വിദ്യാര്‍ത്ഥികളേ വരൂ…നമുക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാം

രണ്ടു വിഷയങ്ങള്‍ക്ക് എ പ്ലസ് കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്ത കുട്ടിയുണ്ട് നമ്മുടെ പ്രബുദ്ധ കേരളത്തില്‍. എല്ലാത്തിനും എ പ്ലസ് നേടുന്നതാണ് ജീവിതവിജയം എന്ന ഒരു പൊതുബോധം നമ്മളെ എങ്ങനെയോ ബാധിച്ചിരിക്കുന്നു. എ പ്ലസ് ലഭിച്ച വര്‍ക്കും ലഭിക്കാത്തവര്‍ക്കും വലിയ ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സംരംഭ മേഖല. അതില്‍ തന്നെ യുവാക്കള്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ഒരു മേഖലയാണ് സ്റ്റാര്‍ട്ടപ്പുകള്‍. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനും വിജയിപ്പിക്കുന്നതിനും മനസ്സിലാക്കേണ്ട പ്രധാന കാര്യങ്ങള്‍ മനസിലാക്കാം.

T. S. Chandran
Former Deputy Director, Department of Industries and Commerce, Government of Kerala
Highlights
  • ഒരു ആശയം വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മികച്ച രീതിയില്‍ വാണിജ്യവല്‍ക്കരിക്കുക എന്നുള്ളതാണ് വിജയത്തിന്റെ അടിസ്ഥാനം. അത്തരത്തില്‍ ഒരു ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ട് വേണം ആശയങ്ങള്‍ തെരഞ്ഞെടുക്കാനും ഇന്‍കുബേറ്റ് ചെയ്യാനും

സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ പരിഹാരം കണ്ടെത്തുക എന്നുള്ളതാണ് സ്റ്റാര്‍ട്ടപ്പുകളുടെ അടിസ്ഥാനം. നിലവിലുള്ള ഒരു പ്രശ്‌നം പരിഹരിക്കുന്നതിന് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്നവേറ്റീവ് ആയ ഒരു ബിസിനസ് ആശയം നടപ്പാക്കുന്നതിനെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ എന്ന് വിളിക്കുന്നത്. ഇതാവട്ടെ ഏറ്റവും ലാഭകരമായും വിജയകരമായും ചെയ്യാന്‍ സാധ്യതയുള്ള സംരംഭമേഖലയാണ്.

പ്രശ്‌നങ്ങള്‍ കണ്ടെത്തുക

നമ്മുടെ സമൂഹത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. കാലാവസ്ഥാ വ്യതിയാനം, ജെന്‍ഡര്‍ ഇക്വാളിറ്റി, വിദ്യാഭ്യാസ സംവിധാനങ്ങള്‍, ഭക്ഷണം, പാര്‍പ്പിടം, സാമൂഹ്യ സുരക്ഷ, യുദ്ധം, ക്രിമിനലുകള്‍, സമാധാനം, ജയിലുകള്‍, ആരോഗ്യരക്ഷ, മാനസിക ആരോഗ്യം, ഗതാഗതം, സ്വത്തു തര്‍ക്കങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, കുടുംബ ബന്ധങ്ങള്‍, കുട്ടികളുടെയും വൃദ്ധരുടെയും പരിപാലനം, സ്ത്രീ സുരക്ഷ, തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥ, വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കുടിയേറ്റം, തൊഴിലാളികള്‍ക്ക് വേണ്ടത്ര നൈപുണ്യമില്ലാത്ത അവസ്ഥ, അങ്ങനെ നിരവധി മേഖലകളില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഈ പ്രശ്‌നങ്ങള്‍ കണ്ടെത്തുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങേണ്ടത് പ്രശ്‌നങ്ങളില്‍ നിന്നാണ് എന്ന് ചുരുക്കം.

