പ്രതിസന്ധിക്കാലത്ത് നിക്ഷേപകരെ കൈവിട്ട്‌ സ്വര്‍ണവും വെള്ളിയും; പ്രിയമാര്‍ജിച്ച് അലുമിനിയം, എവിടെ നിക്ഷേപിക്കാം?

ആഗോള അലുമിനിയം ഉല്‍പ്പാദനത്തിന്റെ 10% നിര്‍വഹിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളാണ്. അലുമിനിയം ഉല്‍പ്പാദനത്തിനാവശ്യമായ ഉയര്‍ന്ന ഊര്‍ജത്തിന്റെ ലഭ്യതയും ഷിപ്പിംഗിന്റെ സൗകര്യവുമാണ് ഈ വ്യവസായത്തെ ഗള്‍ഫ് മേഖലയില്‍ ലാഭകരമാക്കിയത്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image credit: AI-generated

പ്രതിസന്ധിക്കാലത്തെ സുരക്ഷിത ആസ്തിയെന്ന വിശ്വാസ്യതയും പേരും ആര്‍ജിച്ച നിക്ഷേപമാണ് സ്വര്‍ണം. അല്‍പ്പം ചാഞ്ചാട്ടക്കാരനാണെങ്കിലും ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ കരുത്ത് കാട്ടാറുണ്ട് വെള്ളി. എന്നാല്‍ ഇരു ലോഹങ്ങളുടെയും മൂല്യം ഇറാന്‍ യുദ്ധത്തിനിടെ നേരെ താഴേക്കാണ്. മാര്‍ച്ച് ആദ്യവാരം യുദ്ധം കനത്തതിനു ശേഷം 5 ശതമാനത്തോളം വീഴ്ചയാണ് സ്വര്‍ണത്തില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയിലെ വീഴ്ച 8 ശതമാനം വരെ. അസാധാരണ സാഹചര്യമെന്നാണ് ഇതിനെ വിലയിരുത്തുന്നത്. യുദ്ധങ്ങള്‍ പോലെ ഗുരുതരമായ സാഹചര്യങ്ങളില്‍ മുന്‍കാലങ്ങളിലെല്ലാം കരുത്തോടെ നിലയുറപ്പിച്ച ചരിത്രമാണ് സ്വര്‍ണവും വെള്ളിയുമടക്കം പ്രീഷ്യസ് മെറ്റല്‍സിനുള്ളത്. സ്വര്‍ണ്ണവും വെള്ളിയും തകര്‍ന്നടിയുമ്പോള്‍ മറ്റൊരു ലോഹം കരുത്ത് കാട്ടുന്നു, അലുമിനിയം. എന്താണ് വിപണിയില്‍ സംഭവിക്കുന്നത്? പരിശോധിക്കാം…

ഡോളറിന് മൂല്യമേറുന്നു

ഇറാന്‍ യുദ്ധത്തിന്റെ ദോഷഫലങ്ങള്‍ നിക്ഷേപത്തിന്റെ ഓരോ മേഖലയെയും വരിഞ്ഞുമുറുക്കുകയാണെന്നതാണ് വാസ്തവം. ഡോളറിനെ അപേക്ഷിച്ച് കഴിഞ്ഞ വാരാന്ത്യം അല്‍പ്പം ബലം കാട്ടിയ രൂപ വീണ്ടും 92.33 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. മൂന്നു മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് മറ്റു കറന്‍സികളെ അപേക്ഷിച്ച് ഡോളര്‍. യൂറോ, ബ്രിട്ടീഷ് പൗണ്ട്് എന്നിവ ഒരു ശതമാനത്തിലേറെ ദുര്‍ബലമായി. ഓസ്ട്രേലിയന്‍ ഡോളറും സ്വിസ് ഫ്രാങ്കും ദുര്‍ബലമായി. യുഎസ് ഡോളറിന്റെ മൂല്യം വര്‍ധിച്ചാല്‍ പ്രദേശിക കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ അതിനായി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും. സുരക്ഷിത ആസ്തിയെന്ന സ്വര്‍ണത്തിന്റെ സിംഹാസനത്തില്‍ അപ്പോള്‍ ഡോളര്‍ ഇരിപ്പുറപ്പിക്കും. നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് യുഎസ് ട്രഷറി നിക്ഷേപങ്ങളിലേക്കും യുഎസ് ബാങ്കുകളിലേക്കും നീങ്ങും.

ക്രൂഡ് പ്രതിസന്ധി

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളര്‍ വരെ കുതിച്ചെത്തി. യുദ്ധം ഉടന്‍ അവസാനിക്കുമെന്ന ട്രംപിന്റെ വാക്കില്‍ മയങ്ങി പിന്നീട് ബാരലിന് 90 ഡോളര്‍ വരെ താഴ്ന്നു. പ്രാഥമികമായി ഊര്‍ജ മേഖലയെ ബാധിക്കുന്ന ഈ പ്രതിസന്ധി വൈകാതെ സമഗ്ര മേഖലകളിലും വിലക്കയറ്റം സൃഷ്ടിക്കാം. കുറെ കാലമായി പ്രതീക്ഷിച്ചിരുന്ന, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ മാര്‍ച്ചിലെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ പദ്ധതികള്‍ ഇതോടെ അവതാളത്തിലായിരിക്കുന്നു. മികച്ച ബാങ്ക് പലിശ ലഭിക്കുമെങ്കില്‍ പിന്നെ പലിശ വരുമാനമൊന്നും ലഭിക്കാത്ത സ്വര്‍ണത്തിലേക്ക് ഇപ്പോള്‍ നിക്ഷേപം മാറ്റേണ്ടതില്ലല്ലോ എന്നാണ് നിക്ഷേപകര്‍ ചിന്തിക്കുന്നത്.

