വിശ്വാസം ഇടിഞ്ഞു! യുഎസില്‍ നിന്ന് സ്വര്‍ണ നിക്ഷേപം മാറ്റി നെതര്‍ലന്‍ഡ്‌സ്

നെതര്‍ലന്‍ഡ്‌സിന്റെ നടപടി, ആസ്തികള്‍ സുരക്ഷിതമാക്കാനുള്ള യൂറോപ്പിന്റെ പൊതുനിലപാടായാണ് വിലയിരുത്തപ്പെടുന്നത്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image:AI-generated

യുഎസില്‍ നിന്ന് സ്വര്‍ണം പിന്‍വലിച്ച് നെതര്‍ലന്‍ഡ്‌സ്

86 ടണ്‍ സ്വര്‍ണം അമേരിക്കയിലെയും കാനഡയിലെയും സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് പിന്‍വലിച്ച് നെതര്‍ലാന്‍ഡ്സ്. ഇതോടെ നെതര്‍ലന്‍ഡ്‌സിന്റെ സ്വര്‍ണശേഖരത്തില്‍ യുഎസിന്റെയും കാനഡയുടെയും വിഹിതം 31.3 ശതമാനത്തില്‍ നിന്നും 18.5 ശതമാനമായി കുറഞ്ഞു. നെതര്‍ലാന്‍ഡ്സിന്റെ ആകെ സ്വര്‍ണശേഖരം 612.4 ടണ്ണാണ്. ഇതിന് ഏകദേശം 83.8 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വര്‍ണം കൂടുതല്‍ എളുപ്പത്തില്‍ വ്യാപാരം ചെയ്യാനും സംഭരണ കേന്ദ്രങ്ങള്‍ വൈവിധ്യവത്കരിക്കാനുമാണ് നീക്കമെന്ന് ഡച്ച് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സിന്റെ നടപടി, ആസ്തികള്‍ സുരക്ഷിതമാക്കാനുള്ള യൂറോപ്പിന്റെ പൊതുനിലപാടായാണ് വിലയിരുത്തപ്പെടുന്നത്. 

ചൈനയെക്കുറിച്ച് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഡമ്പിങ്ങും ചൈനയോടുള്ള യൂറോപ്പിന്റെ വര്‍ധിച്ച സാമ്പത്തിക ആശ്രിതത്വവും സംബന്ധിച്ച് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും യൂറോപ്പ് അത് കേട്ടില്ലെന്ന് ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട്ട് ഡി വെവര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന സിഐഐ പരിപാടിയിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. വിദേശ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് യൂറോപ്യന്‍ വിപണിയില്‍ എത്തിയത് വ്യവസായ അടിത്തറയെ ദുര്‍ബലപ്പെടുത്തിയെന്നും നിര്‍ണായക സാമ്പത്തിക ആശ്രിതത്വങ്ങള്‍ പിന്നീട് സമ്മര്‍ദത്തിനുള്ള ആയുധമാകാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ബെല്‍ജിയവും പ്രതിരോധ സഹകരണം വിപുലീകരിക്കുന്നതിനും വ്യാപാരം, നിക്ഷേപം, നിര്‍ണായക ധാതുക്കള്‍, ഹൈടെക്, സെമികണ്ടക്ടറുകള്‍ എന്നിവയില്‍ സഹകരണം ശക്തമാക്കാനും ഡി വെവറിന്റെ സന്ദര്‍ശനത്തിനിടെ ധാരണയിലെത്തി. പാകിസ്ഥാനുമായി ഒരു സൈനിക സഹകരണവും ഉണ്ടാവില്ലെന്നും ബെല്‍ജിയം പ്രധാനമന്ത്രി ഉറപ്പ് നല്‍കി. 

വിപണിയില്‍ തിരിച്ചുവരവ്

തുടര്‍ച്ചയായ നാല് സെഷനുകളിലെ നഷ്ടത്തിന് പിന്നാലെ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശക്തമായ തിരിച്ചുവരവ്. സെന്‍സെക്‌സ് 362.57 പോയിന്റ് ഉയര്‍ന്ന് 76,525.43ലും നിഫ്റ്റി 24.25 പോയിന്റ്, ഉയര്‍ന്ന് 24,897.70ലും എത്തി. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും യുഎസ് ഫെഡറല്‍ റിസര്‍വ് ഈ മാസം പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത കുറഞ്ഞതുമാണ് പ്രധാന പിന്തുണയായത്. ഹോങ്കോങ്ങിന്റെ ഹാങ് സെങ് 2%, ദക്ഷിണ കൊറിയന്‍ സൂചികയായ കോസ്പി 1.3%, ജപ്പാന്റെ നിക്കെയ് 1.11%, ചൈനയുടെ ഷാങ്ഹായ്  സൂചിക 0.35% എന്നിങ്ങനെ ഉയര്‍ന്നു. ഇന്ത്യ വിക്‌സ് 4 ശതമാനത്തിലേറെ കുറഞ്ഞ് 10.85ലെത്തി. അതേസമയം രൂപ ഡോളറിനെതിരെ 5 പൈസ ശക്തിപ്പെട്ട് 94.46 എന്ന നിരക്കിലെത്തി.  

ഐസിഐസിഐ ബാങ്കിന്റെ ‘ഭാരം’ കൂടി

ഐസിഐസിഐ ബാങ്കിന്റെ നിഫ്റ്റിയിലെ വെയിറ്റേജ് എക്കാലത്തെയും ഉയര്‍ന്ന 9.45 ശതമാനത്തിലെത്തി. 2025 ജൂലൈയില്‍ രേഖപ്പെടുത്തിയ 9.41 ശതമാനമായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. മൂന്ന് മാസത്തിനിടെ ബാങ്കിന്റെ ഇന്‍ഡക്‌സ് വെയിറ്റേജ് 113 ബേസിസ് പോയിന്റ് ഉയര്‍ന്നു. ഓഗസ്റ്റ് അവസാനത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് 9.85 ശതമാനം വെയിറ്റേജാണ് ഉണ്ടായിരുന്നത്; ഐസിഐസിഐ ബാങ്ക് അതില്‍ നിന്ന് വെറും 40 ബേസിസ് പോയിന്റ് മാത്രം പിന്നിലാണ്. 42 ബ്രോക്കറേജ് അനലിസ്റ്റുകളുടെയും എച്ച്ഡിഎഫ്‌സി ഓഹരികളില്‍ വാങ്ങല്‍ ശുപാര്‍ശ നല്‍കിയിട്ടണ്ട്. Goldman Sachs, Bernstein, Jefferies, JPMorgan, Nomura തുടങ്ങിയ സ്ഥാപനങ്ങള്‍ 1,700 മുതല്‍ 1,935 വരെ ലക്ഷ്യ വിലകളാണ് ഐസിഐസിഐക്ക് നല്‍കിയിരിക്കുന്നത്. 

സ്വര്‍ണവില ഉയര്‍ന്നു

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ് ദൃശ്യമായി. 22 കാരറ്റ് സ്വര്‍ണം 120 രൂപ വര്‍ധിച്ച് 14,360 രൂപയിലെത്തി. പവന് 960 രൂപ വര്‍ധിച്ച് 1,14,880 രൂപയിലെത്തി. അന്താരാഷ്ട്ര സ്വര്‍ണവില 4473 ഡോളറിലേക്ക് ഉയര്‍ന്നു.

English Summary

Gold Moves Out of the US: Netherlands Rethinks Where to Keep Its Reserves
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version