ഓഹരികളില്‍ നിക്ഷേപിക്കുന്നതാണോ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതാണോ നല്ലത്, കടപ്പത്രങ്ങളെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

കോര്‍പ്പറേറ്റുകളോ, സര്‍ക്കാരുകളോ പുറത്തിറക്കുന്ന സ്ഥിരവരുമാന നിക്ഷേപ ഉപാധികളാണ് കടപ്പത്രങ്ങള്‍. വിവിധ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ബിസിനസ് വിപുലീകരണത്തിനും ധനം സമാഹരിക്കുന്നതിന് വേണ്ടിയാണ് കമ്പനികള്‍ കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നത്. അവരെ സംബന്ധിച്ചെടുത്തോളം ബാങ്ക് വായ്പകളേക്കാള്‍ താരതമ്യേന പലിശ കുറഞ്ഞതും എളുപ്പമുള്ളതുമായ ധന സമാഹരണ മാര്‍ഗ്ഗമാണ് കടപ്പത്രങ്ങള്‍.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer
Photo Credit: Freepik / AI-generated

നിക്ഷേപങ്ങളെ കുറിച്ച് ആളുകള്‍ വളരെ ആഴത്തില്‍ ചിന്തിക്കുന്ന ഒരു കാലഘട്ടമാണിത്. കയ്യില്‍ കുറേ പണം വന്നതിന് ശേഷമല്ല നിക്ഷേപിക്കേണ്ടതെും എത്രവേഗം നിക്ഷേപം നടത്തുന്നോ അത്രയും ഗുണമുണ്ടാകുമെന്നുമെല്ലാം ആളുകള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. എങ്കിലും ഏറ്റവും മികച്ച നിക്ഷേപം ഏതാണെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഇന്നും ആളുകള്‍ക്കുണ്ട്.

ബാങ്കുകളിലെ സ്ഥിരനിക്ഷേപമായിരുന്നു പൊതുവെ സ്വീകാര്യമായിരുന്ന നിക്ഷേപമാര്‍ഗ്ഗം. റിസ്‌ക് കുറവ് എതായിരുന്നു മുഖ്യ ആകര്‍ഷണം. എന്നാല്‍ അതിലുള്ള സാമ്പത്തിക നേട്ടം അത്ര വലുതായിരുന്നില്ല. പെട്ടെന്ന വലിയ നേട്ടം തരുന്ന നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. പക്ഷേ റിസ്‌ക് വളരെ കൂടുതലായിരുന്നു. വിപണിയുടെ ചാഞ്ചാട്ടം ഓഹരിവിലയെ സ്വാധീനിക്കും. വാങ്ങിച്ച ഓഹരികള്‍ ചിലപ്പോള്‍ പ്രതീക്ഷിക്കാതെ കൂപ്പുകുത്തും. അവിടെയാണ് കടപ്പത്രങ്ങള്‍ അഥവാ ബോണ്ടുകള്‍ എന്ന നിക്ഷേപ സാധ്യതയുടെ പ്രസക്തി.

എന്താണ് കടപ്പത്രങ്ങള്‍

കോര്‍പ്പറേറ്റുകളോ, സര്‍ക്കാരുകളോ പുറത്തിറക്കുന്ന സ്ഥിരവരുമാന നിക്ഷേപ ഉപാധികളാണ് കടപ്പത്രങ്ങള്‍. വിവിധ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ബിസിനസ് വിപുലീകരണത്തിനും ധനം സമാഹരിക്കുന്നതിന് വേണ്ടിയാണ് കമ്പനികള്‍ കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നത്. അവരെ സംബന്ധിച്ചെടുത്തോളം ബാങ്ക് വായ്പകളേക്കാള്‍ താരതമ്യേന പലിശ കുറഞ്ഞതും എളുപ്പമുള്ളതുമായ ധന സമാഹരണ മാര്‍ഗ്ഗമാണ് കടപ്പത്രങ്ങള്‍.

