ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ആര്‍ക്കുമൊരു ഭീഷണിയല്ല, പക്ഷേ ട്രെന്‍ഡിനൊത്ത് നീങ്ങണം

ഐടി വിദഗ്ദ്ധനും ഡിജിറ്റൽ റൈറ്റ്സ് ആക്ടിവിസ്റ്റുമായ അനിവർ അരവിന്ദ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) മുൻകാലങ്ങളിലെ വൈദ്യുതി, ഇന്റർനെറ്റ് എന്നിവ പോലെ ഒരു സാധാരണ സാങ്കേതിക വിപ്ലവമായി കാണാൻ നിർദ്ദേശിക്കുന്നു.

Anivar Aravind
Anivar Aravind is a prominent Indian IT expert, software architect, and leading digital rights activist. He is widely recognized for his strategic advocacy for open-source technology,...

ആര്‍ട്ടിഫിഷ്യന്‍ ഇന്റെലിജന്‍സിനെ (എഐ) ഒരു നോര്‍മല്‍ ടെക്‌നോളജിയായി ആളുകള്‍ കാണണം. മുമ്പ് ഇലക്ട്രിസിറ്റിയും ഇന്റെര്‍നെറ്റും സ്മാര്‍ട്ട്‌ഫോണുമൊക്കെ വരികയും അതെത്തുടര്‍ന്നുള്ള ഒരുപാട് മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുകയും ചെയ്തതുപോലെ ഒരു സാധാരണ സാങ്കേതിക വിപ്ലവം തന്നെയാണ് എഐയും. ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന, സമഗ്രമായി പരിഷ്‌കരിക്കുന്ന ഒരു മാറ്റമാണ് എഐ മൂലം ഉണ്ടാകുന്നത്. പെട്ടെന്ന് വന്ന് എല്ലാം തകര്‍ത്തുപോകുന്ന ഒന്നായി എഐയെ കാണേണ്ടതില്ല. ഇലക്ട്രിസിറ്റിയെയോ ഇന്റെര്‍നെറ്റിനെയോ അപേക്ഷിച്ച് എഐയുടെ പ്രഭാവം വളരെ വേഗത്തിലാണ് ആളുകളിലേക്ക് എത്തുന്നതെന്നുമാത്രം. അതുകൊണ്ട് എഐ ആശയങ്ങള്‍ നടപ്പില്‍വരാന്‍ സമയം വളരെ കുറച്ചുമതി. അതാണ് ആളുകള്‍ക്ക് എഐ വളരെ വേഗം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്ന് തോന്നുന്നത്.

ഇത്തരം പുതിയ സാങ്കേതികവിദ്യകള്‍ വരുമ്പോള്‍ സാധാരണയായി സംഭവിക്കുന്നത്, അതുമായി പൊരുത്തപ്പെടുന്ന ആളുകള്‍ നിലനിന്ന് പോകും, അല്ലാത്തവര്‍ക്ക് നിലനില്‍പ്പില്ലാതെ വരും എന്നതാണ്. അതുതന്നെയാണ് എഐയുടെ കാര്യത്തിലും സംഭവിക്കുന്നത്. അതേസമയം മറ്റ് സാങ്കേതികവിദ്യകളുടെ സ്വാധീനത്തെ അപേക്ഷിച്ച് എഐയ്ക്കുള്ള ഒരു വ്യത്യാസം ഇവിടെ ആളുകള്‍ക്ക് ഈ സാങ്കേതികവിദ്യയില്‍ നിയന്ത്രണം കുറവാണ് എന്നതാണ്. ഇലക്ട്രിസിറ്റി ആണെങ്കിലും ഇന്റെര്‍നെറ്റ് ആണെങ്കിലും അത് ഉപയോഗിക്കണമോ വേണ്ടയോ എന്നത് വ്യക്തിപരമായിരുന്നു, വേണ്ടെന്ന് വെക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു, അതിനുമുകളില്‍ ഒരു നിയന്ത്രണം സാധ്യമായിരുന്നു.

