മാലിന്യം കോരാന്‍ യന്ത്രച്ചിലന്തി; പുരോഗതിക്ക് വഴികാട്ടി ജെന്‍ റോബോട്ടിക്‌സ്

തലസ്ഥാനനഗരിയുടെ ഹൃദയത്തിലൂടെ മാലിന്യം പേറിയൊഴുകുന്ന ആമയിഴഞ്ചാന്‍ തോട് ആരും മറന്നുകാണില്ല. ഒരു വര്‍ഷം മുമ്പാണ് അവിടെ മാലിന്യം നീക്കാനെത്തിയ കരാര്‍ തൊഴിലാളിയായ ജോയിക്ക് മാലിന്യം കോരുന്നതിനിടെ ഒഴുക്കില്‍ പെട്ട് ദാരുണാന്ത്യം സംഭവിച്ചത്. അന്ന് രണ്ട് രാപകലുകളാണ് നീന്തല്‍ വിദഗ്ധരും സ്‌കൂബാ സംഘവും ജോയിയുടെ മൃതദേഹത്തിനായി മാലിന്യത്തോടില്‍ മുങ്ങിത്തപ്പിയത്. ജോയിയുടെ ദുരന്തത്തില്‍ കണ്ണ് നനഞ്ഞ് ഇനിയൊരാള്‍ക്കും മാലിന്യച്ചാലുകളില്‍ ജീവന്‍ നഷ്ടപ്പെടരുതെന്ന് മലയാളികളെല്ലാം പ്രാര്‍ത്ഥിച്ചതാണ്. ആ പ്രാര്‍ത്ഥന ഏറെക്കുറെ സഫലമായിരിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായ ജെന്‍ റോബോട്ടിക്‌സ് എന്ന കമ്പനിയുടെ ‘യന്ത്രച്ചിലന്തി’യായ ജി-സ്‌പൈഡര്‍ ഇനിമുതല്‍ ആമയിഴഞ്ചാന്‍ കനാല്‍ വൃത്തിയാക്കും. ജോയിയുടെ ദുരന്തം തന്നെയാണ് ഇങ്ങനെയൊരു റോബോട്ടിക് സൊലൂഷനിലേക്ക് ജെന്‍ റോബോട്ടിക്‌സിനെ എത്തിച്ചത്.

ജി-സ്‌പൈഡറിനെ കുറിച്ചും മനുഷ്യാധ്വാനം ലഘൂകരിക്കുന്ന, സാമൂഹ്യപ്രതിബദ്ധതയുള്ള ജെന്‍ റോബോട്ടിക്‌സിന്റെ മറ്റ് ഉല്‍പ്പന്നങ്ങളെ കുറിച്ചും കമ്പനി സിഇഒയും സ്ഥാപകരിലൊരാളുമായ വിമല്‍ ഗോവിന്ദ് പ്രോഫിറ്റ് സ്റ്റാന്‍ഡേര്‍ഡുമായി സംവദിക്കുന്നു.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer

കുറ്റിപ്പുറം എംഇഎസ് കോളെജ് ഓഫ് എഞ്ചിനീയറിംഗില്‍ സഹപാഠികളായിരുന്ന വിമല്‍ഗോവിന്ദ്, എന്‍ പി നിഖില്‍, അരുണ്‍ ജോര്‍ജ്ജ്, കെ റാഷിദ് എന്നിവര്‍ സാങ്കേതികവിദ്യയോടുള്ള ഇഷ്ടം കൊണ്ടാണ് ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. അത് തങ്ങളുടെ ഇഷ്ടമേഖലയായ റോബോട്ടിക്‌സില്‍ തന്നെയാകണമെന്നായിരുന്നു നാലുപേരുടെയും ആഗ്രഹം. ആയിടയ്ക്ക് കോഴിക്കോട് മാന്‍ഹോള്‍ ശുചീകരണത്തിനിടെ രണ്ട് തൊഴിലാളികളും രക്ഷിക്കാനെത്തിയ ഒരു ഓട്ടോഡ്രൈവറും മാന്‍ഹോളിലെ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടത് ജെന്‍ റോബോട്ടിക്‌സ എന്ന കമ്പനിയുടെ പിറവിക്ക് നിമിത്തമായി. സമൂഹത്തിന് ഗുണം ചെയ്യുന്ന, മനുഷ്യരെ ഹീനമായ ജോലികളില്‍ നിന്നും രക്ഷിക്കുന്ന റോബോട്ടുകള്‍ നിര്‍മ്മിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങി.

