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വാദത്തിന് ബലമേകുന്ന സാഹചര്യങ്ങള്‍ വിലയിരുത്താം. അടുത്തിടെ ഉണ്ടായ ഗണ്യമായ തിരുത്തലിനെ തുടര്‍ന്ന് ഓഹരികളുടെ ഉയര്‍ന്ന മൂല്യനിര്‍ണയം കുറച്ചുകൂടി താഴുകയും നീതികരിക്കാവുന്ന തലത്തിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് പുറത്തുവരുന്ന നാലാം പാദ ഫലങ്ങള്‍ പലതും സാഹചര്യം മെച്ചപ്പെടുന്നെന്ന സൂചന നല്‍കുന്നു. വരും മാസങ്ങളില്‍ കമ്പനികളുടെ ലാഭവളര്‍ച്ച മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

മിഥ്യാധാരണ മാത്രം

മേയില്‍ വിറ്റഴിച്ചൊഴിയാമെന്ന ചൊല്ല് ഇന്ത്യന്‍ വിപണികളുടെ കാര്യത്തില്‍ വലിയൊരു മിഥ്യാധാരണ മാത്രമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ചരിത്രപരമായ കണക്കുകളും മേയ് മാസത്തില്‍ ഓഹരികളില്‍ നിന്ന് പിന്മാറണമെന്ന വാദത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, മേയ് മാസത്തില്‍ നിഫ്റ്റി സൂചിക ശരാശരി 2.3 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. അതില്‍ ഏഴ് വര്‍ഷവും പോസിറ്റീവ് നേട്ടത്തോടെയാണ് വിപണി മാസവ്യാപാരം അവസാനിപ്പിച്ചത്. 2018, 2020, 2022 വര്‍ഷങ്ങളിലെ ഇടിവുകള്‍ ഇതിന് അപവാദമാണ്. എന്നാല്‍ ഇത് പ്രധാനമായും കോവിഡ്-19 മഹാമാരി, പലിശനിരക്ക് വര്‍ധന തുടങ്ങിയ അസാധാരണ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു.

ഏപ്രില്‍ പാതിയോടെ വിപണികള്‍ മികച്ച തിരിച്ചുവരവ് തന്നെ നടത്തി. വിപണിയിലെ അഡ്വാന്‍സ്-ഡിക്ലൈന്‍ റേഷ്യോ (എഡിആര്‍) ഏപ്രിലില്‍ 1.54 ആയി ഉയര്‍ന്നു. 2020 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാര്‍ച്ചില്‍ എഡിആര്‍ 0.77 ലേക്ക് താഴ്ന്നിരുന്നു. ഇവിടെ നിന്ന് മികച്ച തിരിച്ചുവരവാണ് വിപണി നടത്തിയത്. ഇന്‍ഡക്‌സിലേക്ക് നോക്കിയാല്‍ സെന്‍സെക്‌സ് ഏപ്രിലില്‍ 6.9 ശതമാനം ഉയര്‍ന്നപ്പോള്‍, നിഫ്റ്റി 7.5 ശതമാനം നേട്ടം രേഖപ്പെടുത്തി. മാര്‍ച്ചില്‍ ഇരു സൂചികകളും 11 ശതമാനത്തിലധികം ഇടിഞ്ഞതിന് ശേഷമാണ് ഈ തിരിച്ചുവരവ് ഉണ്ടായത്.

നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപം തുടരുന്നതാണ് കൂടുതല്‍ യുക്തിസഹമായ സമീപനമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ഗവേഷണ വിഭാഗം മേദാവി ദേവര്‍ഷ് വകീല്‍ പറയുന്നു. ശക്തമായ വരുമാന സാധ്യതയുള്ള, ഗുണമേന്മയുള്ള ഓഹരികളില്‍ നിക്ഷേപം തുടരുകയും, വിപണിയിലെ ചാഞ്ചാട്ട ഘട്ടങ്ങള്‍ കൂടുതല്‍ ഓഹരികള്‍ സമാഹരിക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമ്പത്തിക സൂചകങ്ങള്‍ സമ്മിശ്രമാണെങ്കിലും പോസിറ്റീവ് ചിത്രം തന്നെയാണ് നല്‍കുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പകളും റീട്ടെയില്‍ ലോണുകളും 16 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി. വായ്പാ വളര്‍ച്ച ശക്തമായി തുടരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ കയറ്റുമതി, ഉല്‍പ്പാദനം, ജിഎസ്ടി പിരിവ് എന്നിവ ഒരു കണ്‍സോളിഡേഷന്റെ സൂചനയാണ് നല്‍കുന്നത്.

മികച്ച മൂല്യനിര്‍ണയം

വാല്യുവേഷന്‍ ആശങ്കകളാണ് ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയെ മഥിച്ചിരുന്നത്. വിദേശ നിക്ഷേപകരുടെ കരുതലോടെയുള്ള സമീപനം ഈ പെരുപ്പിച്ച മൂല്യനിര്‍ണയത്തെ കരുതിയായിരുന്നു. സമീപകാലത്തെ തിരുത്തലിന് ശേഷം വിപണി മൂല്യനിര്‍ണയങ്ങള്‍ ദീര്‍ഘകാല ശരാശരിയിലേക്ക് കൂടുതല്‍ അടുത്തിട്ടുണ്ട്. ഇതോടെ വിപണിയുടെ അടുത്ത മുന്നേറ്റത്തിനുള്ള അടിസ്ഥാന ഘടകങ്ങള്‍ രൂപപ്പെട്ടെന്ന് വിലയിരുത്താവുന്നതാണ്.