ആശയങ്ങള്‍/പരിഹാരങ്ങള്‍ കണ്ടെത്തുക

നിങ്ങള്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്ന് ആധുനിക സാങ്കേതികവിദ്യകളിലൂടെ കണ്ടെത്തുക. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഇന്റര്‍നെറ്റ്, റോബോട്ടിക് ആപ്ലിക്കേഷന്‍ എന്നിവയെല്ലാം ഫലപ്രദമായി ഉപയോഗിക്കാം. അത്തരം ആശയങ്ങള്‍ മുന്നോട്ടുവെക്കുക, വൈവിധ്യങ്ങളായ ആശയങ്ങള്‍ നാം സ്വീകരിക്കുക, അതില്‍ ഏറ്റവും യോജ്യമായ ആശയം പ്രായോഗികമായി കൊണ്ടുവരാന്‍ ശ്രമിക്കുക. പുതുമയുള്ളതും മികച്ച സാങ്കേതിക ക്ഷമതയുള്ളതുമായ ആശയങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് നിങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ പരിഗണനയും പിന്തുണയും ലഭിക്കുക.

ആശയത്തെ ഇന്‍കുബേറ്റ് ചെയ്യുക.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നാം ഉണ്ടാക്കിയെടുത്ത നിരവധി ആശയങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ആശയം പ്രായോഗികമായി വിജയിക്കുമോ ഇല്ലയോ എന്ന് എന്നുള്ള പരീക്ഷണമാണ് ഇന്‍കുബേഷന്‍. നമുക്ക് ചുറ്റും നിരവധി ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ട്. കാര്‍ഷിക അധിഷ്ഠിത ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്ക് കാര്‍ഷിക യൂണിവേഴ്‌സിറ്റികള്‍, ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, മാംസം, മുട്ട, പാല്‍, ജീവികള്‍ക്കുള്ള ഭക്ഷണം, തുടങ്ങിയവയ്ക്ക് കെ-വാസു (കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി) മത്സ്യം പോലുള്ള സംരംഭങ്ങള്‍ക്ക് മത്സ്യ ഗവേഷണ സ്ഥാപനങ്ങള്‍, സാങ്കേതികവിദ്യയില്‍ ഊന്നിയ സംരംഭങ്ങള്‍ക്ക് ഐഐടികള്‍, എന്‍ഐടികള്‍ , എന്‍ജിനീയറിങ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ അതുപോലെ വിഷയ അധിഷ്ഠിത സാങ്കേതിക സ്ഥാപനങ്ങള്‍, ഇവിടെയെല്ലാം വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ ഇന്‍കുബേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്. അതുപോലെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ വളരെ ചുരുങ്ങിയ ചിലവില്‍ ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. പിറവം അഗ്രോ പാര്‍ക്ക് പോലെ സ്വകാര്യ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും രാജ്യത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.

വാണിജ്യവല്‍ക്കരിക്കുക

ഇന്‍കുബേറ് ചെയ്‌തെടുത്ത ആശയങ്ങളുടെ പ്രായോഗിക ക്ഷമതയാണ് വാണിജ്യവല്‍ക്കരണം. എത്ര വിജയകരമായി വാണിജ്യ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുത്ത ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വില്‍ക്കാന്‍ കഴിയും എന്നുള്ളതാണ് ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടത്. പൊതുവേ സ്റ്റാര്‍ട്ടപ്പുകളുടെ വിജയ നിരക്ക് കുറവാണ് എങ്കിലും വിജയിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഒരു ആശയം വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മികച്ച രീതിയില്‍ വാണിജ്യവല്‍ക്കരിക്കുക എന്നുള്ളതാണ് വിജയത്തിന്റെ അടിസ്ഥാനം. അത്തരത്തില്‍ ഒരു ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ട് വേണം ആശയങ്ങള്‍ തെരഞ്ഞെടുക്കാനും ഇന്‍കുബേറ്റ് ചെയ്യാനും. എന്നാല്‍ ഇങ്ങനെ തിരഞ്ഞെടുക്കുന്ന ആശയങ്ങള്‍ എല്ലാം അതേ രീതിയില്‍ തന്നെ വാണിജ്യവല്‍ക്കരിക്കാന്‍ കഴിയണമെന്നില്ല. വിജയിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിയും.

