യുദ്ധത്തിന്റെ ചൂടറിഞ്ഞ് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അഞ്ച് യുദ്ധങ്ങളാണ് ലോകത്തെയാകെ സമ്മര്‍ദ്ദത്തിലാക്കിയത്. 2022 ല്‍ ആരംഭിച്ച ഉക്രെയ്ന്‍ യുദ്ധം ഇന്നും ഏറിയും കുറഞ്ഞും തുടരുന്നു. തൊട്ടടുത്ത വര്‍ഷം ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ ഗാസ യുദ്ധക്കളമായി. 2025 ല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെയും ഒപ്പം അമേരിക്കയെയും നടുക്കി ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍. തൊട്ടുപിന്നാലെ ഇറാനും ഇസ്രയേലും പിന്നീട് യുഎസും ഉള്‍പ്പെട്ട 12 ദിന യുദ്ധം. ഇപ്പോള്‍ ഇറാനെ തച്ചുതകര്‍ത്ത് വീണ്ടും ഒരു യുദ്ധം കൂടി. ഗള്‍ഫ് മേഖലയാകെ അശാന്തി പടര്‍ത്തി ഇറാന്റെ പ്രത്യാക്രമണം. ലോകത്തിനാവശ്യമായ എണ്ണയുടെ 20% കടന്നു പോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുകയും ഗള്‍ഫിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും ചെയ്തതോടെ ലോകവും ഒപ്പം ഇന്ത്യയും പുതിയ പ്രതിസന്ധി നേരിടുകയാണ്.

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor

ഗള്‍ഫിലെ അശാന്തി വ്യാപാരത്തെയും ഗതാഗതത്തെയും പ്രൊജക്റ്റുകളെയും ക്രൂഡ് ഓയിലിനെയുമെല്ലാം ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇന്‍ഫ്രാസ്ട്രക്ചര്‍, വ്യോമഗതാഗതം, ഊര്‍ജ്ജം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ലോജിസ്റ്റിക്സ്, ഫാര്‍മ എന്നീ മേഖലകളിലെ മൂന്നു ഡസനിലേറെ ഇന്ത്യന്‍ കമ്പനികളെ ഇത് നേരിട്ടോ പരോക്ഷമായോ ബാധിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖല നേരിടുന്ന വലിയൊരു വെല്ലുവിളിയാവും ഈ സാഹചര്യം.

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 40 ശതമാനത്തിലധികവും പ്രതിസന്ധിയുടെ കേന്ദ്രബിന്ദുവായ ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഈ മേഖലയില്‍ തടസ്സങ്ങളുണ്ടായാല്‍ ഇപ്പോള്‍ 82 കടന്നു നില്‍ക്കുന്ന ക്രൂഡ് ഓയില്‍ വില 90 ഡോളറിന് മുകളിലേക്കും, ഒരു പ്രാദേശിക യുദ്ധമുണ്ടായാല്‍ 100 ഡോളറിന് മുകളിലേക്കും ഉയര്‍ന്നേക്കാം. ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടാകുന്ന ഓരോ ഡോളറിന്റെ വര്‍ദ്ധനവും ഇന്ത്യയുടെ വാര്‍ഷിക ഇറക്കുമതി ചെലവില്‍ ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ അധിക ബാധ്യതയുണ്ടാക്കും.

ജെഫറീസിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 17% പശ്ചിമേഷ്യയിലേക്കാണ്. 202425 സാമ്പത്തിക വര്‍ഷത്തില്‍ ജിസിസി രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 5,700 കോടി ഡോളറായിരുന്നു. ഇറക്കുമതിയാവട്ടെ 12,170 കോടി രൂപയുടേതും. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 55% ഇവിടെ നിന്നാണ് ലഭിക്കുന്നത്. ആവശ്യമായ എല്‍എന്‍ജിയുടെ പാതിയും ഇന്ത്യ ഹോര്‍മിസിലൂടെയാണ് എത്തിക്കുന്നത്. കുവൈറ്റും ഖത്തറും ബഹ്‌റൈനും സൗദിയുമാണ് പ്രധാന സപ്ലൈയര്‍മാര്‍. മലയാളികളടക്കം പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ 38% ഈ മേഖലയില്‍ നിന്നാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 45 ബില്യണ്‍ ഡോളറായിരുന്നു റെമിറ്റന്‍സ്.