ഐടി വ്യവസായത്തിലേക്ക് വന്നാല്‍, എഐ ഏറെ മൂലധനം ആവശ്യമുള്ള ഒരു സാങ്കേതികവിദ്യയാണ്. ഓപ്പണ്‍ എഐ, ഗൂഗിള്‍, ആന്ത്രോപിക്, ഗ്രോക്ക് പോലുള്ള വലിയ കമ്പനികള്‍ വന്‍ മുതല്‍മുടക്കില്‍ വലിയ ലാന്‍ഗുവേജ് മോഡലുകള്‍ പുറത്തിറക്കുന്നു. പക്ഷേ ആറുമാസം കഴിഞ്ഞ് ചൈനീസ് കമ്പനികളും മറ്റും അത്രയും മുതല്‍മുടക്കില്ലാതെ അതേ രീതിയിലുള്ള, ശേഷിയുള്ള മോഡലുകള്‍ പുറത്തിറക്കുന്നു. പക്ഷേ ഈ ആറുമാസത്തിനിടയില്‍ വന്‍ നിക്ഷേപം എഐ മേഖലയില്‍ നടക്കും.

LLM (ലാര്‍ജ് ലാന്‍ഗുവേജ് മോഡല്‍), API ( ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റെര്‍ഫേസ്) എന്നിങ്ങനെ എഐ അഡോപ്ഷന്‍ രണ്ടുതരത്തിലാണ് കമ്പനികളില്‍ നടക്കുന്നത്. കൂടുതലായും API അഡോപ്ഷനാണ് ഇപ്പോള്‍ നടക്കുന്നത്. എഐ മോഡലുകള്‍ ഹോസ്റ്റ് ചെയ്യുന്നവര്‍ വളരെ കുറവാണ്. മിക്കവരും എപിഐ അല്ലെങ്കില്‍ ഇന്റെര്‍ഫേസുകളാണ് ഉപയോഗിക്കുന്നത്. ഇവര്‍ ഓപ്പണ്‍ എഐയുടെയോ ആന്ത്രോപ്പികിന്റെയോ അല്ലെങ്കില്‍ ജെമിനിയുടെയോ എഐ ടൂളുകള്‍ പണം കൊടുത്ത് വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എത്രയും പെട്ടെന്ന് കഴിയുന്നത്ര ഡെവലപ്പര്‍മാരെ നേടിയെടുക്കുക എന്നതാണ് ഈ കമ്പനികളെല്ലാം അവരുടെ എഐ ടൂളുകളിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തുടക്കത്തില്‍ ഡെവലപ്പര്‍മാരെ കേന്ദ്രീകരിച്ചുള്ളതായിരിക്കും എഐ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍. ഉദാഹരണത്തിന് ആന്ത്രോപിക്കിന്റെ ക്ലൗഡെ, ഓപ്പണ്‍ എഐയുടെ കോഡെക്‌സ്, ജെമിനിയുടെ ടൂള്‍, ആന്റിഗ്രാവിറ്റി തുടങ്ങിയ ഡെവലപ്പര്‍ ടൂളുകളാണ് ഇപ്പോള്‍ ഇറങ്ങുന്നത്. ഇവയ്‌ക്കെല്ലാം സമാന്തരമായി ഓപ്പണ്‍സോഴ്‌സ് ടൂളുകളും പുറത്തിറങ്ങുന്നുണ്ട്. അത്തരത്തിലുള്ള മത്സരാന്തരീക്ഷത്തില്‍ പോകെപ്പോകെ എഐയ്ക്കുള്ള ചെലവ് കുറഞ്ഞുവരും. ഇന്ത്യയില്‍ കൂടുതലായും എഐയുടെ API ഉപയോഗമാണ് നടക്കുന്നത്. പക്ഷേ അത് നിലവില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന അവസ്ഥയിലല്ല. പൈസ മുടക്കുന്ന ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന രീതിയിലാണ് ഇപ്പോള്‍ എപിഐ ഉപയോഗം നടക്കുന്നത്.