സ്റ്റാര്‍ട്ടപ്പുകളുടെ വിജയ നിരക്ക് ശരാശരി 20% ആണ്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല. 2016 ല്‍ 5,000 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നിടത്താണ് ഇന്ന് ഒന്നര ലക്ഷത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്ത് കാണുന്നത്. ഇങ്ങനെ വാണിജ്യവല്‍ക്കരിക്കുന്നതില്‍ പരാജയപ്പെടുന്ന ഉത്പന്നങ്ങളെ പരിഷ്‌കരിച്ച് പുതിയ മോഡലുകളും പുതിയ രീതികളും ആവിഷ്‌കരിച്ച് വിജയത്തിലേക്ക് എത്തിക്കുന്ന സാഹചര്യവും നമുക്ക് കാണാന്‍ കഴിയും.

വൈവിധ്യമാര്‍ന്ന മേഖലകള്‍ തിരിച്ചറിയുക

പൊതുവേ വിദ്യാര്‍ത്ഥികളും പൊതുസമൂഹവും ധരിച്ചു വച്ചിരിക്കുന്നത് സ്റ്റാര്‍ട്ടപ് എന്നാല്‍ സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായ സംവിധാനങ്ങളും സംരംഭങ്ങളും ഒരുക്കുക എന്നാണ്. മൊബൈല്‍ ആപ്പുകള്‍ ആണ് സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായും ചെയ്തുവരുന്നത്. എന്നാല്‍ കാര്‍ഷിക അധിഷ്ഠിത സംരംഭങ്ങള്‍, ആരോഗ്യ സംരക്ഷണ സംരംഭങ്ങള്‍, വ്യവസായ സംരക്ഷണ സംരംഭങ്ങള്‍, എയ്‌റോസ്‌പേസസ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കമ്മ്യൂണിക്കേഷന്‍, കൃഷി, പൊതുജന ആരോഗ്യം, മത്സ്യബന്ധനം, മത്സ്യ ഗവേഷണം, പരമ്പരാഗത തൊഴിലുകള്‍, തുടങ്ങി ഒട്ടനവധി മേഖലകളില്‍ നിര്‍മ്മാണ/സേവന സംരംഭങ്ങള്‍ക്ക് ഇവിടെ സാധ്യതകള്‍ ഉണ്ട്. എല്ലാത്തിലും പുതുമ വേണം. നൂതന സാങ്കേതികവിദ്യയും! ഇവയായാല്‍ സ്റ്റാര്‍ട്ടപ്പുകളുടെ വിജയ സാധ്യത വളരെ കൂടും. വിജയിക്കാന്‍ കഴിയുന്ന സാഹചര്യം ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. നൂതന മെഷിനറികളും ഉപകരണങ്ങളും ഉപയോഗപ്പെടുത്തി കൊണ്ടുള്ള നിര്‍മ്മാണ/സേവന സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പ് എന്ന ആശയത്തില്‍ ഉള്‍പ്പെടുന്നു. സംഭരണ- സംസ്‌കരണ- വിതരണ സംവിധാനങ്ങള്‍ക്ക് പുതിയ രീതികള്‍ ആവിഷ്‌കരിക്കാനും നൂതന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്താനും അതുവഴി ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ആയുസ്സ് വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വിജയ സാധ്യതകള്‍ കൂടി എന്ന് മനസ്സിലാക്കാം.

ഒരു പ്രശ്‌നം പരിഹരിക്കാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തിയ സ്ഥാപകന്‍ അല്ലെങ്കില്‍ സംരംഭകനാണ് സ്റ്റാര്‍ട്ടപ് ഉടമ. സോളോ ഫൗണ്ടര്‍ അല്ലെങ്കില്‍ സഹ ഫൗണ്ടര്‍മാര്‍ എന്നാണ് ഇവരെ പൊതുവേ അറിയപ്പെടുന്നത്. സ്റ്റാര്‍ട്ടപ് സ്ഥാപകന്‍ അവരുടെ ബിസിനസ് മോഡലുകള്‍ വികസിപ്പിക്കുന്നതിനും സാധൂകരിക്കുന്നതിനും ആയി ഏറ്റവും ചിലവ് കുറഞ്ഞതും ലാഭകരമായതും ആയ ഉല്‍പ്പന്നം അതായത് ഒരു പ്രോട്ടോടൈപ്പ് നിര്‍മ്മിക്കുന്നതിലൂടെ വിപണി മൂല്യനിര്‍ണയം നടത്തുകയും അതനുസരിച്ച് വിജയസാധ്യത ഉറപ്പ് വരുത്തുകയും ചെയ്യും.

