ശമ്പളം കൂടുമ്പോൾ അത് നമ്മളെ കൂടുതൽ പണക്കാരാക്കുന്നതിന് പകരം ദരിദ്രരാക്കി മാറ്റുന്ന വിചിത്രമായ സാമ്പത്തിക പ്രതിഭാസത്തെയാണ് ലൈഫ്‌സ്റ്റൈൽ ഇൻഫ്ലേഷൻ എന്ന് വിളിക്കുന്നത്. ഒരു ജീവനക്കാരന് ശമ്പളവർദ്ധനവോ പ്രൊമോഷനോ ലഭിക്കുമ്പോൾ, അവരുടെ സമ്പാദ്യ ശീലം വളരുന്നതിന് പകരം ചെലവഴിക്കാനുള്ള പ്രവണതയാണ് വർദ്ധിക്കുന്നത്. ശമ്പളം കൂടുമ്പോൾ കൂടുതൽ തുക സമ്പാദ്യങ്ങളിലേക്കും നിക്ഷേപങ്ങളിലേക്കും മാറ്റുന്നതിന് പകരം പുതിയ കാർ, വലിയ ഇഎംഐകൾ, ഉയർന്ന വീട്ടുവാടക, ആഡംബര യാത്രകൾ, ആവശ്യമില്ലാത്ത പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവക്കായി മാറ്റിവെക്കുന്നു. ചുരുക്കത്തിൽ, വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ചെലവുകളും അതിവേഗം ഉയരുന്നതിനാൽ, മാസ ശമ്പളം എത്ര കൂടിയാലും കൈയിൽ ബാക്കി സമ്പാദ്യമൊന്നും ഉണ്ടാകില്ല.
കംഫർട്ടബിൾ പോവർട്ടി
ബാഹ്യമായി സമ്പന്നനാണെന്ന് കാണിക്കുന്നതിലല്ല, മറിച്ച് യഥാർത്ഥ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിലാണ് കാര്യമെന്ന് സാമ്പത്തിക വിദഗ്ധർ അതുകൊണ്ടാണ് ഓർമിപ്പിക്കുന്നത്.. 2 ലക്ഷം രൂപയുടെ ഫോണോ, 50 ലക്ഷത്തിന്റെ കാറോ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ഒരാൾ സാമ്പത്തികമായി ശക്തനാകുന്നില്ല. ഇതിനെ കംഫർട്ടബിൾ പോവർട്ടി അഥവാ ബാഹ്യമായി സുഖകരമെന്ന് തോന്നുമെങ്കിലും സാമ്പത്തികമായി ദരിദ്രമായ അവസ്ഥ എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ഉയർന്ന വരുമാനമുള്ളവർ പോലും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിന്റെ പ്രധാന കാരണം, ശമ്പളം വർദ്ധിക്കുമ്പോൾ അവരുടെ ആവശ്യങ്ങൾ എന്നതിന്റെ നിർവ്വചനം തന്നെ മാറുകയും അനാവശ്യ കാര്യങ്ങൾ പോലും അത്യാവശ്യമായി തോന്നാൻ തുടങ്ങുകയും ചെയ്യുന്നു എന്നതിനാലാണ്.
50% റൂൾ
ഈ കെണിയിൽ നിന്ന് രക്ഷപ്പെടാൻ 50% റൂൾ പിന്തുടരാൻ സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുന്നു. അതായത്, നിങ്ങൾക്ക് ലഭിക്കുന്ന ഓരോ ശമ്പളവർദ്ധനവിന്റെയും കുറഞ്ഞത് 50 ശതമാനമെങ്കിലും നിലവിലുള്ള മ്യൂച്വൽ ഫണ്ട് SIP-കളിലേക്കോ മറ്റ് ദീർഘകാല നിക്ഷേപങ്ങളിലേക്കോ നേരിട്ട് മാറ്റി വെക്കുക. ബാക്കി വരുന്ന തുക മാത്രം ജീവിതശൈലി മെച്ചപ്പെടുത്താൻ ഉപയോഗിക്കുക. വരുമാനം വർദ്ധിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ വാങ്ങി കൂട്ടുന്നതിന് പകരം, ഭാവിയിൽ കൃത്യമായ വരുമാനം തിരികെ തരുന്ന നിക്ഷേപങ്ങൾ സ്വന്തമാക്കുന്നതാണ് യഥാർത്ഥ സാമ്പത്തിക സ്വാതന്ത്ര്യം.