സാമ്പത്തിക നേട്ടം

കടപ്പത്രങ്ങള്‍ അഥവാ ബോണ്ടുകള്‍ വാങ്ങുന്നതിലൂടെ ആളുകള്‍ അവ പുറത്തിറക്കുന്ന കമ്പനികള്‍ക്കോ സര്‍ക്കാരിനോ നിശ്ചിത കാലത്തേക്ക്, നിശ്ചിത പലിശ നിരക്കില്‍ പണം വായ്പയായി നല്‍കുകയാണ് ചെയ്യുന്നത്. കാലാവധിയെത്തുമ്പോള്‍ ആ തുക മടക്കിനല്‍കും. കൂടാതെ അതിനിടയില്‍ കൃത്യമായ ഇടവേളകളില്‍ പലിശയും ലഭിക്കും. കൂപ്പണ്‍ പെയ്‌മെന്റ് എന്നാണ് ഇതറിയപ്പെടുന്നത്. മുന്‍നിശ്ചയപ്രകാരം മാസതവണയായോ ത്രൈമാസതവണയായോ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമായോ കൂപ്പണ്‍ പെയ്‌മെന്റ് ലഭിക്കും. കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന മുതല്‍, അഥവാ കടപ്പത്രത്തിന്റെ മുഖവില ‘യീല്‍ഡ് ടു മെച്യൂരിറ്റി’ എന്നാണ് അറിയപ്പെടുന്നത്.

ആരാണ് കടപ്പത്രം ഇറക്കുക

സാധാരണയായി കമ്പനികളോ മുനിസിപ്പാലിറ്റികളോ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളോ ആണ് കടപ്പത്രങ്ങള്‍ ഇറക്കുക. കടപ്പത്രങ്ങള്‍ ഇറക്കുന്നവരെ വായ്പാദാതാക്കളെന്നോ ഇഷ്യൂവറെന്നോ ക്രെഡിറ്ററെന്നോ വിളിക്കുന്നു. കടപ്പത്രം ഇറക്കുമ്പോള്‍ തന്നെ കടപ്പത്ര ഉടമയ്ക്ക് എപ്പോഴാണ് മുതല്‍ തിരിച്ചുനല്‍കുക, അഥവാ കാലാവധി, പലിശ, പലിശ കാലാവധി തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കും.

മുഖവില, പലിശ

കടപ്പത്രങ്ങള്‍ക്ക് ഒരു മുഖവില ഉണ്ടായിരിക്കും. കാലാവധി കഴിയുമ്പോള്‍ കടപ്പത്ര ഉടമയക്ക് ലഭിക്കുന്ന തുകയാണത്. കടപ്പത്രം ഇറക്കുന്നവരുടെ ക്രെഡിറ്റ് നിലവാരം, കാലാവധി, മുന്നോട്ടുവെക്കുന്ന പലിശ നിരക്ക് എന്നിവ അനുസരിച്ചാണ് മുഖവില തീരുമാനിക്കപ്പെടുന്നത്.

മുഖവില കൂടാതെ തീരുമാനിച്ച പലിശയും ഉടമയ്ക്ക് ലഭിക്കും. സാധാരണയായി കടപ്പത്രം ഇറക്കുമ്പോള്‍ തന്നെ പലിശ തീരുമാനിക്കും. അതില്‍ മാറ്റമുണ്ടാകുകയില്ല. രണ്ട് ഘടകങ്ങളാണ് പ്രധാനമായും കൂപ്പണ്‍ പെയ്‌മെന്റ് എന്ന പലിശ നിര്‍ണ്ണയിക്കുക. ഒന്ന് ക്രെഡിറ്റ് നിലവാരം, രണ്ട് കടപ്പത്ര കാലാവധി. കടപ്പത്രം ഇറക്കുന്നവരുടെ ക്രെഡിറ്റ് നിലവാരം മോശമാണെങ്കില്‍ ആ നിക്ഷേപത്തിന് റിസ്‌ക് കൂടുതലാണ്, അതുകൊണ്ട് ഇത്തരം കടപ്പത്രങ്ങള്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യും. അതുപോലെ മെച്യൂരിറ്റി ഡേറ്റ് കൂടുതലായ അതായത് ദീര്‍ഘകാല കടപ്പത്രങ്ങളും കൂടുതല്‍ പലിശ നല്‍കും.