സര്‍ക്കാര്‍ സഹായങ്ങള്‍ ഉപയോഗപ്പെടുത്തുക

സ്റ്റാര്‍ട്ടപ് കമ്പനികളെ സഹായിക്കുന്നതിന് നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നിലവിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്, (ഡിപിഐഐടി) സയന്‍സ് ആന്‍ഡ് ടെക്‌നോളജി മിനിസ്ട്രി, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ ടി മിനിസ്ട്രി, എം എസ് എം ഇ മിനിസ്ട്രി, മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസ് (ങഛഎക), ഡിഫന്‍സ് മിനിസ്ട്രി, ടൂറിസം മിനിസ്ട്രി, തുടങ്ങിയ മിനിസ്ട്രികളെല്ലാം വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ സ്റ്റാര്‍ട്ടപ്പുകളെ സഹായിച്ചു വരുന്നു.

സംസ്ഥാനതലത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെഎസ്‌ഐഡിസി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്‌സ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, കൃഷി, മൃഗം, മത്സ്യം തുടങ്ങിയ വകുപ്പുകള്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, തുടങ്ങിയ നിരവധി കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകളെ സപ്പോര്‍ട്ട് ചെയ്തുവരുന്നു.

ഇന്ത്യയില്‍ ഒന്നാമത് മഹാരാഷ്ട്ര

ഡിപിഐഐടി (ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്) 2024 ജൂണ്‍ 30 ന് പുറത്തുവിട്ട കണക്ക് പ്രകാരം 1.40 ലക്ഷം സ്റ്റര്‍ട്ടപ്പുകള്‍ ആണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനതലത്തില്‍ പരിശോധിച്ചാല്‍ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കര്‍ണാടകയാണ്. കേരളത്തിന് ഒന്‍പതാം സ്ഥാനമുണ്ട്.

ബെംഗളൂരു, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, പുനെ, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍ എന്നീ നഗരങ്ങളാണ് മികച്ച സ്റ്റാര്‍ട്ടപ്പ് നഗരങ്ങളില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ളത്. ബെംഗളൂരു ആണ് സ്റ്റാര്‍ട്ടപ്പ് രംഗത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരം. 2025 ജനുവരി 15 ആയപ്പോഴേക്കും ഡിപിഐഐടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 1.59 ലക്ഷം ആയി ഉയര്‍ന്നിരിക്കുന്നു.

ഓയോ ഹോംസ്, സൊമാറ്റോ, ഊബര്‍, സ്വിഗ്ഗി, ഫ്രഷ് ടു ഹോം, ബൈജൂസ് ആപ്പ് എന്നിവയെല്ലാം വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ്. വളരെ ചെറിയ തലത്തില്‍ നിന്നും വലിയ രീതിയിലേക്ക് ഇവര്‍ വളര്‍ന്നു വന്നിരിക്കുന്നു. മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിന് വ്യത്യസ്തമായ ഒരു സ്റ്റാര്‍ട്ടപ്പ് കടന്നുവരുന്നു. ‘പാലന’ എന്നാണ് സ്റ്റാര്‍ട്ടപ്പിന്റെ പേര്. ഇവര്‍ ഹാപ്പിനസ് റിജുവിനെഷന്‍ കേന്ദ്രങ്ങള്‍ രാജ്യത്തൊട്ടാകെ തുടങ്ങുകയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകരിക്കാവുന്ന മാതൃകകളാണ് ഇവയെല്ലാം തന്നെ.