എണ്ണ നഷ്ടത്തില്‍

അടിയന്തരമായി ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് എണ്ണക്കമ്പനികളാണ്. ബ്രെന്റ് ക്രൂഡ് വില ഉയരുന്നത് എണ്ണക്കമ്പനികളുടെ ലാഭവിഹിതത്തെ ബാധിക്കും. നിലവില്‍ ലിറ്ററിന് 2.9 രൂപയായി കുറഞ്ഞ ലാഭവിഹിതം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ ഓയില്‍ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പിസിഎല്‍) തുടങ്ങിയ കമ്പനികളിലെ നിക്ഷേപം പരിമിതപ്പെടുത്താനാണ് ജെഎം ഫിനാന്‍ഷ്യലിന്റെ ഉപദേശം. എച്ച്പിസിഎലിന് 410 ഉം ഐഒസിക്ക് 165 ഉം ബിപിസിഎലിന് 350 ഉം ആണ് ടാര്‍ഗറ്റ് പ്രൈസ്. ക്രൂഡ് വില 80 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍ ഇന്ധനവില വര്‍ദ്ധനവോ നികുതി കുറയ്ക്കലോ അനിവാര്യമായി വരും. ബാരലിന് 10 ഡോളര്‍ വര്‍ധിച്ചാല്‍ പണപ്പെരുപ്പം 20-25 ബേസിസ് പോയന്റ് ഉയരും.

എല്‍&ടി ആശങ്കയില്‍

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍&ടി) ആണ് പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനി. കമ്പനിയുടെ ആകെ ഓര്‍ഡറുകളുടെ 37 ശതമാനവും (7.33 ലക്ഷം കോടി രൂപ) ഈ മേഖലയില്‍ നിന്നാണ്. പേര്‍ഷ്യന്‍ ഗള്‍ഫിലും കിഴക്കന്‍ സൗദിയിലും വമ്പന്‍ ഹൈഡ്രോകാര്‍ബണ്‍ കരാറുകള്‍ എല്‍ ആന്‍ഡ് ടിക്കുണ്ട്. കെഇസി ഇന്റര്‍നാഷണലിന്റെ ഓര്‍ഡര്‍ ബുക്കിന്റെ 20 ശതമാനവും കല്‍പതരു പ്രോജക്ട്സിന്റെ ഓര്‍ഡറുകളുടെ 11 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. തെര്‍മാക്‌സിന് യുഎഇയില്‍ വലിയ സാന്നിധ്യമുണ്ട്. കമ്മിന്‍സ് ഇന്ത്യ, എഐഎ എന്‍ജിനീയറിംഗ് എന്നീ കമ്പനികള്‍ക്കും ഗള്‍ഫ് മേഖലയില്‍ വമ്പന്‍ പ്രൊജക്റ്റുകളുണ്ട്. യുദ്ധം നീണ്ടുനിന്നാല്‍ ഇവരുടെയെല്ലാം പദ്ധതികളുടെ നടത്തിപ്പ് തടസ്സപ്പെട്ടേക്കാം.

ആകാശവും കടലും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് വ്യോമപാത അടഞ്ഞതോടെ വ്യോമയാന കമ്പനികള്‍ നഷ്ടത്തിലാണ്. ഗള്‍ഫ് മേഖലയില്‍ വ്യോമയാന ഗതാഗതം തടസപ്പെട്ടത് കൂനിന്‍മേല്‍ കുരു പോലെയായി. ഇന്‍ഡിഗോ ആണ് ഈ മേഖലയില്‍ കൂടുതല്‍ വെല്ലുവിളി നേരിടുന്നത്. അവരുടെ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ 35-40% പശ്ചിമേഷ്യയിലേക്കാണ്. വിമാന ഇന്ധന വില വര്‍ദ്ധനയും വ്യോമപാതയിലെ തടസ്സങ്ങളും ലാഭക്ഷമതയെ ബാധിക്കും. അദാനി പോര്‍ട്സ്, ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ തുറമുഖ കമ്പനികള്‍ക്കും ചരക്ക് നീക്കത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. ജെഎസ്ഡബ്ല്യുവിന് യുഎഇയിലെ ഫുജൈറയില്‍ ലിക്വിഡ് ടെര്‍മിനലുണ്ട്.