കടപ്പത്രങ്ങളുടെ പ്രവര്‍ത്തനം

പേര് സൂചിപ്പിക്കുന്നത് പോലെ കടം കൊടുത്തതിന്റെ ഒരു പത്രികയാണ് കടപ്പത്രമെന്ന് പറയാം. റോഡുനിര്‍മ്മാണത്തിനും സ്‌കൂള്‍ നിര്‍മ്മാണത്തിനും ഡാം നിര്‍മ്മാണത്തിനും മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ടില്ലാതെ വരുമ്പോള്‍ സര്‍ക്കാരുകള്‍ കടപ്പത്രം ഇറക്കാറുണ്ട്. തങ്ങളുടെ ബിസിനസ് വിപുലീകരണത്തിനോ വസ്തുവകകള്‍ളോ ഉപകരണങ്ങളോ വാങ്ങുന്നതിനോ ലാഭകരമായ പ്രോജക്ടുകള്‍ നടപ്പാക്കുന്നതിനോ ഒക്കെയായി വലിയ കമ്പനികളും കടപ്പത്രങ്ങള്‍ ഇറക്കും.

സവിശേഷതകള്‍

സ്ഥിര പലിശ നിരക്കുകള്‍ – കടപ്പത്രങ്ങളുടെ പ്രധാന സവിശേഷത എന്നത് അവയ്ക്ക് മുന്‍കൂട്ടി നിശ്ചയിച്ച സ്ഥിര പലിശ നിരക്ക് ഉണ്ടെന്നുള്ളതാണ്. ഇത് കൂപ്പണ്‍ പേയ്‌മെന്റ് എന്നറിയപ്പെടുന്നു. കടപ്പത്ര നിബന്ധനകള്‍ അനുസരിച്ച് ഇവ കൃത്യമായ ഇടവേളകളില്‍ ലഭികൊണ്ടിരിക്കും.

കൂപ്പണ്‍ തീയ്യതി – ഇഷ്യൂവര്‍ കടപ്പത്ര ഉടമയ്ക്ക് പലിശ നല്‍കാന്‍ തീരുമാനിച്ച തീയതിയാണ് കൂപ്പണ്‍ ഡേറ്റ് അഥവാ കടപ്പത്ര തീയതി.

മുഖവില – കാലാവധിയെത്തുമ്പോഴുള്ള കടപ്പത്രത്തിന്റെ മൂല്യം, പലിശ കണക്കാക്കാന്‍ കണക്കിലെടുക്കുന്ന തുക.

മെച്യൂരിറ്റി തീയതി – കടപ്പത്രം മെച്യുര്‍ ആകുന്ന തീയതി. അന്ന് കടപ്പത്രം ഇറക്കുന്നവര്‍ മുഖവില കടപ്പത്ര ഉടമയ്ക്ക് തിരിച്ചുനല്‍കുന്നു. മാസങ്ങള്‍ മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള ഹ്രസ്വകാല കടപ്പത്രങ്ങളും പത്തുവര്‍ഷം വരെയുള്ള മീഡിയം ടേം കടപ്പത്രങ്ങളും 10 വര്‍ഷത്തിലധികം കാലാവധിയുള്ള ദീര്‍ഘകാല കടപ്പത്രങ്ങളും ഉണ്ട്.

കടപ്പത്ര റേറ്റിംഗ്

ക്രിസില്‍, കെയര്‍, ഇക്ര, സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍, മൂഡീസ്, ഫിച്ച് പോലുള്ള റേറ്റിംഗ് ഏജന്‍സികള്‍ കടപ്പത്രങ്ങള്‍ക്ക് ക്രെഡിറ്റ് റേറ്റിംഗ് നല്‍കും. കടപ്പത്രം പുറത്തിറക്കുന്ന സ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി, ക്രെഡിറ്റ്മൂല്യം, മുതല്‍ തിരിച്ചുനല്‍കാനുള്ള കെല്‍പ്പ് എന്നിവ റേറ്റിംഗ് സൂചിപ്പിക്കുന്നു.

ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള കടപ്പത്രങ്ങളെ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രേഡില്‍ ഉള്ളവയെന്ന് വിളിക്കുന്നു.

