യുഎന്‍ ജനറല്‍ അസംബ്ലിയിലും ഇന്ത്യക്കെതിരെ ട്രംപ്; റഷ്യന്‍ യുദ്ധത്തെ സഹായിക്കുന്നു, താരിഫ് ഇനിയും കൂട്ടും

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇതാദ്യമായാണ് അമേരിക്ക ഈ രീതിയില്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നത്.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ജന്മദിന ആശംസകള്‍ നല്‍കുകയും പല വിഷയങ്ങളിലും ഇന്ത്യയുടെ ഇടപെടലിനെ പുകഴ്ത്തുകയും ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഇന്ത്യക്കെതിരെ പ്രസ്താവന നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രൈനിലെ റഷ്യന്‍ യുദ്ധത്തിന് ഫണ്ട് ചെയ്യുന്നത് ഇന്ത്യയും ചൈനയും ആണെന്ന ആരോപണം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയിലും ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിച്ചത് തന്റെ ഇടപെടല്‍ കൊണ്ടാണെന്ന അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു.

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇതാദ്യമായാണ് അമേരിക്ക ഈ രീതിയില്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നത്. റഷ്യയുടെ എണ്ണ വാങ്ങിക്കൊണ്ട് റഷ്യ നടത്തുന്ന യുദ്ധത്തിന് പ്രധാനമായും ഫണ്ട് നല്‍കുന്നത് ചൈനയും ഇന്ത്യയുമാണെന്ന് ചൊവ്വാഴ്ച ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ട്രംപ് കുറ്റപ്പെടുത്തി. ഏഴുമാസത്തിനിടെ താന്‍ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന അവകാശവാദവും യുഎന്‍ യോഗത്തില്‍ ട്രംപ് നടത്തി.

ഐക്യരാഷ്ട്രസഭയിലെ ട്രംപിന്റെ കരുനീക്കം വ്യാപാരക്കരാറില്‍ ഇന്ത്യയുമായി കൂടുതല്‍ വിലപേശലുകള്‍ നടത്തുന്നതിനാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

താനായിരുന്നു അപ്പോള്‍ പ്രസിഡന്റെങ്കില്‍ യുക്രൈന്‍ യുദ്ധം ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് വീരവാദം മുഴക്കി. പ്രസിഡന്റ് പുടിനുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍ ഞാന്‍ അവസാനിപ്പിച്ച ഏഴ് യുദ്ധങ്ങളില്‍ ഏറ്റവും എളുപ്പം യുക്രൈന്‍ യുദ്ധം ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ദിവസങ്ങള്‍ മാത്രമേ അതുണ്ടായിരിക്കാന്‍ പാടുള്ളായിരുന്നു, തീര്‍ച്ചയായും ഒരാഴ്ചയില്‍ താഴെ, പക്ഷേ അവര്‍ മൂന്നരവര്‍ഷമായി യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ് -ട്രംപ് പറഞ്ഞു.

റഷ്യന്‍ ഊര്‍ജോല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനെതിരെ യൂറോുപ്യന്‍ രാജ്യങ്ങളെയും ട്രംപ് കടന്നാക്രമിച്ചു. അവര്‍ എത്രയും പെട്ടെന്ന് റഷ്യയില്‍ നിന്നുള്ള ഊര്‍ജ ഉല്‍പ്പന്നങ്ങളുടെ വാങ്ങുന്നത് നിര്‍ത്തണം. അല്ലെങ്കില്‍ നമ്മളെല്ലാം ഒരുപാട് സമയം കളയേണ്ടിവരും. ഇരുവശത്തും ഇനിയും എത്ര ജീവനുകള്‍ അനാവശ്യമായി ഇല്ലാതുമെന്നതാണ് ഇപ്പോഴത്തെ ഏകചോദ്യം. റഷ്യയുടെ എണ്ണ വാങ്ങുന്നതിലൂടെ ചൈനയും ഇന്ത്യയുമാണ് ഇപ്പോഴത്തെ യുദ്ധത്തിന് ഫണ്ട് ചെയ്തുകൊണ്ടിരിക്കുന്നത്. നാറ്റോ രാജ്യങ്ങള്‍ പോലും റഷ്യന്‍ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിച്ചിട്ടില്ല- ട്രംപ് കുറ്റപ്പെടുത്തി.

രക്തച്ചൊരിച്ചില്‍ എത്രയും പെട്ടെന്ന് നിര്‍ത്താനായി വീണ്ടും താരിഫ് ഏര്‍പ്പെടുത്തുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. യുദ്ധം അവസാനിപ്പിക്കുന്നതിന് വളരെ ശക്തമായ താരിഫ് ഏര്‍പ്പെടുത്താന്‍ അമേരിക്ക പൂര്‍ണ്ണമായും സജ്ജരാണ്, അതിലൂടെ രക്തച്ചൊരിച്ചില്‍ വേഗം നില്‍ക്കും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം ഉള്‍പ്പടെ ഏഴ് യുദ്ധങ്ങള്‍ താനായിട്ട് അവസാനിപ്പിച്ചുവെന്ന വാദം വീണ്ടും ട്രംപ് ആവര്‍ത്തിച്ചു. ഓരോ തവണയും ഇന്ത്യ അക്കാര്യം നിഷേധിച്ചിട്ടും ട്രംപ് തന്റെ അവകാശവാദം നിര്‍ബാധം തുടരുകയാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version