സ്വാശ്രയത്വത്തിനായി ഇന്ത്യയുടെ നവ സ്വാതന്ത്ര്യ സമരം; മുന്നില്‍ നിന്ന് നയിക്കാന്‍ ഉള്‍ക്കാഴ്ചയുള്ള സംരംഭകര്‍

പ്രതിസന്ധികളെയും നിരാസങ്ങളെയും വകഞ്ഞുമാറ്റി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയവരുടെ പോരാട്ടമാണ് യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image:AI-generated

1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ചെങ്കോട്ടയില്‍ ഉയര്‍ന്നത് വെറുമൊരു പതാകയായിരുന്നില്ല; ഒരു നൂറ്റാണ്ടിലധികം നീണ്ട അടിമത്തത്തില്‍ നിന്ന് ഒരു ജനത നേടിയെടുത്ത മോചനത്തിന്റെ പ്രഖ്യാപനമായിരുന്നു അത്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് രാജ്യത്തിന് രാഷ്ട്രീയ പരമാധികാരം ലഭിച്ചെങ്കിലും, സാമ്പത്തികമായും മാനസികമായും വ്യവസായപരമായും ഒരു സ്വയംപര്യാപ്തത കൈവരിക്കാന്‍ നമുക്ക് ദശാബ്ദങ്ങളുടെ കഠിനാധ്വാനം ആവശ്യമുണ്ടായിരുന്നു.

രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടിയെങ്കിലും, ദശാബ്ദങ്ങളോളം നമ്മുടെ സംരംഭകര്‍ അനുഭവിച്ച നിരാസങ്ങളും നിയമപരമായ തടസ്സങ്ങളും ചെറുതല്ല. ‘ഇത് ഇന്ത്യയില്‍ നടക്കില്ല,’ ‘ഇന്ത്യക്കാര്‍ ഇത് ഉപയോഗിക്കില്ല,’ ‘നിങ്ങള്‍ക്ക് ഇതിന് കഴിയില്ല’ തുടങ്ങിയ വാക്കുകള്‍ കേട്ട് വളര്‍ന്നവരാണ് നമ്മുടെ ഇന്നത്തെ പല പ്രമുഖ വ്യവസായികളും. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യകാലങ്ങളില്‍ ശക്തമായ വിപണി കണ്ടെത്താന്‍ പ്രയാസപ്പെട്ട ഇവര്‍, തങ്ങള്‍ നേരിട്ട പ്രതിസന്ധികളെ തകര്‍ത്തെറിഞ്ഞാണ് ഇന്നത്തെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് അടിത്തറയിട്ടത്. പുതിയ ഇന്ത്യയിലെ ‘സ്വാതന്ത്ര്യ സമര പോരാളി’കളായ ആ സംരംഭകരുടെ കഥ, വികസിത ഭാരതത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിലെ നിര്‍ണായക ഏടുകളാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നമ്മുടെ യാത്രയിലെ ചില പോരാളികളെക്കുറിച്ച്… അവരുടെ തളരാത്ത പോരാട്ടത്തെക്കുറിച്ച്.

നിരാസങ്ങളെ അവസരമാക്കിയ വനിതകള്‍

യുണൈറ്റഡ് ബ്രൂവറീസിലെ മദ്യ നിര്‍മാണത്തിന്റെ ചുമതലക്കാരനായിരുന്ന രസേന്ദ്ര മജൂംദാര്‍ മകളെ ബ്രൂവിംഗ് പഠിക്കാനായി ഓസ്ട്രേലിയയിലേക്ക് അയക്കുന്നു. ക്ലാസ് ടോപ്പറായി പഠനം പൂര്‍ത്തിയാക്കി 1970-കളുടെ അവസാന കാലത്ത് കിരണ്‍ മജുംദാര്‍ ഷോയെന്ന ആ യുവതി ബെംഗളൂരു നഗരത്തിലേക്ക് മടങ്ങിയെത്തി. പല മദ്യ കമ്പനികളെയും ജോലി തോടി സമീപിച്ച അവരോട് കമ്പനികള്‍ മുഖത്തുനോക്കി നിഷ്‌കരുണം പറഞ്ഞു: ‘ബ്രൂവറി സ്ത്രീകളുടെ ജോലിയല്ല, അതുകൊണ്ട് നിങ്ങളെ ജോലിയില്‍ നിയമിക്കാന്‍ കഴിയില്ല’!

