എഥനോള്‍ ഇന്ധനമാക്കി കുതിച്ചുയരാന്‍ ഇന്ത്യ; വിദേശനാണ്യ ശേഖരം ഇനി ഇടിയില്ല, കര്‍ഷകര്‍ക്കും ആവേശം, ഇനി ഇ85 വിപ്ലവകാലം

ഇ85 വരുന്നതോടെ ക്രൂഡ് ഓയിലിനായി പുറത്തേക്കൊഴുക്കുന്ന ശതകോടികളുടെ വിദേശനാണ്യം ലാഭിക്കാനാവും

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor

ഇന്ത്യന്‍ വാഹന രംഗത്ത് ഇനി ഇ85 വിപ്ലവ കാലം. രാജ്യത്തെ ആദ്യ ഇ85 ഇന്ധന പമ്പ് ഡെല്‍ഹിയിലെ പുസ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഉദ്ഘാടനം ചെയ്തത്. 85% എഥനോളടങ്ങിയ ഇന്ധനത്തിന്റെ വില ലിറ്ററിന് 82.12 രൂപയാണ്. നിലവിലെ ഇ20 പെട്രോളിനേക്കാള്‍ 20 രൂപയിലേറെ വില കുറവാണ് ഇ85 ന്.

ഇ85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ കാറായ ഫ്‌ളക്‌സ് ഫ്യുവല്‍ വാഗണ്‍ആര്‍ മാരുതി സുസുക്കി കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തിരുന്നു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും പെട്രോൡയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും അടക്കമുള്ള പ്രമുഖരാണ് ഇന്ത്യയുടെ വാഹന വിപണിയില്‍ ചരിത്രമായേക്കാവുന്ന ഈ ലോഞ്ചിന്റെ ഭാഗമായത്. കഴിഞ്ഞ ദിവസം ഇ85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ബൈക്ക് എച്ച്എഫ് ഡീലക്‌സ്, ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ, ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നു.

എന്തുകൊണ്ട് ഇ85?

ഇ20 ഇന്ധനമാണ് രാജ്യമെങ്ങും ഇപ്പോള്‍ ലഭ്യമാകുന്നത്. 80% പെട്രോളും 20% എഥനോളും ചേര്‍ന്നതാണ് ഇ-20. കാര്‍ഷിക വിളകളില്‍ നിന്ന് നിര്‍മിച്ച എഥനോളാണ് പെട്രോളില്‍ ബ്ലെന്‍ഡ് ചെയ്യുന്നത്. ഇ85 ഫ്‌ളെക്‌സ് ഫ്യൂവലില്‍ 50 മുതല്‍ 85% വരെ എഥനോളുണ്ടാവും. കുറഞ്ഞത് 15% പെട്രോളും. നിലവില്‍ ആവശ്യകതയുടെ 89% ക്രൂഡ് ഓയിലും ഇന്ത്യ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇറാന്‍ സംഘര്‍ഷ കാലത്ത് എണ്ണ പ്രതിസന്ധിയുടെ തീവ്രത നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇ85 വരുന്നതോടെ ക്രൂഡ് ഓയിലിനായി പുറത്തേക്കൊഴുക്കുന്ന ശതകോടികളുടെ വിദേശനാണ്യം ലാഭിക്കാനാവും. കണക്ക് പരിശോധിച്ചാല്‍ 2014 ല്‍ പെട്രോളില്‍ 1.5% എഥനോളാണ് ഇന്ത്യയില്‍ ചേര്‍ത്തിരുന്നത്. ഇത് 20 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചതോടെ 1.84 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം നമുക്ക് ലാഭിക്കാനായി. സമ്പദ് വ്യവസ്ഥയെ കൂടുതല്‍ സ്വാശ്രയത്വത്തിലേക്ക് നയിക്കാന്‍ ഇ85 സഹായിക്കുമെന്ന് വ്യക്തം.

