പലിശയില്‍ ആശ്വാസവും പണപ്പെരുപ്പത്തില്‍ ആശങ്കയുമുയര്‍ത്തി ആര്‍ബിഐ ധനനയം; തിരിച്ചടിക്കിടയിലും മികച്ച ജിഡിപി വളര്‍ച്ച, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ആഗോള തിരിച്ചടികള്‍ക്കിടയിലും ഇന്ത്യ 2026 സാമ്പത്തിക വര്‍ഷത്തില്‍ 7.7% വളര്‍ച്ച കൈവരിച്ചു

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

പലിശയില്‍ മാറ്റമില്ലാതെ ആര്‍ബിഐ ധനനയം; വളര്‍ച്ച കുറയുമെന്ന് ആശങ്ക

പൊതുവെ പ്രതീക്ഷിച്ചതു പോലെ അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ ധനനയം. റിപ്പോ നിരക്ക് 5.25% ആയി തുടരും. പലിശ ഉയരില്ലെന്നത് ഭവന, വാഹന വായ്പകളെടുത്തവര്‍ക്ക് ആശ്വാസകരമാണ്. അതേസമയം പൊതു സാമ്പത്തിക സ്ഥിതി അത്ര ആശാവഹമല്ലെന്ന സൂചനകളാണ് ആര്‍ബിഐയുടെ കണക്കുകള്‍ നല്‍കുന്നത്. ഇറാന്‍ യുദ്ധവും എണ്ണ പ്രതിസന്ധിയുമടക്കമുള്ള സാഹചര്യങ്ങള്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നും വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്നും ആര്‍ബിഐ നടപടികള്‍ സൂചിപ്പിക്കുന്നു. ജിഡിപി വളര്‍ച്ചാ പ്രതീക്ഷ മുന്‍പത്തെ 6.9 ശതമാനത്തില്‍ നിന്ന് 6.6 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു. റീട്ടെയ്ല്‍ പണപ്പെരുപ്പ പ്രതീക്ഷ മുന്‍പത്തെ 4.6% ല്‍ നിന്ന് 0.5% ഉയര്‍ത്തി 5.1 ലേക്ക് എത്തിച്ചു.

വിദേശ നിക്ഷേപകര്‍ക്ക് സ്വാഗതം

വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള വിവിധ നടപടികളും ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തിന് വിദേശ സ്ഥാപന നിക്ഷേപകര്‍ ഇനി കാപ്പിറ്റല്‍ ഗെയ്ന്‍ ടാക്‌സ് ഇനി അടയ്‌ക്കേണ്ട. ഇതിനായി ആദായനികുതി നിയമം ഭേദഗതി ചെയ്യും. 15-40 വര്‍ഷം വരെ കാലദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ ബോണ്ടുകളില്‍ ഇനി മുതല്‍ വിദേശ നിക്ഷേപകര്‍ക്ക് നിക്ഷേപം നടത്താനാവും. ഇന്ത്യന്‍ ഓഹരികളില്‍ വിദേശ ഇന്ത്യക്കാരുടെ നിക്ഷേപ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍മാറുന്ന സാഹചര്യത്തിലാണ് നടപടി.

വിപണിക്ക് പിടിച്ചില്ല

ആര്‍ബിഐ ധനനയ പ്രഖ്യാപനം പ്രതീക്ഷിച്ചതായിരുന്നെങ്കിലും അപ്രതീക്ഷിതമായി ഓഹരി വിപണി ഇതിനോട് അത്ര പോസിറ്റീവായല്ല പ്രതികരിച്ചത്. സെന്‍സെക്‌സ് 117 പോയന്റ് താഴ്ന്ന് 74,243 ലും നിഫ്റ്റി 50 പോയന്റ് താഴ്ന്ന് 23,366 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയെ പിടിച്ചുയര്‍ത്താനും വിദേശ നിക്ഷേപകരെ തിരികെയെത്തിക്കാനും സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു കഴിഞ്ഞെന്നാണ് നിക്ഷേപകര്‍ വിലയിരുത്തുന്നത്. കാത്തിരുന്നു കാണുക എന്ന ജാഗ്രതയോടെയുള്ള സമീപനമാണ് വിപണിയുടേത്.

രൂപയ്ക്ക് നേട്ടം; പ്ലാസ്റ്റിക് കറന്‍സി പരിഗണനയിലെന്ന് ആര്‍ബിഐ ഗവര്‍ണര്‍

സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും നടപടികള്‍ രൂപയ്ക്ക് ഗുണം ചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടു. 70 പൈസയുടെ നേട്ടവുമായി 94.93 ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. നിലവിലെ പേപ്പര്‍ കറന്‍സി നോട്ടുകള്‍ക്ക് പകരം പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ കൊണ്ടുവരുന്നത് സജീവ പരിഗണനയിലാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി. പ്ലാസ്റ്റിക് കറന്‍സികളുടെ ഗുണദോഷങ്ങള്‍ വിലയിരുത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

തിരിച്ചടികള്‍ക്കിടയിലും 7.7% ജിഡിപി വളര്‍ച്ച

ആഗോള തിരിച്ചടികള്‍ക്കിടയിലും ഇന്ത്യ 2026 സാമ്പത്തിക വര്‍ഷത്തില്‍ 7.7% വളര്‍ച്ച കൈവരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. 2025 സാമ്പത്തിക വര്‍ഷത്തില്‍ 7.1% ജിഡിപി വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചിരുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 7.8% വളര്‍ച്ചയാണ് രാജ്യം കൈവരിച്ചതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു. മുന്‍വര്‍ഷം നാലാം പാദത്തില്‍ 8 ശതമാനമായിരുന്നു വളര്‍ച്ച. മാനുഫാക്ചറിംഗ് മേഖല 10.7 ശതമാനവും സേവന മേഖല 9.3 ശതമാനവും വളര്‍ന്ന് നേട്ടമുണ്ടാക്കി. കാര്‍ഷിക മേഖലയിലെ വളര്‍ച്ച 2025 ലെ 4.2 ശതമാനത്തില്‍ നിന്ന് 3 ശതമാനത്തിലേക്ക് കുറഞ്ഞു.

യുറേനിയത്തില്‍ വിട്ടുവീഴ്ചക്ക് തയാറെന്ന് ഇറാന്‍

ഇറാനില്‍ നിന്ന് ചില പോസിറ്റീവ് വാര്‍ത്തകള്‍ വന്ന ദിവസവുമാണിന്ന്. യുറേനിയത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാണെന്ന് ഇറാന്‍ അറിയിച്ചു. കൈവശമുള്ള യുറേനിയത്തിന്റെ കുറച്ച് ഭാഗം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാമെന്ന് മധ്യസ്ഥരായ പാകിസ്ഥാന്‍ മുഖേന ഇറാന്‍ യുഎസിനെ അറിയിച്ചെന്ന് സൗദി മാധ്യമമായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version