മനുഷ്യസ്‌നേഹിയായ റോബോട്ട്

മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ റോബോട്ട്, റോബോട്ടിക് സ്‌കാവഞ്ചര്‍ – ബന്‍ഡികൂട്ട് ആയിരുന്നു ജെന്‍ റോബോട്ടിക്‌സിന്റെ ആദ്യ ഉല്‍പ്പന്നം. ബന്‍ഡികൂട്ട് മൊബിലിറ്റി, വില്‍ബോര്‍, ജി-മമത്ത്, ജി-ക്രോ അങ്ങനെ നിരവധി ഉല്‍പ്പന്നങ്ങള്‍ അതിനുശേഷം പുറത്തിറങ്ങി. ഇപ്പോള്‍ ജി-സ്‌പൈഡര്‍ വരെ എത്തിനില്‍ക്കുന്ന ജെന്‍ റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടിപ്പിന്റെ യാത്ര മനുഷ്യസ്‌നേഹികളായ ഒരു കൂട്ടം റോബോട്ടുകള്‍ക്കൊപ്പമാണ്.

ജി-സ്‌പൈഡര്‍ ജെന്‍ റോബോട്ടിക്‌സിന്റെ നൂതനമായ റോബോട്ടിക്‌സ് സംവിധാനമാണ്. കനാല്‍ പോലെ തുറസ്സായ ഇടങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് ഓട്ടോമേഷന് നിരവധി കാര്യങ്ങള്‍ ചെയ്യാനാകും. ഈ സാധ്യതകള്‍ എല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ജി-സ്‌പൈഡര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വിമല്‍ ഗോവിന്ദ് പറയുന്നു. കനാല്‍ മാലിന്യം തുടര്‍ച്ചയായി നീക്കം ചെയ്യുന്ന രീതിയിലാണ് ജി-സ്‌പൈഡറിന്റെ ഡിസൈന്‍.

സാങ്കേതികവിദ്യ മനുഷ്യപുരോഗതിക്ക്

മനുഷ്യാധ്വാനം ലഘൂകരിക്കുന്ന, മനുഷ്യജീവന് വിലമതിക്കുന്ന റോബോട്ടുകള്‍ വളരെ വേഗമാണ് നിക്ഷേപകരുടെയും അധികാരികളുടെയും ജനങ്ങളുടെയും ശ്രദ്ധയും സ്‌നേഹവും പിടിച്ചുപറ്റിയത്. റോബോട്ടിക്‌സ് എഐയിലാണ് ജെന്‍ റോബോട്ടിക്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റോബോട്ടിക്‌സും എഐയും വെറും സാങ്കേതികവിദ്യകളായി ജെന്‍ റോബോട്ടിക്‌സ് കരുതുന്നില്ല. മറിച്ച്, മനുഷ്യപുരോഗതിയില്‍ പങ്കാളികളാണ് അവയും. അപകടകരമായ, റിസ്‌ക് കൂടിയ, ശാരീരികമായി വലിയ അധ്വാനം വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ റോബോട്ടുകളെയും സാങ്കേതികവിദ്യയെയും ബദലായി അവതരിപ്പിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. ‘നമ്മുടെ പ്രവൃത്തി മറ്റൊരാള്‍ക്ക് സഹായമാകുന്നത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. ജീവിതത്തിന് അര്‍ത്ഥം തോന്നുന്നത് അത്തരം സന്തോഷനിമിഷങ്ങളിലാണ്’- വിമല്‍ പറയുന്നു.