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് നിരവധിയായ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്തത് നടപ്പിലാക്കി വരുന്നുണ്ട്. ഫണ്ടിംഗ്, ടെക്‌നോളജി, പൊതു സംഭരണം, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്, നെറ്റ് വര്‍ക്കിംഗ്, വിപണനം എന്നീ രീതിയില്‍ എല്ലാം തന്നെ ഇത്തരം സ്ഥാപനങ്ങളുടെ സേവനങ്ങളും ലഭിക്കും. കൂടാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും സ്റ്റര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് തയ്യാറായി മുന്നിലുണ്ട്.

ഡിപിഐഐടിയില്‍ രജിസ്റ്റര്‍ ചെയ്യുക

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി)എന്ന സ്ഥാപനമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാഥമിക അംഗീകാരം നല്‍കുന്നത്. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വെബ്‌സൈറ്റില്‍ കയറി അപേക്ഷ അപ്ലോഡ് ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിന് ആദ്യം ചെയ്യേണ്ടത് ഒരു കമ്പനി രൂപീകരിക്കുക എന്നുള്ളതാണ്. ഇത് പാര്‍ട്ണര്‍ഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ്, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് എന്നീ ഏതു രൂപവും സ്വീകരിക്കാം. ഇന്‍ കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍ നമ്പര്‍, സംരംഭകരുടെ കെവൈസി, സ്റ്റാര്‍ട്ടപ് പ്രോജക്ട് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ തുടങ്ങിയവ അപ്ലോഡ് ചെയ്തു നല്‍കണം. വീഡിയോ/പിച്ച് ഡെക്ക്/വെബ് ലിങ്ക് തുടങ്ങിയവയും ബാധകമായ കാര്യങ്ങളില്‍ നല്‍കാം. സ്റ്റാര്‍ട്ടപ് പ്രൊഫൈല്‍ ഉണ്ടാക്കുകയും സമര്‍പ്പിക്കുകയും വേണം. അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ തന്നെ ഒരു നമ്പര്‍ ലഭിക്കും. അംഗീകാരം അനുവദിച്ചാല്‍ അംഗീകാര സര്‍ട്ടിഫിക്കറ്റ് പിന്നീട് ഇമെയില്‍ വഴിയാണ് ലഭിക്കുക.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് നിന്നും സ്റ്റാര്‍ട്ടപ് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ അടുത്തതായി യുണീക് ഐഡന്റിഫിക്കേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യുക എന്നുള്ളതാണ്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ആണ് ഈ യുണീക് ഐഡി തരുന്നത്. സ്റ്റാര്‍ട്ടപ്പ് അംഗീകാരം ലഭിച്ചുകഴിഞ്ഞ് അംഗീകാര സര്‍ട്ടിഫിക്കറ്റുമായി വേണം യുണീക് ഐഡന്റിഫിക്കേഷന് വേണ്ടി അപേക്ഷിക്കാന്‍. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സൈറ്റില്‍ കയറി അപേക്ഷകള്‍ അപ്ലോഡ് ചെയ്തു കഴിഞ്ഞാല്‍ ഇമെയില്‍ വഴി വിവരം അറിയിക്കും. സ്റ്റര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന എല്ലാത്തരം ആനുകൂല്യങ്ങള്‍ക്കും ഈ യുണീക് ഐഡന്റിഫിക്കേഷന്‍ അത്യാവശ്യമായ ഒരു രേഖയാണ്.

ഫണ്ടിംഗിന് മാര്‍ഗങ്ങള്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മതിയായ ഫണ്ട് ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. പല ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകളും വായ്പ നല്‍കാന്‍ വേണ്ടത്ര ഉത്സാഹം കാണിക്കാറില്ല. സ്ഥിരമായ ആസ്തികള്‍ പലപ്പോഴും പ്രോജക്ട് കോസ്റ്റില്‍ ഉള്‍പ്പെടുന്നില്ല എന്നുള്ളതാണ് ഇതിന്റെ ഒരു പ്രധാന കാരണം. എയ്ഞ്ചല്‍ ഫണ്ടിംഗ്, ക്രൗഡ് ഫണ്ടിംഗ് എന്നിവയാണ് പ്രധാനമായും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ സ്വരൂപിക്കുന്ന ധനാഗമ മാര്‍ഗം. ഇത് കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഫണ്ട് നല്‍കി വരുന്നുണ്ട്

