തുറമുഖ നഗരമായി കേരളത്തെയാകെ പരിവര്‍ത്തനം ചെയ്യാന്‍ സ്വപ്‌നം കാണുന്ന ബജറ്റ്; പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി വി ഡി സതീശന്‍

സമുദ്ര തീരത്തെ പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു മാരിടൈം സമ്പദ് വ്യവസ്ഥയായി പരിണമിപ്പിക്കാന്‍ പ്രാഥമികമായി നീക്കിവെച്ചിരിക്കുന്നത് 400 കോടി രൂപയാണ്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image Credit : AI-generated

ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച ആദ്യ ബജറ്റ് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു ജനപ്രിയ ബജറ്റാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടും ഭാവി കേരളം എങ്ങനെയാവണം എന്നത് സംബന്ധിച്ച റോഡ് മാപ്പും പങ്കുവെക്കുന്നതാണ് ബജറ്റ്. ക്ഷേമവും വികസനവും ഏകദേശം തത്തുല്യമായി ചേര്‍ത്ത ഒരു ബജറ്റ്. പുതുയുഗ കേരളം സൃഷ്ടിക്കും എന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റില്‍ വ്യക്തമാക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള പ്രയത്‌നമാണ് വി ഡി സതീശന്‍ ബജറ്റില്‍ നടത്തിയിരിക്കുന്നത്.

കേരളമെന്ന തുറമുഖ നഗരം

കേരളത്തെയാകെ ഒരു തുറമുഖ നഗരമാക്കി പരിവര്‍ത്തനം ചെയ്യാനുള്ള മിഷന്‍ സമുദ്രയാണ് ബജറ്റിലെ ഏറ്റവും നിര്‍ണായക പ്രഖ്യാപനം. കേരളത്തെ അതിന്റെ 600 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന സമുദ്ര തീരത്തെ പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു മാരിടൈം സമ്പദ് വ്യവസ്ഥയായി പരിണമിപ്പിക്കാന്‍ പ്രാഥമികമായി നീക്കിവെച്ചിരിക്കുന്നത് 400 കോടി രൂപയാണ്. വിഴിഞ്ഞം തുറമുഖത്തിന് ഇതില്‍ കേന്ദ്ര സ്ഥാനമുണ്ടാകും. ബാലരാമപുരത്തു നിന്ന് വിഴിഞ്ഞത്തേക്ക് ഭൂഗര്‍ഭ റെയില്‍പാത, കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ നിര്‍മിക്കും. സമുദ്ര ഗതാഗതത്തിന് അത്യധികം പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി മദര്‍ഷിപ്പ് നിര്‍മാണ കേന്ദ്രം കേരളത്തില്‍ ആരംഭിക്കുമെന്ന് ബജറ്റ് പറയുന്നു. കേരള മാരിടൈം നയം, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം എന്നിവയും ബജറ്റ് വിഭാവനം ചെയ്യുന്നു.

വ്യോമയാന ഹബ്ബ്

ദക്ഷിണേഷ്യയിലെ തന്നെ വ്യോമയാന ഹബ്ബായി കേരളത്തെ മാറ്റുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് ഒരു ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വരും. ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബിനായി 200 കോടി രൂപ നീക്കിവെക്കും. നിക്ഷേപം ആകര്‍ഷിക്കാനുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ഇവയെല്ലാം. ഒരു ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി കൗണ്‍സിലും ബജറ്റ് വിഭാവനം ചെയ്യുന്നു. പതിനായിരം എംഎസ്എംഇകള്‍ കേരളത്തില്‍ ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കും. ബഹിരാകാശ മേഖലയില്‍ മലയാളി സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തം വര്‍ധിച്ചു വരുന്നുണ്ട്. സ്‌പേസ്, ഡിഫന്‍സ് മേഖലയിലെ ഇത്തരം സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കാന്‍ 5 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. പ്രമുഖ ഗവേഷണ, വ്യവസായ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒരു റിസര്‍ച്ച് പാര്‍ക്കും വിഡി സതീശന്റെ ബജറ്റ് വിഭാവനം ചെയ്യുന്നു. ന്യൂ ജെന്‍ സംരംഭകര്‍ക്കായി 10 കോടി രൂപ ചെലവില്‍ ഇന്‍കുബേഷന്‍ സെന്ററും വരും.