ബന്‍ഡികൂട്ട് മുതല്‍ ജി-ഗെയിറ്റര്‍ വരെ

ബന്‍ഡികൂട്ടിലൂടെ നഗര ശുചീകരണത്തിന് പുതിയ മുഖം കൊണ്ടുവന്ന ജെന്‍ റോബോട്ടിക്‌സ് ബന്‍ഡികൂട്ടിന്റെ ചെറുതും വലുതും വാഹനത്തില്‍ ഘടിപ്പിച്ചതുമായ പല മോഡലുകള്‍ പുറത്തിറക്കി. ചെറുതും വലിയ രീതിയിലുള്ള ശുചീകരണം വേണ്ടതുമായ മാന്‍ഹോളുകളും എണ്ണ ടാങ്കുകളുമടക്കം ശുചിയാക്കുന്നവയായിരുന്നു അവയെല്ലാം. അതിനുശേഷം വലിയ ടാങ്കുകളടക്കം വൃത്തിയാക്കുന്നതിനുള്ള വില്‍ബോര്‍ എന്ന റോബോട്ടും ജെന്‍ റോബോട്ടിക്‌സ് പുറത്തിറക്കി. അന്താരാഷ്ട്ര വിപണികളില്‍ നിന്നടക്കം മികച്ച പ്രതികരണമാണ് വില്‍ബോറും നേടിയത്. വില്‍ബോര്‍ പോലെ ട്രക്കില്‍ ഘടിപ്പിച്ചിട്ടുള്ള, വലിയ സംഭരണികളും മറ്റും ശുചീകരിക്കുന്നതിനുള്ള ജി-മാമത്ത് എന്ന മറ്റൊരു റോബോട്ടിക് സൊലൂഷനും ഉണ്ട്. അതിനുശേഷമാണ് മാലിന്യശുചീകരണത്തിന് ജി-സ്‌പൈഡര്‍ വന്നത്. ജോയിയുടെ മരണത്തെ തുടര്‍ന്നുള്ള അടിയന്തര സാഹചര്യമാണ് ജി-സ്‌പൈഡറിന് കാരണമായതെങ്കിലും ഇപ്പോള്‍ പലയിടങ്ങളില്‍ നിന്നും ജി-സ്‌പൈഡറിന് ഓര്‍ഡറുകള്‍ വരുന്നുണ്ടെന്ന് വിമല്‍ പറയുന്നു.

സാനിറ്റേഷന്‍ അല്ലാതെ മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ രംഗത്തും ജെന്‍ റോബോട്ടിക്‌സ് സജീവമാണ്. അവിടെ അംഗപരിമിതികള്‍ നേരിടുന്ന ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുകയെന്നതാണ് ജെന്‍ റോബോട്ടിക്‌സിന്റെ ലക്ഷ്യം. അസുഖങ്ങള്‍ കാരണമോ അപകടങ്ങള്‍ കാരണമോ ദൈനംദിന ജീവിതത്തിന് പ്രതിസന്ധിയാകുംവണ്ണം ചലന പരിമിതികള്‍ നേരിടുന്നവര്‍ക്ക് നൂതനവും മനുഷ്യ-സൗഹൃദവുമായ റോബോട്ടിക് സൊലൂഷനുകളിലൂടെ ജീവിതം മെച്ചപ്പെടുത്താനാകുന്ന സാഹചര്യമാണ് ജെന്‍ റോബോട്ടിക്‌സ് ഒരുക്കിയിരിക്കുന്നത്. സ്‌ട്രോക്കോ നട്ടെല്ലിന് പരിക്കോ സംഭവിച്ചവരെ നടക്കാനും ചലനശേഷി വീണ്ടെടുക്കാനും സഹായിക്കുന്ന ജെന്‍ റോബോട്ടിക്‌സിന്റെ ജി-ഗെയിറ്റര്‍ എന്ന ഉല്‍പ്പന്നം സ്റ്റാന്‍ഡേര്‍ഡ്, പീഡിയാട്രിക്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ലഭ്യമാണ്. അതുകൂടാതെ കൈകളുടെ ചലനശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന യന്ത്രക്കൈ (Robotic Arm) പുറത്തിറങ്ങാനൊരുങ്ങുകയാണ്.