കടപ്പത്രങ്ങളുടെ റേറ്റിംഗ് കുറവാണെങ്കില്‍ അവ നല്‍കുന്ന പലിശ കൂടുതലായിരിക്കും, പക്ഷേ അവയുടെ റിസ്‌ക് കൂടുതലായിരിക്കും. എന്നാല്‍ മികച്ച റേറ്റിംഗ് ഉള്ള കടപ്പത്രങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പലിശ കുറവായിരിക്കും, പക്ഷേ അവ താരതമ്യേന സുരക്ഷിതമായിരിക്കും.

എന്തിന് കടപ്പത്രം വാങ്ങണം

നിക്ഷേപത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ മിക്ക നിക്ഷേപകരും റിസ്‌ക് കുറഞ്ഞ ബാങ്കിലെ സ്ഥിരനിക്ഷേപത്തെ കുറിച്ച് അല്ലെങ്കില്‍ റിസ്‌ക് കൂടിയ ഓഹരി നിക്ഷേപത്തെ കുറിച്ചോ ചിന്തിക്കും. ഓഹരി വിപണി നിക്ഷേപങ്ങള്‍ വലിയ സാമ്പത്തിക നേട്ടം നല്‍കുമെങ്കിലും വിപണിയിലെ ലാഭനഷ്ട സാധ്യകളില്‍ അധിഷ്ഠിതമാണ്. അതേസമയം ബാങ്ക് നിക്ഷേപങ്ങള്‍ വലിയ സാമ്പത്തികനേട്ടം നല്‍കുന്നുമില്ല. ഇവയ്ക്കിടയിലെ താരതമ്യേന മെച്ചപ്പെട്ട സാമ്പത്തികനേട്ടം നല്‍കുന്ന, സുരക്ഷിതത്വമുള്ള നിക്ഷേപമാര്‍ഗ്ഗമാണ് കടപ്പത്രങ്ങള്‍. വലിയ റിസ്‌കൊന്നും ഇല്ലാതെ 8 ശതമാനം മുതല്‍ 15 ശതമാനം വരെ സാമ്പത്തിക നേട്ടം അവ ഉറപ്പുനല്‍കുന്നു.

സുരക്ഷിത നിക്ഷേപമായാണ് കടപ്പത്രങ്ങള്‍ വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ഏതുസമയത്തും തകരാനും ഉയരാനുമിടയുള്ള ഓഹരി വിപണികള്‍ കണക്കിലെടുക്കുമ്പോള്‍.

ഓഹരി നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക നേട്ടം കുറയാമെങ്കിലും കടപ്പത്രങ്ങളില്‍ നിന്നുള്ള സാമ്പത്തിക നേട്ടം തുടക്കത്തില്‍ തന്നെ പ്രവചിക്കാം, അവ സ്ഥിരതയുള്ളതുമാണ്. ഉദാഹരണത്തിന് നിക്ഷേപിക്കുന്നതിന് മുമ്പ് തന്നെ നിക്ഷേപകന് തനിക്ക് കിട്ടാന്‍ പോകുന്ന പലിശയും യീല്‍ഡ് ടു മെച്യൂരിറ്റിയും അറിയാം.

മാത്രമല്ല, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ക്ക് റിസ്‌ക് കുറവാണ്.

സര്‍ക്കാര്‍ പിന്തുണയോടെയുള്ള NHAI, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ നികുതി രഹിതമായ കടപ്പത്രങ്ങളും പുറത്തിറക്കാറുണ്ട്.5 മുതല്‍ 50 വര്‍ഷം വരെ കാലാവധിയുള്ളവയായിരിക്കും ഇവ. ഇവയ്ക്ക് ലഭിക്കുന്ന പലിശ നികുതിവിധേയമായിരിക്കില്ല.

നിക്ഷേപങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കടപ്പത്രങ്ങള്‍ മികച്ച മാര്‍ഗ്ഗമാണ്. ഓഹരിവിപണികള്‍ മോശം പ്രകടനം കാഴ്ചവെക്കുമ്പോള്‍ ചിലപ്പോള്‍ കടപ്പത്രങ്ങള്‍ നേട്ടം നല്‍കിയേക്കാം.

