സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡുകൾക്ക് കനത്ത തിരിച്ചടി; ഇന്ത്യൻ വിപണിയിൽ വിൽപനയിൽ വൻ കുറവ്

വിപണിയിലെ ആവശ്യക്കുറവും വിതരണ ശൃംഖലയിലെ വെല്ലുവിളികളും സ്മാർട്ട്ഫോൺ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Flickr/AI-generated

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡുകൾക്ക് കനത്ത തിരിച്ചടി. ജൂൺ മാസത്തിൽ ബജറ്റ് സ്മാർട്ട്ഫോണുകളുടെ വില ഉയർന്നതോടെ ആവശ്യക്കാർ കുറഞ്ഞതാണ് പ്രധാന കാരണം. ഇതിന്റെ ഫലമായി, 2020ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിപണി വിഹിതമാണ് ചൈനീസ് കമ്പനികൾ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇന്ത്യയിലെ മൊത്തം സ്മാർട്ട്ഫോൺ വിൽപ്പന 10 ശതമാനം ഇടിഞ്ഞതായാണ് കൗണ്ടർപോയിന്റ് റിസർച്ച് പുറത്തുവിട്ട പുതിയ റിപ്പോർട്ട്. കഴിഞ്ഞ ആറു വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ തകർച്ചയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമുണ്ടാക്കിയ ഒപ്പോ, വിവോ, ഷവോമി, റിയൽമി, വൺപ്ലസ്, ഐക്യുഒ, പോക്കോ തുടങ്ങിയ ചൈനീസ് ബ്രാൻഡുകൾക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ വിപണി വിഹിതം നഷ്ടമായത്. സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന റാം, നാൻഡ് മെമ്മറി ചിപ്പുകളുടെ വില ഗണ്യമായി ഉയർന്നതാണ് ഫോണുകളുടെ വില വർധിക്കാൻ പ്രധാന കാരണമായി മാറിയത്. ഇതോടൊപ്പം തന്നെ വിലക്കയറ്റവും പണപ്പെരുപ്പവും സാധാരണക്കാരെ പുതിയ ഫോൺ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. ആകർഷകമായ ഇഎംഐ ഓഫറുകൾ ലഭിച്ചിട്ടും പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പലരും മടിച്ചതായി വിപണി നിരീക്ഷകർ വിലയിരുത്തുന്നു.

2025 സെപ്റ്റംബർ മുതൽ മെമ്മറി ചിപ്പുകളുടെ വില ഏകദേശം നാലിരട്ടിയായി ഉയർന്നിട്ടുണ്ടെന്നാണ് കൗണ്ടർപോയിന്റ് റിസർച്ചിൽ പറയുന്നത്. വരും മാസങ്ങളിൽ ഇത് അഞ്ചിരട്ടിവരെ വർധിക്കാനിടയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, സ്മാർട്ട്ഫോൺ വിപണിയിലെ സമ്മർദം ഈ വർഷം മുഴുവൻ തുടരുമെന്നും വാർഷിക വിൽപ്പനയിൽ ഏകദേശം 13 ശതമാനം വരെ ഇടിവ് ഉണ്ടാകാനാണ് സാധ്യതയെന്നുമാണ് വിലയിരുത്തൽ.

വിപണിയിലെ ആവശ്യക്കുറവും വിതരണ ശൃംഖലയിലെ വെല്ലുവിളികളും സ്മാർട്ട്ഫോൺ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി. പ്രധാന ബ്രാൻഡുകൾ തുടർച്ചയായി വില വർധിപ്പിച്ചതോടെ ജൂൺ മാസത്തിന്റെ അവസാനത്തോടെ സ്മാർട്ട്ഫോണുകളുടെ ശരാശരി വില ഏകദേശം 15 ശതമാനം ഉയർന്നു. 15,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തെയാണ് ഈ വിലവർധന ഏറ്റവും കൂടുതൽ ബാധിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച ഇതേ കാലയളിവിലെ വിൽപ്പന 45 ശതമാനം ഇടിഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

മൊത്തത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ചുരുങ്ങിയെങ്കിലും പ്രീമിയം വിഭാഗത്തിലെ ഫോണുകളുടെ വിൽപ്പനയിൽ കാര്യമായ തിരിച്ചടി നേരിട്ടിട്ടില്ല. എളുപ്പത്തിൽ ലഭ്യമായ ഫിനാൻസിങ് സൗകര്യങ്ങളും ആകർഷകമായ ഇഎംഐ പദ്ധതികളുമാണ് ഈ വിഭാഗത്തിന് തുണയായത്. ഓഫ്‌ലൈൻ റീട്ടെയിൽ ചാനലുകളിലൂടെ നടക്കുന്ന സ്മാർട്ട്ഫോൺ വിൽപ്പനയുടെ പകുതിയിലധികവും എൻബിഎഫ്‌സികളുടെയും ഇഎംഐ പദ്ധതികളുടെയും പിന്തുണയോടെയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും 18 ശതമാനം വിപണി വിഹിതവുമായി വിവോ ഒന്നാം സ്ഥാനം നിലനിർത്തി. വിലവർധനവിന്റെ ബാക്കിയായി കമ്പനിയുടെ വൈ, ടി സീരീസ് ബജറ്റ് മോഡലുകളുടെ വിൽപ്പനയിൽ കുറവ് വന്നിരുന്നു. അതേസമയം, മുൻനിരയിലുള്ള അഞ്ച് കമ്പനികളിൽ വിൽപ്പന വളർച്ച രേഖപ്പെടുത്തിയ ഏക ബ്രാൻഡായി സാംസങ് മാറി. ഗാലക്സി എ സീരീസിനും പ്രീമിയം ഗാലക്സി എസ് സീരീസിനും ലഭിച്ച മികച്ച ആവശ്യകതയുടെ പിന്തുണയിൽ കമ്പനി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2 ശതമാനം വളർച്ച കൈവരിച്ചു.

14 ശതമാനം വിപണി വിഹിതവുമായി ഒപ്പോ മൂന്നാം സ്ഥാനത്തെത്തി. വിലവർധനയുടെ സ്വാധീനത്തിൽ ഒപ്പോ, ഷവോമി (പോക്കോ ഉൾപ്പെടെ), റിയൽമി എന്നീ ബ്രാൻഡുകളുടെ വിൽപ്പന കുറഞ്ഞെങ്കിലും ഇവ ആദ്യ അഞ്ച് സ്ഥാനങ്ങൾ നിലനിർത്തി. അതേസമയം, പുതിയ ഐഫോൺ 17 സീരീസിന് ശക്തമായ ഡിമാൻഡ് ഉണ്ടായിരുന്നെങ്കിലും വിതരണ തടസ്സങ്ങൾ മൂലം ആപ്പിളിന്റെ വിൽപ്പനയിൽ 3 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

English Summary

Chinese smartphone brands lost significant market share in India during June as higher budget phone prices weakened demand. Counterpoint Research reported a 10% year-on-year decline in smartphone sales, marking the sharpest drop in six years and the lowest Chinese market share since 2020.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version