ഇതുകൂടാതെ പ്രതിരോധം-ബഹിരാകാശം എന്നീ മേഖലകളിലേക്കും ജെന്‍ റോബോട്ടിക്‌സ് സാന്നിധ്യം വ്യാപിപ്പിക്കുകയാണ്. മനുഷ്യജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന സാഹചര്യങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഈ മേഖലയില്‍ ഒരുങ്ങുന്നത്. പ്രതിരോധ രംഗത്ത് ബോംബുകള്‍ നിര്‍വീര്യമാക്കുക, യുദ്ധം ചെയ്യുക, കുഴിബോംബുകള്‍ കണ്ടെത്തുക അങ്ങനെ അപകടസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളാണ് കമ്പനി വിഭാവനം ചെയ്യുന്നത്. ബഹിരാകാശ രംഗത്ത് ബഹിരാകാശ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും കേടുപാടുകള്‍ പരിഹരിക്കുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനുമുള്ള റോബോട്ടിക് കൈ (Robotic Arm), ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ അങ്ങനെയുള്ള റോബോട്ടിക് സൊലൂഷനുകളാണ് ജെന്‍ റോബോട്ടിക്‌സ് പദ്ധതിയിടുന്നത്.

അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് എന്ന വിഭാഗത്തില്‍ ജെന്‍ ബോട്ട്, ജി-ബോട്ട്, ഡ്രാക്കോ, ജി-ബീറ്റില്‍ എന്നീ മള്‍ട്ടി പര്‍പ്പസ് പ്രോഡക്ടുകളും കഴിഞ്ഞിടെ ജെന്‍ റോബോട്ടിക്‌സ് പുറത്തിറക്കിയിരുന്നു. പ്രതിരോധ-ബഹിരാകാശ മേഖലയിലേത് ഒഴിച്ച് എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. നിലവിലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി, ഇന്ത്യയില്‍ തന്നെ ഇത്തരം മികച്ച, അര്‍ത്ഥവത്തായ റോബോട്ടിക് സൊലൂഷനുകള്‍ പുറത്തിറക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് വിമല്‍ പറയുന്നു.

പിന്നില്‍ വലിയൊരു ടീം

2017-ല്‍ നാല് സഹപാഠികള്‍ ചേര്‍ന്ന് തുടങ്ങിയ ജെന്‍ റോബോട്ടിക്‌സ് ഇന്ന് നാനൂറിലധികം ആളുകള്‍ ജോലി ചെയ്യുന്ന വലിയൊരു കമ്പനിയാണ്. അതില്‍ നൂറോളം പേര്‍ എഞ്ചിനീയര്‍മാര്‍ തന്നെയാണ്. ഡിസൈന്‍, മാര്‍ക്കറ്റിംഗ്, നിര്‍മ്മാണം, നടപ്പാക്കല്‍, അറ്റകുറ്റപ്പണികള്‍, സര്‍വ്വീസ് തുടങ്ങിയ എല്ലാ മേഖലകളിലും ടീമുകളുണ്ട്.

തുടക്കം മുതല്‍ തന്നെ അംഗീകാരങ്ങളും നിക്ഷേപങ്ങളും തേടിയെത്തിയ സ്റ്റാര്‍ട്ടപ്പാണ് ജെന്‍ റോബോട്ടിക്‌സ്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ മികച്ച ക്യാംപസ് സ്റ്റാര്‍ട്ടപ്പ്, സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതാ പുരസ്‌കാരം അങ്ങനെ നിരവധി അംഗീകാരങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് ജെന്‍ റോബോട്ടിക്‌സിനെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ ജെന്‍ റോബോട്ടിക്‌സ് സ്ഥാപകരായ വിമലും നിഖിലും അരുണും റാഷിദും ഫോബ്‌സിന്റെ യുവ സംരംഭകരുടെ ’30 അണ്ടര്‍ 30′ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലക്ഷ്യം മനുഷ്യസഹായികളായ റോബോട്ടുകള്‍