വര്‍ക്ക്ഫ്‌ളോകളെ എഐ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് ഇപ്പോള്‍ ഐടി കമ്പനികളിലെ പ്രധാന ട്രെന്‍ഡ്. എഐ ഉപയോഗിച്ച് വര്‍ക്ക്‌ഫ്ളോകളെ പുനര്‍നിര്‍വചിച്ച് ഓട്ടോമേറ്റ് ചെയ്യുകയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ എഐയ്ക്ക് ഒരു സെഗ്മെന്റില്‍ കയറി ഇടപെടണമെങ്കില്‍ സാങ്കേതികമായ പരിമിതികള്‍ ഉണ്ട്. ഉദാഹരണത്തിന് എഐയില്‍ ഓരോ ഏജന്റിനും പരമാവധി ടോക്കണ്‍ ലിമിറ്റ് ഉണ്ട്. പക്ഷേ ഒരു കമ്പനിയുടെ എന്റര്‍പ്രൈസ് മെമ്മറി എന്നത് അതിനേക്കാള്‍ വളരെ വലുതായിരിക്കും. അതൊരു വെല്ലുവിളിയാകും. മറ്റൊരു കാര്യം ഒരു മനുഷ്യന്‍ എടുക്കുന്ന തീരുമാനവും എഐ എടുക്കുന്ന തീരുമാനവും തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍ കോണ്‍ടെക്‌സ്റ്റ് കൃത്യമായില്ലെങ്കില്‍ എഐ എടുക്കുന്ന തീരുമാനം അബദ്ധമാകുമെന്നതാണ്. അതായത് കോണ്‍ടെക്‌സ്റ്റ്, കോണ്‍ടെക്‌സ്റ്റ് ഗവര്‍ണന്‍സ് തുടങ്ങിയ പുതിയ മേഖലകളും അതിലേക്ക് കടന്നുവരും. ഇന്‍സ്റ്റിറ്റിയൂഷണല്‍ മെമ്മറി എങ്ങനെ എഐയ്ക്ക് നല്‍കുമെന്നതും വിഷയമാണ്.

എക്‌സ്എല്‍ ഷീറ്റ് കൈകാര്യം ചെയ്യാനുള്ള കപ്പാസിറ്റി, കംപ്യൂട്ടര്‍ കൈകാര്യം ചെയ്യാനുള്ള കപ്പാസിറ്റി, എന്നിങ്ങനെ ഒരു വ്യക്തിയുടെ വര്‍ക്ക്ഫ്‌ളോകളെ എങ്ങനെ കൈകാര്യം ചെയ്യാനാണ് ആന്ത്രോപിക് ശ്രമിക്കുന്നത്. എഐ സംവിധാനങ്ങള്‍ വര്‍ക്ക്ഫ്‌ളോകളെ കണ്‍ട്രോള്‍ ചെയ്യുന്നത് ബദലുകള്‍ ഇല്ലാതെയാക്കും എന്നതാണ് പുതിയ മാനേജ്‌മെന്റ് തിയറികള്‍. ഇന്ത്യയിലെ ഐടി വസന്തത്തിന്റെ കാലത്ത് സാങ്കേതികവിദ്യയെല്ലാം ഉണ്ടാക്കുന്നത് വിദേശത്താണെങ്കിലും അതിന്റെയെല്ലാം വര്‍ക്ക്ഫ്‌ളോയും വര്‍ക്ക്ഫ്‌ളോ കസ്റ്റമൈസേഷനും ഒപ്ടിമൈസേഷനും സര്‍വ്വീസ് ഇന്‍ഡസ്ട്രിയുമെല്ലാം ഇന്ത്യയിലായിരുന്നു. ഇന്ത്യന്‍ ഐടി കമ്പനികളില്‍ മിക്കവയും അങ്ങനെ വര്‍ക്ക്‌ഫോളോകളില്‍ ചെലവ് കുറഞ്ഞ മനുഷ്യവിഭവ വിതരണം സാധ്യമാക്കിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. എഐ ആധിപത്യം സ്ഥാപിക്കുന്നതോടെ സ്വാഭാവികമായും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് അത് ഭീഷണിയാകും. കാരണം വര്‍ക്ക്ഫ്‌ളോകള്‍ ഓട്ടോമേറ്റ് ചെയ്യാനുള്ള മനുഷ്യശക്തിക്ക് ബദലാകാന്‍ എഐയ്ക്ക് സാധിക്കും. ടെക്‌നോളജികള്‍ മറ്റുള്ളവരെ കൊണ്ട് വികസിപ്പിച്ച് നമ്മുടെ നാട്ടില്‍ പ്രയോഗത്തില്‍ വരുത്താം എന്നതാണ് പൊതുവെ ഇന്ത്യന്‍ സ്ട്രാറ്റജി. പക്ഷേ ആപ്ലിക്കേഷന്‍ ലെവലുകളും പഠിച്ച്, അതിലെ സാമ്പത്തിക സാധ്യത മനസ്സിലാക്കി എഐയെ കളത്തിലിറക്കുന്ന വമ്പന്‍ മോഡലുകളും ഇന്നുണ്ട്. അത് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഭീഷണിയാണ്.