എല്ലായിടത്തുനിന്നും റിജക്ഷന്‍! ബ്രൂവിംഗ് മേഖല തല്‍ക്കാലം വിടാന്‍ കിരണ്‍ തീരുമാനിച്ചു. ഒരു മരുന്ന് കമ്പനി തുടങ്ങാന്‍ പദ്ധതിയിട്ടു. ഒരു അയര്‍ലന്‍ഡുകാരനെ കൂട്ടുകിട്ടി. എന്നാല്‍ തുടക്കക്കാരിയായ ഒരു പെണ്‍കുട്ടിക്ക് വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ തയാറായില്ല. സംരംഭത്തിനായി സ്ഥലം വാടകയ്ക്ക് നല്‍കാന്‍ പോലും ആളുകള്‍ മടിച്ചു. എന്നാല്‍ അവര്‍ പിന്മാറിയില്ല. വാടകയ്ക്കെടുത്ത ഒരു ചെറിയ ഷെഡില്‍, വെറും പതിനായിരം രൂപ നിക്ഷേപവുമായി കിരണ്‍ തന്റെ സ്ഥാപനം തുടങ്ങി. ഇന്ന് നമുക്കാ സ്ഥാപനം അറിയാം, ബഹുരാഷ്ട്ര ബയോടെക്നോളജി ഭീമനായ ബയോകോണ്‍. ഒരുകാലത്ത് സ്ത്രീയായതുകൊണ്ട് മാത്രം പുറന്തള്ളപ്പെട്ട ഒരു വ്യക്തിയാണ് ഇന്ത്യയുടെ ബയോഫാര്‍മ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കിയത്.

ഇതേ പാതയിലൂടെയാണ് ഫാല്‍ഗുനി നായര്‍ക്കും സഞ്ചരിക്കേണ്ടി വന്നത്. ഇരുപത് വര്‍ഷത്തോളം ഒരു ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ ആയി ജോലി ചെയ്ത ശേഷം, അമ്പതാം വയസ്സില്‍ അവര്‍ തന്റെ സുരക്ഷിത ജോലി ഉപേക്ഷിച്ചു. ഓണ്‍ലൈന്‍ വഴി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്ന ‘നൈക’ എന്ന കമ്പനി തുടങ്ങാന്‍ ഇറങ്ങിപ്പുറപ്പെട്ടു. പരമ്പരാഗത നിക്ഷേപകര്‍ അവരെ പരിഹസിച്ചു. ഇന്ത്യക്കാര്‍ ഒരിക്കലും ഓണ്‍ലൈന്‍ വഴി കോസ്മെറ്റിക്സ് വാങ്ങില്ല, അവര്‍ തൊട്ടറിഞ്ഞും കണ്ടറിഞ്ഞുമോ വാങ്ങൂ.. എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ഫാല്‍ഗുനി ആ വിമര്‍ശനങ്ങളെ വകവെച്ചില്ല. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ സാമ്രാജ്യങ്ങളിലൊന്നാണ് നൈക. ഈ രണ്ട് വനിതാ സംരംഭകരുടെയും വിജയഗാഥകള്‍ കാണിക്കുന്നത്, സ്വപ്നങ്ങള്‍ക്ക് മുന്നില്‍ ഒരു തടയണയാകാന്‍ ഒന്നിനും കഴിയില്ലെന്നാണ്.

പരമ്പരാഗത ബിസിനസ് രീതികളെ മാറ്റിമറിച്ചവര്‍

‘ഇത് ഇന്ത്യയില്‍ നടക്കില്ല’ എന്ന മിഥ്യാധാരണയെ തകര്‍ത്തവരാണ് മറ്റൊരു കൂട്ടര്‍. ഒരുകാലത്ത് ഇന്ത്യയില്‍ ആരും വലിയ സാങ്കേതിക സംരംഭങ്ങളോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളോ ഇവിടെ വിജയിക്കുമെന്ന് കരുതിയിരുന്നില്ല. പരമ്പരാഗത പര്‍ച്ചേസിംഗ് രീതികളെയും കടകളെയും മാത്രം ആശ്രയിച്ചിരുന്ന ഒരു കാലഘട്ടം.