ഗ്യാസ് മുതല്‍ വളം വരെ

എല്‍എന്‍ജിയുടെ വില വര്‍ദ്ധിക്കുന്നത് ഇന്ദ്രപ്രസ്ഥ ഗ്യാസ്, മഹാനഗര്‍ ഗ്യാസ് തുടങ്ങിയ കമ്പനികളുടെ ചിലവ് വര്‍ദ്ധിപ്പിക്കും. ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഉല്‍പ്പാദന കേന്ദ്രമായ രാസ് ലഫാനിലെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ ഈ ഫെസിലിറ്റി അടച്ചു. ഇന്ത്യയുടെ പ്രധാന എല്‍എന്‍ജി സപ്ലൈയര്‍മാരില്‍ ഒന്നാണ് ഖത്തര്‍. പെട്രോനെറ്റ് എല്‍എന്‍ജിയെ ഈ സാഹചര്യം കടുത്ത സമ്മര്‍ദ്ദത്തിലാക്കാന്‍ ഇടയുണ്ട്. വളം നിര്‍മ്മാണത്തിനുള്ള യൂറിയയുടെ വില 10% വര്‍ദ്ധിച്ചാല്‍ സര്‍ക്കാരിന്റെ സബ്സിഡി ബാധ്യത ഏകദേശം 2,500 കോടി രൂപയോളം വര്‍ധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ഉപഭോക്തൃ മേഖലയിലെ കമ്പനികളായ ഡാബര്‍ ഇന്ത്യ, ടൈറ്റന്‍, ഫാര്‍മ കമ്പനികളായ അജന്ത ഫാര്‍മ, ബയോകോണ്‍, സിപ്ല തുടങ്ങിയ കമ്പനികള്‍ക്കും തിരിച്ചടിയുണ്ടാവാമെന്നും നിക്ഷേപം കുറയ്ക്കണമെന്നും ജെഫറീസ് പറയുന്നു.

ചരക്ക് ഗതാഗതം ചെലവേറിയതും ദുഷ്‌കരവുമാവുകയും ക്രൂഡ് ഓയിലിന് വില വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം വാഹന മേഖലയിലെ കമ്പനികള്‍ക്കും വാഹന ഘടക നിര്‍മാതാക്കള്‍ക്കും ഒട്ടും അനുഗുണമല്ല. പെട്രോകെമിക്കലുകളെ ആശ്രയിക്കുന്ന ടയര്‍ നിര്‍മാതാക്കള്‍, പെയിന്റ് കമ്പനികള്‍ എന്നിവയ്ക്കും തിരിച്ചടിയേല്‍ക്കാം.

യുദ്ധം എത്രനാള്‍ നീണ്ടുനില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യന്‍ വിപണിയുടെ ഭാവി. ഇത് നിക്ഷേപകര്‍ക്ക് ഒരു വാങ്ങല്‍ അവസരമാണോ അതോ വലിയൊരു തകര്‍ച്ചയുടെ തുടക്കമാണോ എന്നത് വരും ദിവസങ്ങളിലെ സംഭവവികാസങ്ങളാവും നിശ്ചയിക്കുക.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

English Summary

The escalating conflict in the Middle East, particularly involving Iran and the closure of the strategic Strait of Hormuz, has sent shockwaves through the Indian corporate sector. With over 40% of India's crude oil and half of its LNG passing through this region, the crisis threatens to spike oil prices above $100 per barrel, significantly increasing India's import bill and inflationary pressures. Major sectors including oil marketing (IOC, BPCL), infrastructure (L&T), aviation (IndiGo), and paints are facing immediate margin hits, while the defense sector (HAL, BEL) sees potential growth. Financial experts advise investors to remain calm, noting that while geopolitical crises cause short-term market volatility, historical data from COVID-19 and previous wars show that disciplined, long-term investments like SIPs consistently recover and deliver strong returns.
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version