ഒരൊറ്റ ലക്ഷ്യമാണ് ജെന്‍ റോബോട്ടിക്‌സിനെ മുന്നോട്ടുനയിക്കുന്നത് – അപകടകരവും റിസ്‌ക് കൂടിയതും, ശാരീരിക അധ്വാനം വേണ്ടതുമായ സാഹചര്യങ്ങളില്‍ മനുഷ്യര്‍ക്ക് ബദലായി മാറുംവിധം റോബോട്ടിക്‌സ്, എഐ സാങ്കേതികവിദ്യകളെ അവതരിപ്പിക്കുക എന്നതാണത്. അതിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകുമെന്ന് ജെന്‍ റോബോട്ടിക്‌സ് കരുതുന്നു. മനുഷ്യര്‍ക്ക് ഉപകാരമാകുന്ന രീതിയില്‍ സാങ്കേതികവിദ്യയെ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തിന് ഊന്നല്‍ നല്‍കി പത്തുവര്‍ഷം കൊണ്ട് സമൂഹത്തിന് ഗുണം ചെയ്യുന്ന നിരവധി റോബോട്ടിക് സൊലൂഷനുകള്‍ അവതരിപ്പിക്കാന്‍ ജെന്‍ റോബോട്ടിക്‌സിന് സാധിച്ചു. സാനിറ്റേഷന്‍, ഹെല്‍ത്ത്‌കെയര്‍, ഓയില്‍, ഗ്യാസ്, സ്‌പേസ്, ഡിഫന്‍സ് മേഖലകളില്‍ ജെന്‍ റോബോട്ടിക്‌സ് അവതരിപ്പിച്ച റോബോട്ടിക് സൊലൂഷനുകള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളായിരുന്നു. ഒരാള്‍ക്ക് മാത്രം ഇറങ്ങാവുന്ന മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നത് മുതല്‍ ഫിസിക്കല്‍ മെഡിസിന്‍ റീഹാബിലിറ്റേഷന്‍ വരെ ഓരോ കണ്ടുപിടിത്തങ്ങളും മനുഷ്യജീവിതം സംരക്ഷിക്കാനും ശക്തിപ്പെടുത്താനും മാറ്റിമറിക്കാനും ഉള്ളതാണ് സാങ്കേതികവിദ്യ എന്ന ആദര്‍ശത്തിലൂന്നിയായിരുന്നു.

ഇനിയങ്ങോട്ട് മനുഷ്യര്‍ക്ക് സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെയും കാര്യക്ഷമതയോടെയും ജീവിക്കണമെങ്കില്‍ ചില മേഖലകളില്‍ ഓട്ടോമേഷന്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് വിമല്‍ പറയുന്നു. ‘മറ്റുള്ളവര്‍ക്ക് പിന്തുണ നല്‍കാനും തുല്യതയോടെ ജീവിക്കാനും കഴിയുന്ന രീതിയില്‍ സാങ്കേതികവിദ്യ അവതരിപ്പിക്കാനാണ് ജെന്‍ റോബോട്ടിക്‌സിന്റെ ശ്രമം’.

സ്വീകാര്യതയ്ക്ക് കാരണം സാമൂഹ്യപ്രതിബദ്ധത

സമൂഹത്തിന് ഗുണം ചെയ്യുന്ന രീതിയില്‍ സാങ്കേതികവിദ്യ അവതരിപ്പിച്ചതാണ് ജെന്‍ റോബോട്ടിക്‌സിന്റെ സ്വീകാര്യതയ്ക്ക് കാരണമായി വിമല്‍ കരുതുന്നത്. സമൂഹത്തിന് ഗുണമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാരില്‍ നിന്നും മികച്ച രീതിയിലുള്ള പിന്തുണ ലഭിക്കുമെന്നും വിമല്‍ പറയുന്നു. ‘കര്‍ഷകരുടെയോ താഴെതട്ടിലുള്ള ആളുകളുടെയോ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തീര്‍ച്ചയായും ഭരണകൂടങ്ങളുടെയും സമൂഹത്തിന്റെയും അംഗീകാരവും സഹായങ്ങളും പിന്തുണയും ലഭിക്കണം. എങ്കില്‍ മാത്രമേ തുടര്‍ന്നും അത്തരം കമ്പനികള്‍ മുന്നോട്ടുവരികയും സമൂഹത്തിന്റെ ഉന്നമനം സാധ്യമാകുകയും ചെയ്യുകയുള്ളു. അത് സമ്പദ് വ്യവസ്ഥയ്ക്കും ഗുണം ചെയ്യും’.