പരമ്പരാഗത തടി വ്യവസായ കേന്ദ്രമായ പെരുമ്പാവൂര്‍-ആലുവ-കൊച്ചി കേന്ദ്രീകരിച്ച് ഒരു ആഗോള ഫര്‍ണിച്ചര്‍ ഹബ്ബ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍-കൊച്ചി സ്വര്‍ണാഭരണ ഇടനാഴിക്കായി മാറ്റിവെച്ചിരിക്കുന്നത് 10 കോടി രൂപയാണ്. കേരളത്തെ ഒരു സ്വര്‍ണ വിനിമയ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സംരംഭങ്ങള്‍ക്കാവശ്യമായ ഭൂമിയുടെ ലഭ്യത കേരളത്തില്‍ കാലാകാലങ്ങളായുള്ള ആശങ്കയാണ്. ഒരു സമഗ്ര ലാന്‍ഡ് മാനേജ്‌മെന്റ് നയം രൂപീകരിക്കുമെന്ന് ബജറ്റില്‍ പറയുന്നത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഭൂപരിഷ്‌കരണം-2 എന്ന പേരില്‍ ഭൂ നിയമങ്ങളിലും അഴിച്ചുപണിയുണ്ടാകും.

വിദ്യാഭ്യാസത്തിന് ഊന്നല്‍

വിദ്യാഭ്യാസ മേഖലയില്‍ ബജറ്റ് എന്താണ് നീക്കിവെച്ചിരിക്കുന്നതെന്ന് നോക്കാം. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കാന്‍ കേരള നോളജ് വാലി പദ്ധതിയാണ് 100 കോടി രൂപ ചെലവില്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശ സര്‍വകലാശാലകളെ കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ മൈഗ്രേഷന്‍ ഒഴിവാക്കാനുള്ള ശ്രമമാണിത്. വയനാട് ട്രൈബല്‍ സര്‍വകലാശാലക്ക് 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

സ്‌പോര്‍ട്‌സ്, സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയങ്ങളിലൊന്നാണ്. ഫുട്‌ബോളില്‍ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ മലബാര്‍ മേഖലയില്‍ ആധുനിക സജ്ജീകരണങ്ങളുള്ള സ്റ്റേഡിയം വരും. 50 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ആകെ കായിക, യുവജന മേഖലയുടെ വികസനത്തിനായി 175 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ക്ഷേമത്തിന് പ്രാധാന്യം

വരുമാനം കുറവാണെങ്കിലും ആരോഗ്യ, ക്ഷേമപദ്ധതികളില്‍ ബജറ്റ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള പദ്ധതിക്കായി 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ വനിതകളുടെ സൗജന്യ യാത്രക്കായി 600 കോടി രൂപ മാറ്റി വെച്ചിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിക്കായി 1422 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാന്‍സര്‍ പ്രതിരോധത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ക്കായി 20 കോടി രൂപയാണ് മാറ്റിവെക്കുക. തിരുവനന്തപുരത്തും ആലപ്പുഴയിലും രണ്ടാമത് ഓരോ മെഡിക്കല്‍ കോളേജുകളും ആരംഭിക്കും. ഹരിപ്പാടാണ് ആലപ്പുഴയിലെ പുതിയ മെഡിക്കല്‍ കോളേജ് വരിക.

റബ്ബറിന്റെ താങ്ങുവില 250

പ്രത്യേക കാര്‍ഷിക ബജറ്റ് എന്ന പ്രഖ്യാപനം ഇത്തവണ നടപ്പായിട്ടില്ലെങ്കിലും കാര്‍ഷിക മേഖലയിലും വലിയ പ്രഖ്യാപനങ്ങളുണ്ട്. റബ്ബറിന്റെ താങ്ങുവില 200 ല്‍ നിന്ന് 250 ലേക്ക് ഉയര്‍ത്തി. ക്ഷീര വികസന മേഖലയ്ക്ക് 102.88 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. 3 വര്‍ഷത്തിനകം സംസ്ഥാനത്തെ പ്രതിദിന പാലുല്‍പ്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തുമെന്നും ബജറ്റ് അവകാശപ്പെടുന്നു. മനുഷ്യ-വന്യജീവി സംഘര്‍ഷം ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് പരിഹരിക്കുമെന്നാണ് ബജറ്റ് പറയുന്നത്. ഇതിനായി 192 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ടൂറിസത്തില്‍ ശ്രദ്ധ

ടൂറിസം, പ്രത്യേകിച്ച് മെഡിക്കല്‍ ടൂറിസം കേരളത്തിന്റെ വികസനത്തിനായുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നായി വി ഡി സതീശന്‍ സര്‍ക്കാരും കാണുന്നു. ആരോഗ്യ ടൂറിസം ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാന്‍ റീച്ച് കേരള പദ്ധതി വരും. മറ്റൊന്ന് സ്പിരിച്വല്‍ ടൂറിസമാണ്. ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലില്‍ വികസിപ്പിക്കുമെന്ന് ബജറ്റ് പറയുന്നു. പൊന്നാനി കേന്ദ്രീകരിച്ച് ഒരു സാംസ്‌കാരിക ബിനാലെ സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നു.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version