ഇന്ത്യയിലെ വലുതും ചെറുതുമായ എല്ലാ നഗരങ്ങളിലും കണ്ണടക്കടകളുണ്ട്. ഇന്ത്യക്കാര്‍ മൊത്തം കണ്ണട വെച്ചാലും അവ നല്‍കാന്‍ പോന്നിടത്തോളം കടകള്‍. അതിനിടെയാണ് ഒരാള്‍ ഓണ്‍ലൈനില്‍ കണ്ണട വില്‍ക്കാനിറങ്ങിയത്. വലിയതോതില്‍ പരിഹസം നേരിട്ടു പിയൂഷ് ബന്‍സാല്‍. ‘കണ്ണു പരിശോധിക്കാതെയും നേരിട്ട് നോക്കാതെയും ആരും കണ്ണട വാങ്ങില്ല’ എന്നായിരുന്നു വിമര്‍ശനം. നിക്ഷേപത്തിനായി പലരെയും സമീപിച്ചെങ്കിലും ബന്‍സാലിന്റെ ആശയം ആര്‍ക്കും ബോധിച്ചില്ല. എന്നാല്‍ റോബോട്ടിക് ലബോറട്ടറികളും വീടുകളില്‍ പോയി കണ്ണ് പരിശോധിക്കുന്ന സൗകര്യവുമെല്ലാം കൊണ്ടുവന്ന് പിയൂഷ്, ലെന്‍സ്‌കാര്‍ട്ടിനെ ഇന്ത്യയിലെ മുന്‍നിര കണ്ണട ബ്രാന്‍ഡാക്കി മാറ്റി.

2010-ല്‍ നിതിന്‍ കാമത്തും നിഖില്‍ കാമത്തും ചേര്‍ന്ന് നിരക്കൊന്നും ഈടാക്കാതെ ഓഹരി വ്യാപാരം നടത്താന്‍ ഉപഭോക്താ്ക്കളെ സഹായിക്കുന്ന ‘സെറോധ’ എന്ന കമ്പനി തുടങ്ങിയപ്പോള്‍ സാമ്പത്തിക ലോകം അവരെ നോക്കി ചിരിച്ചു. ‘ഇന്ത്യക്കാര്‍ സൗജന്യമായി ഓഹരി വ്യാപാരം നടത്തുന്ന പ്ലാറ്റ്‌ഫോമുകളെ വിശ്വസിക്കില്ല, സെറോധ പെട്ടെന്ന് പൂജ്യമായി മാറും’ എന്ന് വിദഗ്ധര്‍ വിധിയെഴുതി. എന്നാല്‍ ബാഹ്യ നിക്ഷേപങ്ങളൊന്നും വാങ്ങാതെ, സുതാര്യത മാത്രം കൈമുതലായി അവര്‍ മുന്നോട്ട് പോയി. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമാണ് സെരോധ. കഠിനാധ്വാനത്തിലൂടെയും ഉപഭോക്താക്കളുടെ വിശ്വാസത്തിലൂടെയും മാത്രം വളരാന്‍ സാധിക്കുമെന്ന് അവര്‍ തെളിയിച്ചു.

ഇന്‍ഷുറന്‍സ് രംഗത്ത് സുതാര്യത കൊണ്ടുവരാന്‍ ശ്രമിച്ച യാശിഷ് ദാഹിയയും ഇതേ രീതിയിലുള്ള എതിര്‍പ്പുകളാണ് നേരിട്ടത്. പരമ്പരാഗത ഏജന്റുകള്‍ക്ക് തിരിച്ചടിയാവുമെന്ന ആശങ്കയില്‍ പല ഇന്‍ഷുറന്‍സ് കമ്പനികളും അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ആ തടസ്സങ്ങളെല്ലാം തരണം ചെയ്താണ് പോളിസിബാസാര്‍ ഇന്ന് കോടിക്കണക്കിന് ആളുകളുടെ ആശ്രയകേന്ദ്രമായി മാറിയിരിക്കുന്നത്. സാമ്പത്തിക സുരക്ഷിതത്വം സാധാരണക്കാരിലേക്ക് എത്തിക്കുക വഴി ഒരു പുതിയ വിപണി തന്നെ അവര്‍ സൃഷ്ടിച്ചെടുത്തു.