മേയ് മാസത്തില്‍ ഒരു കുതിപ്പും റാലിയും വിപണി വിദഗ്ധരില്‍ ഭൂരിഭാഗവും പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും മേയ് മാസ ഭീതിയില്‍ വിപണിയില്‍ നിന്നുള്ള ഒരു പൂര്‍ണമായ പിന്‍മാറ്റം നിക്ഷേപകരെ സംബന്ധിച്ച് അപകടകരമായിരിക്കും. സംഘര്‍ഷത്തില്‍ ചെറിയ തോതിലുള്ള ശമനമുണ്ടാവുകയും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കപ്പെടുകയും ചെയ്താല്‍ വിപണിയില്‍ ഒരു ആശ്വാസ റാലി ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ക്രൂഡില്‍ ജാഗ്രത

ക്രൂഡ് ഓയില്‍ പ്രതിസന്ധിയാണ് നിലവില്‍ ഇന്ത്യയെ പരിക്ഷീണിപ്പിക്കുന്നത്. നഷ്ടം സഹിച്ചാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ എണ്ണ വില്‍പ്പന. അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നതു മൂലം ഇന്ത്യന്‍ എണ്ണ വിതരണ കമ്പനികള്‍ക്ക്് പ്രതിമാസം 30,000 കോടി രൂപ നഷ്ടമുണ്ടാകുന്നെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ ഒരു ലിറ്ററിന് 24 രൂപ വരെ നഷ്ടത്തിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. രണ്ടുമാസമായി നഷ്ടം സഹിച്ചുള്ള ഈ വില്‍പ്പന തുടരുന്നു. ജപ്പാന്‍, സ്പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ 30-35 ശതമാനത്തോളം ഇന്ധന വിലവര്‍ധന കഴിഞ്ഞ രണ്ടു മാസത്തിനിടെ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ എണ്ണവിലയില്‍ തൊടാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടായില്ല. എന്നാല്‍ ഈ മാസം പാതിയോടെ ഇന്ത്യയില്‍ ഒരു ഇന്ധന വില വര്‍ധന അനിവാര്യമായിട്ടുണ്ട്. പെട്രോളിനും ഡീസലിനും 5 രൂപ വരെ വര്‍ധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എണ്ണക്കമ്പനികള്‍ക്ക് ഈ വര്‍ധനയും കാര്യമായി ആശ്വാസം പകരില്ല. ഫലത്തില്‍ ക്രൂഡ് ഓഹരികളില്‍ ബലഹീനത തുടര്‍ന്നേക്കാം. വിലവര്‍ധന സമഗ്ര മേഖലകളെയും ബാധിക്കുന്നതാണ്. ക്രൂഡ് ഓയില്‍ കൂടുതലായി ഉപയോഗിക്കുന്ന മേഖലകളിലെ നിക്ഷേപം കുറയ്ക്കുകയും, രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നിന്ന് ഗുണം ലഭിക്കാവുന്ന ഫാര്‍മ പോലുള്ള കയറ്റുമതി അധിഷ്ഠിത മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് അഭികാമ്യമെന്ന് വിപണി വിദഗ്ദര്‍ നിരീക്ഷിക്കുന്നു. ഇന്ധന വിലവര്‍ധനയുടെ ആഘാതം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ കഴിയുന്ന, ശക്തമായ വിലനിര്‍ണയ ശേഷിയുള്ള ആഭ്യന്തര മേഖലകളും ഇപ്പോള്‍ ആകര്‍ഷകമാണ്.

മികച്ച ക്യു4

2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദമായ മാര്‍ച്ച് പാദത്തില്‍ (ക്യു4) താരതമ്യേന മികച്ച ഫലങ്ങളാണ് പുറത്തുവരുന്നത്. കോര്‍പ്പറേറ്റ് വരുമാനം സ്ഥിരത പുലര്‍ത്തിയിട്ടുണ്ട്. തങ്ങളുടെ നിരീക്ഷണ പരിധിയിലുള്ള ഏകദേശം 20 ശതമാനം കമ്പനികള്‍ ഇതുവരെ പ്രതീക്ഷിച്ച നിലയിലുള്ള വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് എംകേ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 46 ശതമാനം കമ്പനികള്‍ പ്രവചനങ്ങളെ മറികടന്നപ്പോള്‍, 29 ശതമാനം കമ്പനികളുടെ പ്രകടനം പ്രതീക്ഷയില്‍ താഴെയായിരുന്നു.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

English Summary

Despite the popular market adage "Sell in May and go away," experts advise Indian investors against blindly exiting the market this month. While geopolitical tensions in the Strait of Hormuz and elevated crude oil prices near $100 persist, a potential Iran-US ceasefire has set the stage for a strong relief rally. Backed by corrected valuations, robust Q4 corporate earnings, and strong credit growth, historically, Nifty has yielded a 2.3% average gain in May over the last decade. Instead of a complete exit, investors are recommended to stay invested in quality stocks, use market volatility to accumulate shares, and pivot from high-crude-dependent sectors to defensive, export-oriented sectors like Pharmaceuticals and consumption sectors with strong pricing power.
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version