മുന്നോട്ടുള്ള ലക്ഷ്യങ്ങള്‍

ഇനിയങ്ങോട്ടും മനുഷ്യര്‍ ബുദ്ധിമുട്ടുന്ന മേഖലകളും സാഹചര്യങ്ങളും കണ്ടെത്തുക, അതിന് വേണ്ട പരിഹാരങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വികസിപ്പിക്കുക, സമൂഹത്തില്‍ അതിന്റെ സ്വാധീനം സൃഷ്ടിക്കുക എന്നത് തന്നെയാണ് ജെന്‍ റോബോട്ടിക്‌സ് ലക്ഷ്യമിടുന്നത്. ഒപ്പംതന്നെ ഇതുവരെ വികസിപ്പിച്ച പ്രോഡക്ടുകള്‍ കൂടുതല്‍ വിപണികളിലേക്കും അതിന്റെ ആവശ്യം ഉള്ള ആളുകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. അതിനുള്ള ബൃഹത്തായ ടീമിനെ കെട്ടിപ്പടുക്കുക, സ്വയം വളരുക, സമ്പദ് വ്യവസ്ഥയ്ക്കും രാജ്യത്തിനും ലോകത്തിനും നേട്ടമായി മാറുക എന്നിവയെല്ലാം ജെന്‍ റോബോട്ടിക്‌സിന്റെ ലക്ഷ്യങ്ങളാണെന്ന് വിമല്‍ പറയുന്നു.

റോബോട്ടിക്‌സില്‍ സാധ്യതകളേറെ

റോബോട്ടിക്‌സ് ഏറെ സാധ്യതകളുള്ള, വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ഇപ്പോള്‍ത്തന്നെ റോബോട്ടിക്‌സിന്റെ സാധ്യതകളും വളര്‍ച്ചയും അതിന്റെ പാരമ്യത്തിലാണ്. റോബോട്ടിക്‌സില്‍ ചെയ്യുന്ന ഉദ്യമങ്ങളെല്ലാം, അത് വിജയിച്ചാലും തോറ്റാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലോകത്തിന് ഗുണം ചെയ്യും. ഈ മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാന്‍ ഏറ്റവും അനുകൂലമായ സമയമാണിത്. കൂടാതെ, റോബോട്ടിക്‌സ് രംഗത്തെ നിര്‍മ്മാണത്തിന് ആവശ്യമായ ഘടകഭാഗങ്ങളുടെ വിതരണശൃംഖല ഇന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മുമ്പ് ഏറെ ചിലവേറിയതെന്ന് കരുതിയിരുന്ന പലതും വലിയ ചിലവില്ലാതെ ഇന്ന് ചെയ്യാനാകും. റോബോട്ടിക്‌സ് രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിയൊട്ടും വൈകാതെ അവരുടെ പ്രോഡക്ട്, സര്‍വ്വീസ് ഐഡിയകളുമായി വരണമെന്നാണ് വിമലിന് പറയാനുള്ളത്.

English Summary

Genrobotics, a Thiruvananthapuram-based startup, is revolutionizing sanitation and healthcare through innovative robotics and AI. Founded by Vimal Govind, N.P. Nikhil, Arun George, and Rashid K, the company gained fame with 'Bandicoot,' the world’s first robotic scavenger designed to eliminate manual scavenging. Their latest innovation, 'G-Spider,' is a robotic spider designed to clean canals like Thiruvananthapuram's Amayizhanjan canal, preventing tragedies like the death of sanitation worker Joy. Beyond sanitation, Genrobotics has expanded into medical rehabilitation with 'G-Gaiter' to help patients regain mobility, and is now venturing into defense and space sectors. With a team of over 400 people, the company aims to replace humans in hazardous jobs with life-saving technology.
Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version