ഇന്ത്യയില്‍ ആര് മൊബൈല്‍ ഫോണിലൂടെ ടാക്സി ക്യാബ് ബുക്ക് ചെയ്യാനാണെന്ന മിത്തിനെ പൊളിച്ചത് ഭവിഷ് അഗര്‍വാളാണ്. ഒരു ടാക്സി റൈഡ് ആപ്പ് സൃഷ്ടിക്കാനുള്ള അഗര്‍വാളിന്റെ ശ്രമത്തെ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും മറ്റ് നിക്ഷേപകരും തള്ളിക്കളഞ്ഞു. ഇന്ത്യപോലെ ട്രാഫിക് ബ്ലോക്കും ഇടുങ്ങിയ വഴികളുമെല്ലാം നിറഞ്ഞ ഒരു രാജ്യത്ത്, ആളുകള്‍ ഒട്ടും ഡിജിലല്ലാത്ത ഒരു രാജ്യത്ത്, ആര് ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്യാനാണെന്ന ചോദ്യത്തെ ഭവിഷ് നേരിട്ടത് ഒല ക്യാബ്സിലൂടെയാണ്. ലോക്കല്‍ ടാക്സി സേവന ഏജന്‍സികളുടെയും എതിര്‍പ്പും ആക്രമണവും നേരിട്ടു വളര്‍ന്ന ഒല, ഇന്ന് വിജയകരമായി മുന്നേറുന്ന ഒരു ഇലക്ട്രിക് വെഹിക്കിള്‍ സംരംഭം കൂടിയാണ്.

ചുവപ്പ് നാടകളെ മുറിച്ചെറിഞ്ഞവര്‍

വിപണിയുടെ എതിര്‍പ്പുകള്‍ മാത്രമല്ല, സര്‍ക്കാര്‍ സംവിധാനങ്ങളുടെ സങ്കീര്‍ണ്ണതകളും സംരംഭകര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. ബ്യൂറോക്രസിയുടെയും ലൈസന്‍സ് രാജിന്റെയും തടവറകള്‍ തകര്‍ത്ത സംരംഭകരും നിരവധിയാണ്.

1990-കളുടെ മധ്യത്തില്‍ സഞ്ജീവ് ബിഖ്ചന്ദാനി ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ തൊഴില്‍ പോര്‍ട്ടലായ ‘നൗകരി ഡോട്ട് കോം’ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍, രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇന്റര്‍നെറ്റ് എന്താണെന്നു പോലും ബോധ്യമുണ്ടായിരുന്നില്ല. ‘ഇന്ത്യക്കാര്‍ക്ക് കമ്പ്യൂട്ടറുകളില്ല, ആരും ഇ-മെയില്‍ ഉപയോഗിക്കുന്നില്ല, ക്ലാസിഫൈഡുകള്‍ വരുന്നത് പത്രങ്ങളില്‍ മാത്രമാണ്’ എന്ന് പറഞ്ഞ് പലരും അദ്ദേഹത്തെ മടക്കി അയച്ചു. എന്നാല്‍ തന്റെ ആശയത്തില്‍ വിശ്വാസമര്‍പ്പിച്ച സഞ്ജീവ്, ഒരു വീടിന്റെ ചെറിയ മുറിയിലിരുന്ന് അത് യാഥാര്‍ത്ഥ്യമാക്കി. ഇന്ന് സൊമാറ്റോ പോലുള്ള വന്‍കിട കമ്പനികളുടെ വളര്‍ച്ചയ്ക്ക് പിന്നിലും ഇതേ വ്യക്തിയുടെ നിക്ഷേപമുണ്ട്.

വിനോദ് ഖോസ്ലയുടെ അനുഭവവും വ്യത്യസ്തമല്ല. ഇന്ത്യയില്‍ സോയാമില്‍ക്ക് കമ്പനി തുടങ്ങാന്‍ ശ്രമിച്ച അദ്ദേഹത്തിന് ഒരു ടെലിഫോണ്‍ കണക്ഷന്‍ ലഭിക്കാന്‍ മാത്രം ഏഴ് വര്‍ഷം കാത്തിരിക്കേണ്ടി വന്നു! പിന്നീട് അദ്ദേഹം അമേരിക്കയിലേക്ക് മാറി ‘സണ്‍ മൈക്രോസിസ്റ്റംസ്’ എന്ന ആഗോള ടെക് കമ്പനിയുടെ സഹസ്ഥാപകനായി മാറി. ആധുനിക ഇന്റര്‍നെറ്റിന്റെ അടിസ്ഥാനം രൂപപ്പെടുത്തിയ കമ്പനികളിലൊന്നാണിത്..  ഇന്ത്യയിലെ മോശം അടിസ്ഥാന സൗകര്യങ്ങളും കാലഹരണപ്പെട്ട നിയമങ്ങളുമാണ് അന്ന് പല പ്രതിഭകളെയും പുറത്തേക്ക് നയിച്ചത്. എന്നാല്‍ പിന്നീട് വന്ന തലമുറ ആ അവസ്ഥ മാറ്റിയെഴുതി.