കര്‍ഷകര്‍ക്കും നേട്ടം

ചോളം, കരിമ്പ്, ഉരുളക്കിളങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളില്‍ നിന്നാണ് എഥനോള്‍ നിര്‍മിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് മികച്ച വില ലഭിക്കാന്‍ വന്‍തോതിലുള്ള എഥനോള്‍ നിര്‍മാണം വഴിവെക്കും. രാജ്യത്തെ കര്‍ഷകരെ അന്നദാതാക്കളെന്നതിലുപരി ഊര്‍ജദാതാക്കളായി കൂടി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ഇതിനോടു ചേര്‍ത്തു വായിക്കണം. എഥനോള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ്യത്ത് പുതിയ സംരംഭകത്വ അവസരങ്ങളും ഉയര്‍ന്നുവരും.

പരിസ്ഥിതി സൗഹൃദം

ഏറ്റവും പ്രകൃതി സൗഹൃദമായ ഇന്ധനമാണ് ഇ85. പെട്രോളിന്റെ ജ്വലനത്തില്‍ പുറത്തുവരുന്ന ഗുരുതരമായ രാസവസ്തുക്കള്‍ ഏകദേശം 95% കുറയും. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ഇന്ത്യയുടെ പടച്ചട്ടയായി കൂടി അങ്ങനെ ഇ-85 മാറിയേക്കും.

വാഹനങ്ങള്‍ക്ക് ഗുണകരം

ഇ20 യെ അപേക്ഷിച്ച് വാഹനങ്ങള്‍ക്കും ഗുണകരമാണ് ഇ85. 105-115 വരെ ഒക്‌റ്റേന്‍ റേറ്റിംഗാണ് ഇ85 ന് ഉള്ളത്. എഞ്ചിന് കൂടുതല്‍ പവറും ദീര്‍ഘായുസും ഇതിലൂടെ ലഭിക്കും. സ്വാഭാവികമായ ഒരു കൂളന്റായി എഥനോള്‍ പ്രവര്‍ത്തിക്കുന്നതും വാഹന എഞ്ചിന് ഗുണകരമാണ്.

പ്രശ്‌നങ്ങളും നിരവധി

ഇ85 ന് ഗുണങ്ങളെന്നതു പോലെ സ്വാഭാവികമായി ചില ദോഷങ്ങളുമുണ്ട്. സാന്ദ്രത കുറവായതിനാല്‍ മറ്റ് ഇന്ധനങ്ങളേക്കാള്‍ 30-35% വേഗത്തില്‍ ഇ85 കത്തിത്തീരും. മൈലേജ് കുറയുമെന്ന് ചുരുക്കം. എന്നാല്‍ കുറഞ്ഞ വിലയില്‍ ഇന്ധനം സര്‍ക്കാര്‍ ലഭ്യമാക്കിയാല്‍ ഈ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമാകും. ഇ20 എല്ലാ വാഹനങ്ങളിലും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇ85 അങ്ങനെ എല്ലാ വാഹനങ്ങളിലും ഉപയോഗിക്കാനാവില്ല എന്നതാണ് തിരിച്ചടി. പ്രത്യേകമായി നിര്‍മിച്ച ഫ്‌ളെക്‌സ് ഫ്യുവല്‍ വെഹിക്കിള്‍ അഥവാ എഫ്എഫ്‌വി വേണ്ടിവരും. നിലവിലെ വാഹനങ്ങളില്‍ കണ്‍വേര്‍ഷന്‍ കിറ്റുകള്‍ ഘടിപ്പിച്ചും ഇ85 ഉപയോഗിക്കാം. അതിന് അല്‍പം ചെലവേറും.

ഇനി കളി മാറും

ഇ85 ഇന്ധന പമ്പുകളുടെ ലഭ്യതയാണ് തുടക്കത്തിലെ മറ്റൊരു പ്രശ്‌നം. അതിവേഗം ഇ85 ഇന്ധനം ലഭിക്കുന്ന പമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. 2026 അവസാനത്തോടെ ഡെല്‍ഹി-എന്‍സിആര്‍, മുംബൈ, പുനെ, നാഗ്പൂര്‍ നഗരങ്ങളില്‍ 500 പെട്രോള്‍ പമ്പുകളില്‍ ഇ85 ഇന്ധനം ലഭ്യമാക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉറപ്പ് പറയുന്നു. 2027 അവസാനത്തോടെ പമ്പുകളുടെ എണ്ണം 5,000 ലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതി. മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കിയാല്‍ ഇ85 ഇന്ത്യയെ സംബന്ധിച്ച് ഒരു ഗെയിം ചെയ്ഞ്ചറാവുമെന്നുറപ്പ്.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version