പ്രതീക്ഷ കൂടി, ഈ വര്‍ഷം ഇന്ത്യ 6.7 % സാമ്പത്തിക വളര്‍ച്ച നേടും, അമേരിക്കയിലും ചൈനയിലും വളര്‍ച്ച മന്ദഗതിയിലാകും: OECD

ഇന്ത്യയില്‍ GST പരിഷ്‌കാരങ്ങള്‍ ഉള്‍പ്പടെ ധന, സാമ്പത്തിക നയങ്ങളില്‍ അയവുണ്ടാകുന്നതിലൂടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. 2025-ല്‍ 6.7 ശതമാനം വളര്‍ച്ചയും 2026-ല്‍ 6.2 ശതമാനം വളര്‍ച്ചയും രാജ്യം നേടുമെന്ന് OECD

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

ആഗോള റേറ്റിംഗ് ഏജന്‍സികളുടെ ചുവടുപിടിച്ചുകൊണ്ട് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റും (OECD) ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം മുമ്പത്തേതില്‍ നിന്നും ഉയര്‍ത്തി. ജൂണിലെ അനുമാനത്തില്‍ 40 ബേസിസ് പോയിന്റ് വ്യത്യാസം വരുത്തി 2025-ല്‍ ഇന്ത്യ 6.7 ശതമാനം വളര്‍ച്ച നേടുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. ആഭ്യന്തര ഡിമാന്‍ഡ് ശക്തിപ്പെടുന്നതും ജിഎസ് ടി പരിഷ്‌കാരങ്ങളും സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തുപകരുമെന്നും OECD അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ കയറ്റുമതിയെ ബാധിക്കുമെങ്കിലും ജിഎസ് ടി പരിഷ്‌കാരങ്ങള്‍ ഉള്‍പ്പടെ ധന, സാമ്പത്തിക നയങ്ങളില്‍ അയവുണ്ടാകുന്നതിലൂടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. അതിനാല്‍ 2025-ല്‍ 6.7 ശതമാനം വളര്‍ച്ചയും 2026-ല്‍ 6.2 ശതമാനം വളര്‍ച്ചയും രാജ്യം നേടുമെന്ന് OECD പ്രസ്താവനയിലൂടെ അറിയിച്ചു. ശക്തമായ ആഭ്യന്തര വിതരണത്തിലൂടെയും കയറ്റുമതി നിയന്ത്രണങ്ങളിലൂടെയും ഇന്ത്യയില്‍ ഭക്ഷ്യവിലക്കയറ്റം കുത്തനെ കുറഞ്ഞതായും സംഘടന വിലയിരുത്തി.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സ്ഥിതിയായ 7.8 ശതമാനത്തിലെത്തി. ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായി നികുതി ഘടന രണ്ട് സ്ലാബുകളിലാക്കി പരിഷ്‌കരിക്കാനും (5%, 18%) വീട്ടാവശ്യത്തിനുള്ള വസ്തുക്കളുടെ നികുതി കുറയ്ക്കാനും ജിഎസ് ടി കൗണ്‍സില്‍ സമ്മതിച്ചു.12 ലക്ഷം രൂപ വരയുള്ള വരുമാനത്തെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഫെബ്രുവരിയില്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.

അതേസമയം യുഎസുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ബ്രസീലിനൊപ്പം അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. പ്രതീക്ഷിച്ചതിലും വളരെ വലിയ ആഘാതമാണ് താരിഫ് വര്‍ധനയിലൂടെ ഇന്ത്യയ്ക്ക് ഉണ്ടായതെന്ന് S&P ഗ്ലോബല്‍ റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടിരുന്നു. കയറ്റുമതിയുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തെ ഇത് ബാധിക്കുമെന്നും എങ്കിലും വെല്ലുവിളികളെ അതിജീവിക്കുന്ന ആഭ്യന്തര ഡിമാന്‍ഡ് കയറ്റുമതി ഇടിവിലൂടെയുള്ള നഷ്ടം നികത്താന്‍ സഹായിച്ചേക്കുമെന്നും റേറ്റിംഗ് ഏജന്‍സി അഭിപ്രായപ്പെട്ടു.

OECD ആഗോള വളര്‍ച്ച അനുമാനം

ഈ വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ നേരിയ തളര്‍ച്ചയുണ്ടാകുമെന്നാണ് OECD കരുതുന്നത്. മുന്‍വര്‍ഷത്തെ 3.3 ശതമാനം വളര്‍ച്ചയില്‍ നിന്നും ഈ വര്‍ഷം 3.2 ശതമാനം വളര്‍ച്ചയാണ് സംഘടന കണക്കുകൂട്ടുന്നത്. അതേസമയം ജൂണില്‍ പുറത്തുവിട്ട 2.9 ശതമാനം വളര്‍ച്ചയേക്കാള്‍ കൂടുതലാണിത്. എന്നാല്‍ 2026-ല്‍ 2.9 ശതമാനം വളര്‍ച്ച തന്നെയാണ് ഇപ്പോഴും OECD കണക്കുകൂട്ടുന്നത്. ചരക്ക് ഉല്‍പ്പാദനം കുറയുന്നതും ഉയര്‍ന്ന താരിഫുകള്‍ നിക്ഷേപത്തിനും വ്യാപാര വളര്‍ച്ചയ്ക്കും വിഘാതമാകുന്നതും വരുംവര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കും.

ധനനയ ഇളവുകളും ശക്തമായ പൊതുനിക്ഷേപങ്ങളും ഇന്തോനേഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നും 4.9 ശതമാനം വളര്‍ച്ച 2025ലും 2026ലും രാജ്യം നേടുമെന്നും OECD അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ച 2025-ല്‍ 1.8 ശതമാനത്തിലേക്ക് താഴുമെന്നും സംഘടന വിലയിരുത്തി. അതേസമയം ജൂണിലെ 1.6 ശതമാനത്തില്‍ നിന്നും ഭേദപ്പെട്ട അനുമാനമാണിത്. നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതും ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്കുകള്‍ കുറയ്ക്കുന്നതും താരിഫ് ആഘാതത്തില്‍ നിന്നും കുടിയേറ്റം കുറയുന്നത് കൊണ്ടുള്ള പ്രതിസന്ധികളില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും കരകയറാന്‍ സമ്പദ് വ്യവസ്ഥയെ സഹായിക്കുമെന്ന് OECD പ്രതീക്ഷ പ്രകടിപ്പിച്ചു. ചൈനയിലും വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകും. ഈ വര്‍ഷം 4.9 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് സംഘടന ചൈനയില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ 2026-ല്‍ അത് 4.4 ശതമാനമായേക്കും. യൂറോസോണില്‍ വ്യാപാര, രാഷ്ട്രീയ പ്രതിസന്ധികള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുമെന്നും സംഘടന അഭിപ്രായപ്പെട്ടു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version