കടപ്പത്രങ്ങളുടെ പരിമിതികള്‍

റിസ്‌ക് കുറഞ്ഞ നിക്ഷേപമാര്‍ഗ്ഗമാണ് കടപ്പത്രങ്ങളെങ്കിലും ചില പരിമിതികള്‍ അവയ്ക്കുണ്ട്.

പണപ്പെരുപ്പ സ്വാധീനം

പണപ്പെരുപ്പ റിസ്‌കുകള്‍ കടപ്പത്രങ്ങള്‍ക്കുണ്ട്. പണപ്പെരുപ്പ നിരക്ക് കൂപ്പണ്‍ നിരക്കിനെ മറികടന്നാല്‍ അത് നഷ്ടമാണ്. ഇത്തരത്തില്‍ നിക്ഷേപിച്ച തുകയില്‍ പണപ്പെരുപ്പത്തിനുള്ള സ്വാധീനം നിമിത്തം മുന്‍നിശ്ചിത പലിശ നല്‍കുന്ന കടപ്പത്രങ്ങള്‍ മൂല്യത്തകര്‍ച്ച ഭീഷണി നേരിടുന്നുണ്ട്.

പണലഭ്യത

കടപ്പത്രങ്ങള്‍ കൈമാറാനാകുമെങ്കിലും ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആയതിനാല്‍ മുതല്‍ പിന്‍വലിക്കുന്നതില്‍ പരിമിതികളുണ്ട്. ഏതുസമയത്തും പണമാക്കി മാറ്റാനുള്ള സാധ്യതയില്‍ ഓഹരികളാണ് കടപ്പത്രങ്ങളേക്കാള്‍ നല്ലത്. കടപ്പത്ര ഉടമകള്‍ അവരുടെ നിക്ഷേപം പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ നിരവധി ഫീസുകളും പിഴകളും നല്‍കേണ്ടതായി വരും.

സാമ്പത്തികനേട്ടം

കടപ്പത്രങ്ങള്‍ക്ക് മേല്‍ പലിശ ലഭിക്കുമെന്നത് ശരിയാണ്. എന്നാല്‍ ഓഹരി നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവായിരിക്കും. നിശ്ചിതസമയം കൂടുമ്പോള്‍ ഒരേതുക പലിശയായി ലഭിക്കുമെങ്കിലും മറ്റ് വായ്പാ ഉപകരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക നേട്ടം ഇവിടെ കുറവാണ്.

കടപ്പത്ര നിക്ഷേപങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ നിക്ഷേപ ലക്ഷ്യം എന്താണെന്നതനുസരിച്ച് കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുക. ഉദാഹരണത്തിന് ഈ നിക്ഷേപത്തിലൂടെ എത്ര ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്, കൂപ്പണ്‍ റേറ്റ്, കാലാവധി, സ്ഥാപനം എന്നീ കാര്യങ്ങള്‍ വിലയിരുത്തി തങ്ങള്‍ക്ക് ഇണങ്ങുന്നതാണോ എന്ന് മനസ്സിലാക്കുക.

കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി അവയുടെ കാലാവധിയെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരിക്കണം. ദീര്‍ഘകാല കടപ്പത്രങ്ങള്‍ക്ക് പലിശ കൂടുതലായിരിക്കും. ഇവയില്‍ നിന്ന് കൃത്യമായ പലിശ നിശ്ചിത സമയം കൂടുമ്പോള്‍ ലഭിച്ചുകൊണ്ടിരിക്കും.

അതുപോലെ കടപ്പത്രം വാങ്ങുന്നതിന് മുമ്പായി അവ പുറത്തിറക്കുന്ന സ്ഥാപനത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് വിലയിരുത്തണം. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന കടപ്പത്രങ്ങളുടെ റേറ്റിംഗ് കുറവായിരിക്കുകയും റിസ്‌ക് കൂടുതലായിരിക്കുകയും ചെയ്യുമെന്ന് ഓര്‍ക്കണം.

English Summary

Choosing between stocks and bonds is one of the biggest dilemmas for investors. While stocks can deliver high returns with high risk, bonds offer stable, predictable income with lower volatility. This article explains what bonds are, how they work, their features, ratings, benefits, risks, and how they compare to stocks — helping investors decide which option suits their financial goals.
Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version