സ്റ്റാര്‍ട്ടപ്പിന്റെ സീഡ് ഫണ്ട് സ്‌കീം ആണ് ഇതില്‍ പ്രധാനമായത്. കേന്ദ്രസര്‍ക്കാര്‍ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ് ഇത്. ആശയം, അസ്സല്‍ മാതൃക, പ്രോജക്ട് ട്രയല്‍, വിപണി തുടങ്ങിയ എല്ലാ ഘട്ടത്തിലും സാമ്പത്തിക സഹായം ഈ പദ്ധതി ഉറപ്പുവരുത്തുന്നു. 20 ലക്ഷം രൂപ വരെ ഒന്നാം ഘട്ടത്തില്‍ ഗ്രാന്‍ഡ് അനുവദിക്കുന്നു. ആശയം പ്രോട്ടോടൈപ്പ്, പ്രോഡക്റ്റ് ടെസ്റ്റിംഗ് തുടങ്ങി ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കാന്‍ തയ്യാറാകുന്നതുവരെയുള്ള ആവശ്യങ്ങള്‍ക്കാണ് ഈ തുക അനുവദിക്കുക

50 ലക്ഷം രൂപ വരെ രണ്ടാംഘട്ടമായി നല്‍കുന്നു. ഡിബഞ്ചറുകള്‍, കടം/കടവുമായി ബന്ധപ്പെട്ടവ എന്നീ രീതിയിലാണ് ആനുകൂല്യം നല്‍കുന്നത്. വാണിജ്യവല്‍ക്കരണം, വിപണി പ്രവേശനം, ഉല്‍പാദന തോത് ഉയര്‍ത്തല്‍, എന്നിവയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ സൈറ്റില്‍ കയറി സീഡ് ഫണ്ട് എന്ന ലിങ്ക് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എക്‌സ്‌പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് ഈ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക.

കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം രൂപ സീഡ് ഫണ്ട് വായ്പ നല്‍കി വരുന്നു. യുവ സരംഭകര്‍ക്ക് നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവും വാണിജ്യവല്‍ക്കരിക്കാന്‍ സാധ്യതയുള്ളതുമായ സ്റ്റാര്‍ട്ടപ്പിന് അര്‍ഹത. പ്രാരംഭഘട്ടത്തില്‍ സീഡ് ഫണ്ട് തുകയായി 25 ലക്ഷം രൂപ വരെ അനുവദിക്കും. ആരോഗ്യ മേഖല, കൃഷി, വെബ്ബ് ആപ്ലിക്കേഷന്‍ ആന്റ് ഡെവലപ്‌മെന്റ്, എന്‍ജിനീയറിങ്, ആയുര്‍വേദം, ധനകാര്യ സ്ഥാപനങ്ങള്‍, സിനിമ, പരസ്യ മേഖല , വിദ്യാഭ്യാസം എച്ച് ആര്‍, ബയോടെക്‌നോളജി, ഡിഫന്‍സ് ടെക്‌നോളജി തുടങ്ങിയ മേഖലകള്‍ക്കാണ് സഹായം ലഭിക്കുക. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ആയിരിക്കണം. പദ്ധതി ചെലവിന്റെ 90% വരെ ഈ രീതിയില്‍ വായ്പ ലഭിക്കും. 4.2 ശതമാനം ആണ് നിലവില്‍ പലിശ നിരക്ക്. സംരംഭങ്ങള്‍ വിജയിച്ചാല്‍ വ്യക്തിഗതമായ ഉറപ്പില്‍ 50 ലക്ഷം രൂപ വരെ സ്‌കെയില്‍ അപ് വായ്പ നല്‍കാനും പദ്ധതിയുണ്ട്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും വലിയ തോതിലുള്ള പദ്ധതികള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടപ്പാക്കി വരുന്നുണ്ട്. ഐഡിയ ഗ്രാന്‍ഡ് – 3 ലക്ഷം രൂപ, വിദ്യാര്‍ഥികള്‍ക്കുള്ള ഐഡിയ ഗ്രാന്‍ഡ് -2 ലക്ഷം രൂപ, വാണിജ്യവല്‍ക്കരണത്തിന് 7 ലക്ഷം രൂപ, വനിത/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 12 ലക്ഷം രൂപ, മാര്‍ക്കറ്റ് ആക്‌സിലറേഷന്‍ ഗ്രാന്‍ഡ് എന്ന പദ്ധതിയില്‍ 10 ലക്ഷം രൂപ, സ്‌കെയില്‍ അപ് ഗ്രാന്‍ഡ് എന്ന രീതിയില്‍ 15 ലക്ഷം രൂപ, ഗവേഷണവും വികസനവും എന്ന രീതിയില്‍ 30 ലക്ഷം രൂപ (ഇതിന് 50 ശതമാനം ഗ്രാന്‍ഡ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിനിയോഗിക്കണം), സോഫ്റ്റ് ലോണ്‍ എന്ന നിലയില്‍ ആറു ശതമാനം പലിശയ്ക്ക് 15 ലക്ഷം രൂപ വരെ വായ്പയായും അനുവദിക്കാന്‍ പദ്ധതിയുണ്ട്. ഏറ്റെടുത്ത വര്‍ക്കുകളും പ്രോജക്ടുകളും പൂര്‍ത്തിയാക്കുന്നതിന് ആണ് സോഫ്റ്റ് ലോണ്‍ അനുവദിക്കുക. സീഡ് ഫണ്ട് എന്ന ഇനത്തില്‍ 15 ലക്ഷം രൂപ 6% പലിശയ്ക്ക് അനുവദിക്കാനും കേരള സ്റ്റാര്‍ട്ടര്‍ മിഷനില്‍ പദ്ധതി ഉണ്ട്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സൈറ്റില്‍ കയറിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനും വായ്പകള്‍ നല്‍കി വരുന്നുണ്ട്. ആശയം, ഉല്‍പാദനം, എന്നിവയ്ക്ക് 25 ലക്ഷം രൂപ വരെയും വാണിജ്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപ വരെയും, സെകയില്‍ അപ് ചെയ്യുന്നതിന് 1 കോടി രൂപ വരെയുമാണ് ഇങ്ങനെ വായ്പയായി അനുവദിക്കുക. കേരളത്തില്‍ തുടങ്ങി യുണീക് ഐഡന്റിഫിക്കേഷന്‍ നേടിയിട്ടുള്ള എല്ലാ സ്ഥാപനങ്ങള്‍ക്ക് ഇതിന് അര്‍ഹതയുണ്ട്. 5% പലിശ നിരക്കില്‍ വായ്പ ലഭിക്കുന്നു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഫീസുകളുമായാണ് ബന്ധപ്പെടേണ്ടത്.

സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിന് എ പ്ലസ് ആവശ്യമേയില്ല എന്നാല്‍ എ പ്ലസ് ഒരു തടസവും അല്ല. എന്തുകൊണ്ട് തന്റെ സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കും ആശ്രയിച്ചു വരുന്നവര്‍ക്കും തൊഴില്‍ നല്‍കുന്നതിന്റെ സുഖത്തെ കുറിച്ച് കൂടി യുവാക്കള്‍ക്ക് ചിന്തിച്ചു കൂടാ?

(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍. ഫോണ്‍: 9447509915)

English Summary

Addressing the intense academic pressure on youth, this comprehensive guide by T.S. Chandran highlights entrepreneurship and startups as highly viable career paths where an "A-plus" academic record is completely irrelevant to achieving monumental success. The startup journey is systematically broken down into crucial operational phases: identifying critical societal pain points, developing tech-driven solutions (using AI, ML, or robotics), incubating ideas through specialized university or state centers, and scaling them via commercialization. To assist young innovators, the article outlines statutory procedures like registering companies with the DPIIT and obtaining a Unique ID from the Kerala Startup Mission (KSUM), alongside mapping vital funding pipelines including Central Seed Funds up to ₹50 lakh, KSIDC initial loans of ₹25 lakh, and specialized KSUM grants tailored for student, women, and research-driven ventures.
Share This Article
Former Deputy Director, Department of Industries and Commerce, Government of Kerala
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version