എഐ മേഖലയിലെ ഈ ട്രെന്‍ഡുകള്‍ കൃത്യമായി മനസ്സിലാക്കുകയും അതനുസരിച്ചുള്ള നടപടികള്‍ എടുക്കുകയും ചെയ്താല്‍ എഐ ആര്‍ക്കും ഭീഷണിയാകില്ല. സാങ്കേതികവിദ്യ വികസിപ്പിക്കുന്നവരും മറ്റുള്ളവര്‍ വികസിപ്പിക്കുന്ന മോഡലുകള്‍ ഉപയോഗിക്കുന്നവരുമെന്നിങ്ങനെ രണ്ടുവിഭാഗം ഐടി മേഖലയിലുണ്ട്. അതില്‍ എഐ വികസിപ്പിക്കുന്ന ആളുകളെ എഐ വ്യാപനം ബാധിക്കില്ല. അതേസമയം ഉപഭോഗം മാത്രമുള്ളവരെ ബാധിക്കുകയും ചെയ്യും. മിഡില്‍ മാനേജ്‌മെന്റ് ക്രൈസിസ് ആണിത്. അവര്‍ എഐ സാമര്‍ത്ഥ്യമുള്ളവര്‍ ആയില്ലെങ്കില്‍ പ്രതിസന്ധിയിലാകും. കാരണം കൂടുതല്‍ മികവോടെ അത് ചെയ്യാന്‍ എഐയ്ക്ക് കഴിയും.

ഇന്ന് ഐടി മേഖലയിലെ നിയമനങ്ങള്‍ എഐയ്ക്ക് മുന്‍ഗണന നല്‍കിയാണ് നടക്കുന്നത്. അതില്‍തന്നെ പത്ത് വര്‍ഷത്തോളം അനുഭവപരിചയമുള്ള ആളുകളെയാണ് എഐ ജനറലിസ്റ്റുകള്‍ അഥവാ എഐയില്‍ പ്രാഗത്ഭ്യമുള്ളവരായി കരുതുന്നത്. അതിനുമുകളില്‍ അനുഭവപരിചയമുള്ളവര്‍ എഐ രംഗത്ത് അത്രയധികം മികവ് തെളിയിക്കേണ്ടിവരും. പുതിയ ടെക്‌നോളജി പഠിച്ചെടുക്കാന്‍ അല്ലാത്തവര്‍ക്ക് സാധിക്കുമോ എന്നിടത്താണ് അവരുടെ നിലനില്‍പ്പുള്ളത്. 2026-ലെ നിയമന ട്രെന്‍ഡുകള്‍ നോക്കിയാല്‍, ഐടി രംഗത്ത് നിരവധി നിയമനങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ജോലികള്‍ പുനര്‍നിര്‍വ്വചിക്കപ്പെടുപ്പോള്‍ അവിടെ പിടിച്ചുനില്‍ക്കാന്‍ ഐടി ജീവനക്കാര്‍ക്ക് സാധിക്കാതെ വരുമ്പോഴാണ് തൊഴിലിന് എഐ ഭീഷണിയാകുന്നത്. വലിയ സാധ്യതകളുള്ള മേഖലയായതിനാല്‍ ധാരാളം പേര്‍ എഐ മോഡലുകളില്‍ നിക്ഷേപം നടത്തുന്നുണ്ട്. പക്ഷേ അവയെല്ലാം വിജയിക്കണമെന്നില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ വിജയിക്കുക എന്നതും പുതിയ എഐ കമ്പനികളുടെ വെല്ലുവിളിയാണ്.

English Summary

IT professional and digital rights activist Anivar Aravind advocates for viewing Artificial Intelligence (AI) not as a destructive anomaly, but as a standard technological revolution akin to the historical integration of electricity, the internet, or smartphones. While AI is notably characterized by an unprecedentedly rapid rate of adoption and deployment, its current implementation in the corporate landscape primarily relies on cost-effective API integrations and third-party interfaces rather than companies hosting massive Large Language Models (LLMs) independently. The predominant industry trend centers on reinventing and automating routine corporate workflows. This shift poses an immediate threat to traditional Indian IT service models that historically thrived on human-capital-heavy, low-cost workflow customization. Consequently, a critical "middle management crisis" is emerging, wherein tech professionals who fail to adapt and achieve AI competency face displacement as standard entry-level hiring and roles are completely redefined heading into 2026.
Share This Article
Anivar Aravind is a prominent Indian IT expert, software architect, and leading digital rights activist. He is widely recognized for his strategic advocacy for open-source technology, algorithmic governance, digital privacy, and technological adaptation across the global south's service industries.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version