പുതിയ കാലത്തിന്റെ സ്വാതന്ത്ര്യ സമരം

പഴയകാലത്ത് വിദേശ വസ്ത്രങ്ങള്‍ ബഹിഷ്‌കരിച്ചും ഖദര്‍ ധരിച്ചുമായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമരം. ഇന്ന് നാം ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിലാണ്. നിരവധി മേഖലകളില്‍ ഇന്നും നാം വിദേശ സാങ്കേതി വിദ്യകളെയും മെഷീനറികളെയുമെല്ലാം ആശ്രയിക്കുന്നു. രാജ്യസുരക്ഷ സംബന്ധിച്ച് നിര്‍ണായകമായ പ്രതിരോധ മേഖല പോലും ഏതാനും വര്‍ഷം മുന്‍പുവരെ  വിദേശ രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഈ പരാശ്രയത്വത്തില്‍ നിന്നാണ് നമുക്ക് ഇനി സ്വാതന്ത്ര്യം വേണ്ടത്. അതിനുള്ള മാര്‍ഗം സ്വന്തമായി സാങ്കേതികവിദ്യയും ബിസിനസ്സും കെട്ടിപ്പടുക്കലാണ്.

വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന നമ്മള്‍ ഇന്ന് സ്വന്തമായി റോക്കറ്റുകളും ആഗോള കമ്പനികളും വളര്‍ത്തിയെടുക്കുന്നു. ബഹിരാകാശ രംഗത്തും പ്രതിരോധ രംഗത്തും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയുടെ ഭാവി ചരിത്രം രചിച്ചുകൊണ്ടിരിക്കുന്നു.

ലോകം ഭയപ്പാടോടെ കണ്ട ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി നമ്മള്‍ ‘യുപിഐ’ സംവിധാനം സ്വന്തമായി ഉണ്ടാക്കി വിജയിപ്പിച്ചു. ഇന്ന് ലോകത്തെ സമാനതയില്ലാത്ത സാമ്പത്തിക വിജയങ്ങളിലൊന്നായി അത് മാറിയിരിക്കുന്നു. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ യുപിഐ ശൃംഖലയില്‍ ഇന്ത്യയിലെ പാവപ്പെട്ടവനും പണക്കാരനുമെല്ലാം തുല്യ പദവിയോടെ ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.

സ്ത്രീകള്‍ക്ക് ബിസിനസ്സ് വഴങ്ങില്ലെന്ന വാദത്തെ തകര്‍ത്ത് ഇന്ന് ആയിക്കണക്കിന് വനിതാ സംരംഭകകള്‍ രാജ്യത്ത് മുന്‍നിരയിലേക്കെത്തിയിരിക്കുന്നു.

തങ്ങള്‍ക്ക് ലഭിച്ച ‘ഇല്ല’ എന്ന ഉത്തരങ്ങളെ ‘കഴിയും’ എന്ന് തെളിയിച്ചു കാട്ടിയവരാണ് ഈ സംരംഭകരെല്ലാം. രാഷ്ട്രീയമാണ് നമുക്ക് സ്വരാജ്യം തന്നത്. എന്നാല്‍ ഈ സംരംഭകര്‍ നമുക്ക് സാമ്പത്തികമായ സ്വാതന്ത്ര്യം നേടിത്തരാന്‍ പ്രയത്നിക്കുന്നു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തിനായി ജീവിച്ചവരെയും പ്രാണന്‍ ത്യജിച്ചവരേയും ഓര്‍ക്കുമ്പോള്‍ തന്നെ, ഈ പുതിയ കാലത്തിന്റെ നിര്‍മ്മാതാക്കളെയും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. പ്രതിസന്ധികളെയും നിരാസങ്ങളെയും വകഞ്ഞുമാറ്റി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയവരുടെ പോരാട്ടമാണ് യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഈ വിജയഗാഥയെ നമ്മള്‍ ഓരോരുത്തരും ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.

English Summary

The Fight for Economic Freedom: India’s Journey Towards Self-Reliance
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version