കേന്ദ്ര ബാങ്കുകള്‍ വിറ്റഴിക്കുമോ?

ഇന്ത്യയും ചൈനയും അടക്കം ലോകമൊട്ടാകെയുള്ള കേന്ദ്ര ബാങ്കുകളുടെ വന്‍തോതിലുള്ള സ്വര്‍ണം വാങ്ങിക്കൂട്ടല്‍ ആഗോള തലത്തില്‍ സ്വര്‍ണവില ഉയര്‍ത്തിയിരുന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് 2025 ല്‍ പ്രതിമാസം ശരാശരി 27 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയത്. 2026 ലെ ആദ്യ മാസങ്ങളില്‍ ഇത് 5 ടണ്ണായി ചുരുങ്ങിയിരിക്കുന്നു. പ്രാദേശിക കറന്‍സികളുടെ മൂല്യം ഉയര്‍ത്താനും കറന്‍സി സമാഹരിക്കാനുമായി ചില കേന്ദ്ര ബാങ്കുകള്‍ കരുതല്‍ സ്വര്‍ണം വിറ്റഴിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്വര്‍ണവില ഇടിയാന്‍ ഇതും ഒരു കാരണമാകുന്നുണ്ട്.

റാലിക്ക് ശേഷം ലാഭമെടുപ്പ്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണത്തില്‍ 70 ശതമാനവും വെള്ളിയില്‍ 135 ശതമാനവും റാലി ദൃശ്യമായിരുന്നു. ഇപ്പോഴത്തെ കറക്ഷന് ശേഷവും 50 ശതമാനത്തിലേറെ നേട്ടത്തിലാണ് സ്വര്‍ണം. ഈ സാഹചര്യത്തില്‍ നിക്ഷേപകരുടെ ലാഭമെടുപ്പും സജീവമാണ്. സ്വര്‍ണവിലയിലെ ഇറക്കത്തിന് ഈ വിറ്റൊഴിയലും കാരണമാകുന്നുണ്ട്.

വിശ്വസിക്കാമോ അലുമിനിയത്തിനെ?

സ്വര്‍ണവും വെള്ളിയും വീഴുന്നതിനിടെ കരുത്തുകാട്ടുന്നുണ്ട് അലുമിനിയം. നാലു മാസത്തെ ഉയര്‍ന്ന നിലയിലേക്കാണ് അലുമിനിയത്തിന്റെ വില ഉയര്‍ന്നിരിക്കുന്നത്. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ കിലോയ്ക്ക് 350 രൂപയിലേക്കാണ് അലുമിനിയം കുതിച്ചിരിക്കുന്നത്. ആഗോള അലുമിനിയം ഉല്‍പ്പാദനത്തിന്റെ 10% നിര്‍വഹിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളാണ്. അലുമിനിയം ഉല്‍പ്പാദനത്തിനാവശ്യമായ ഉയര്‍ന്ന ഊര്‍ജത്തിന്റെ ലഭ്യതയും ഷിപ്പിംഗിന്റെ സൗകര്യവുമാണ് ഈ വ്യവസായത്തെ ഗള്‍ഫ് മേഖലയില്‍ ലാഭകരമാക്കിയത്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടക്കുകയും മേഖലയില്‍ വ്യാപക ആക്രമണമുണ്ടാവുകയും ചെയ്തതോടെ ഖത്തറിലെ ഖത്താലം സ്മെല്‍റ്ററും ബഹ്റൈനിലെ അല്‍ബയും അടക്കമുള്ള പാന്റുകള്‍ അടച്ചു പൂട്ടിയിരിക്കുന്നു. ആഗോള തലത്തില്‍ നേരത്തെ തന്നെ അലുമിനിയം ക്ഷാമമുണ്ടായിരുന്നു. ഇറാന്‍ യുദ്ധത്തോടെ ഇത് കൂടുതല്‍ വഷളായിരിക്കുകയാണ്. ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചില്‍ നിലവില്‍ മെട്രിക് ടണ്ണിന് 3500 ഡോളറിന് അടുത്താണ് അലുമിനിയം വില. ഇറാന്‍ പ്രതിസന്ധി നീണ്ടുനിന്നാല്‍ ഇത് 4000 ഡോളറിലേക്ക് ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.

അലുമിനിയത്തില്‍ നിക്ഷേപിച്ചവരുടെ നല്ലകാലം വന്നേക്കുമെന്ന് സാരം. അലുമിനിയത്തില്‍ എങ്ങനെ നിക്ഷേപിക്കും എന്നു കൂടി നോക്കാം. ഹിന്‍ഡാല്‍കോ, നാഷണല്‍ അലുമിനിയം കമ്പനി അഥവാ നാല്‍കോ, എയര്‍ഫിന്‍ ഇന്ത്യ, മനാക്സിയ അലുമിനിയം, മാന്‍ അലുമിനിയം തുടങ്ങി അലുമിനിയം ഓഹരികളിലൂടെ അലൂമിനിയത്തില്‍ നിക്ഷേപിക്കാം. അന്താരാഷ്ട്ര തലത്തില്‍ അലുമിനിയം വ്യവസായത്തില്‍ നിക്ഷേപിക്കുന്ന അലുമനിയം ഇടിഎഫുകളിലൂടെ നിക്ഷേപം നടത്താവുന്നതാണ്. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചുകളിലെ അലുമിനിയം ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റുകള്‍ വാങ്ങിയും അലുമിനിയത്തില്‍ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version