35 വയസ്സിൽ 4 കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കിയ ഒരു ഐടി ജീവനക്കാരൻ, സമ്മർദ്ദം നിറഞ്ഞ ജോലി ഉപേക്ഷിച്ച് നേരത്തെ വിരമിക്കാൻ സാധിക്കുമോ എന്ന് ചോദിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. വിവാഹം കഴിക്കാൻ പദ്ധതിയില്ലാത്ത ഇദ്ദേഹം, ഒരു ചെറിയ നഗരത്തിലേക്ക് താമസം മാറി പ്രതിവർഷം 12 ലക്ഷം രൂപ ചെലവഴിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. നിലവിലെ സാമ്പത്തിക നിയമങ്ങൾ അനുസരിച്ച് ഇത് സുരക്ഷിതമായ ഒരു കണക്കാണെന്ന് തോന്നാമെങ്കിലും, വരുംകാലങ്ങളിലെ പണപ്പെരുപ്പവും ഉയർന്ന ചികിത്സാ ചെലവുകളും കണക്കിലെടുക്കുമ്പോൾ ഈ പ്രായത്തിൽ ജോലി പൂർണ്ണമായി ഉപേക്ഷിക്കുന്നത് സുരക്ഷിതമാണോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
വിരമിക്കാൻ എത്ര
തനിക്ക് 4 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്നും വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും വ്യക്തമാക്കി, ഇപ്പോഴത്തെ ജോലിയുടെ മടുപ്പ് കാരണം ജോലിയിൽ നിന്ന് വിരമിക്കാൻ ഈ തുക മതിയോ എന്ന് അദ്ദേഹം ചോദിച്ചതാണ് സാമ്പത്തിക വിദഗ്ധർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായത്. പ്രമുഖ ടെക് കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഇദ്ദേഹത്തിന്റെ പക്കൽ 1.20 കോടി രൂപയുടെ ഇന്ത്യൻ മ്യൂച്ചൽ ഫണ്ടുകൾ, 25 ലക്ഷം രൂപയുടെ ഇന്ത്യൻ ഓഹരികൾ, 1 കോടി രൂപയുടെ യു.എസ് ഓഹരികൾ, 40 ലക്ഷം രൂപയുടെ പി.എഫ്/എൻ.പി.എസ്, സ്വർണം, പണം എന്നിവയുൾപ്പെടെ ആകെ 4 കോടി രൂപയുടെ നിക്ഷേപമുണ്ട്.
യഥാർത്ഥ മൂല്യം കുറയ്ക്കും
റിട്ടയർമെന്റിന് ശേഷം ടിയർ-2 നഗരത്തിലേക്ക് താമസം മാറി വർഷത്തിൽ ഏകദേശം 12 ലക്ഷം രൂപ ചെലവഴിച്ച് ജീവിക്കാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. 4 കോടി രൂപയുടെ സമ്പാദ്യമുള്ളതിനാൽ പ്രതിവർഷം 12 ലക്ഷം രൂപ ചെലവഴിക്കുന്നത് തത്വത്തിൽ അദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യത്തിന്റെ 3 ശതമാനം മാത്രമാണ്. സാമ്പത്തിക ശാസ്ത്ര തത്ത്വങ്ങൾ അനുസരിച്ച് ഇത് സുരക്ഷിതമായ ഒരു കണക്കാണെങ്കിലും, 35-ാം വയസ്സിൽ തന്നെ ജോലി പൂർണ്ണമായും ഉപേക്ഷിക്കുന്നത് ഭാവിയിൽ ചില വലിയ സാമ്പത്തിക റിസ്കുകൾ ഉണ്ടാക്കാമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വരും ദശകങ്ങളിൽ വരാൻ സാധ്യതയുള്ള ഉയർന്ന പണപ്പെരുപ്പം ഈ തുകയുടെ യഥാർത്ഥ മൂല്യം കുറയ്ക്കാൻ ഇടയുണ്ട്.
മാനസിക സമർദ്ദമില്ലാത്ത ജോലി
കൂടാതെ, ഭാവിയിൽ വരാവുന്ന വലിയ മെഡിക്കൽ ചെലവുകൾ, ആരോഗ്യ ഇൻഷുറൻസ് തുകകൾ, ജീവിതശൈലിയിൽ ഉണ്ടാകാൻ ഇടയുള്ള മാറ്റങ്ങൾ എന്നിവയും ഇദ്ദേഹം കണക്കിലെടുക്കേണ്ടതുണ്ട്. അതിനാൽ പെട്ടെന്ന് ജോലി ഉപേക്ഷിക്കുന്നതിന് പകരം, കൂടുതൽ മാനസിക സമ്മർദ്ദമില്ലാത്ത മറ്റൊരു ജോലിയിലേക്ക് മാറുകയോ , അല്ലെങ്കിൽ പാർട്ട് ടൈം ആയി ജോലി ചെയ്ത് നിശ്ചിത വരുമാനം നിലനിർത്തുകയോ ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യമെന്നാണ് വിദഗ്ധരുടെ ഉപദേശം. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ ദീർഘകാല റിട്ടയർമെന്റ് ജീവിതത്തിൽ മാനസികമായ സംതൃപ്തി തരുന്ന പുതിയ ഹോബികളും ലക്ഷ്യങ്ങളും കണ്ടെത്തുന്നതും പ്രധാനമാണ്.
English Summary
A 35-year-old unmarried IT professional has sparked an online debate after questioning whether his ₹4 crore net worth is sufficient for early retirement. His portfolio is diversified across Indian mutual funds (₹1.20 crore), US stocks (₹1 crore), Indian equities (₹25 lakh), EPF/NPS, gold, and cash. Planning to relocate to a Tier-2 city with an estimated annual expenditure of ₹12 lakh, his withdrawal rate stands at a conservative 3%.
While financial principles suggest this withdrawal rate is sustainable, experts warn of potential long-term risks. Factor in decades of future inflation, skyrocketing healthcare costs, and unpredictable lifestyle shifts, and early retirement becomes more complex. Financial advisors recommend a cautious approach—such as transitioning to a low-stress job or working part-time to retain a steady income stream while keeping his portfolio intact.
