സെഞ്ച്വറിത്തിളക്കവുമായി യുഡിഎഫ് അധികാരത്തില്‍; തമിഴകത്ത് സ്റ്റാലിനെ തകര്‍ത്ത് വിജയ്, ബംഗാളിലും അസമിലും ബിജെപി, ഹോര്‍മുസില്‍ യുഎസ് യുദ്ധക്കപ്പലിലേക്ക് ഇറാന്റെ മിസൈല്‍, എണ്ണവില കുതിക്കുന്നു, പ്രധാന വാര്‍ത്തകള്‍

സെഞ്ച്വറിത്തിളക്കവുമായി യുഡിഎഫ് അധികാരത്തില്‍; തമിഴകത്ത് സ്റ്റാലിനെ തകര്‍ത്ത് വിജയ്, ബംഗാളിലും അസമിലും ബിജെപി, ഹോര്‍മുസില്‍ യുഎസ് യുദ്ധക്കപ്പലിലേക്ക് ഇറാന്റെ മിസൈല്‍, എണ്ണവില കുതിക്കുന്നു, പ്രധാന വാര്‍ത്തകള്‍

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image Credit : AI-generated

സെഞ്ച്വറിത്തിളക്കവുമായി യുഡിഎഫ് അധികാരത്തില്‍

കേരളത്തില്‍ ഭരണമാറ്റത്തിന് ജനവിധി. 10 വര്‍ഷം നീണ്ട പിണറായി വിജയന്‍ സര്‍ക്കാരിന് അവസാനം കുറിച്ച് 102 സീറ്റും ചരിത്ര നേട്ടവുമായി യുഡിഎഫ് അധികാരത്തിലേക്ക്. ഭരണവിരുദ്ധ വികാരത്തില്‍ ചുവപ്പ് കോട്ടകള്‍ അട്ടിമറിക്കപ്പെട്ട എല്‍ഡിഎഫ് 35 സീറ്റിലേക്ക് ഒതുങ്ങി. നേമവും ചാത്തന്നൂരും ഫോട്ടോഫിനിഷില്‍ കഴക്കൂട്ടവും പിടിച്ചെടുത്ത് ബിജെപിയും ചരിത്രം കുറിച്ചു. 13 മന്ത്രിമാര്‍ തോറ്റ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷം 19,247 വോട്ടായി ചുരുങ്ങി. മലപ്പുറത്ത് മല്‍സരിച്ച മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 85,327 വോട്ടുകള്‍ നേടി ജയിച്ചു.

സ്റ്റാലിനും മമതയും മുട്ടുകുത്തി

ഭരണവിരുദ്ധ വികാരത്തില്‍ തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിനും പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്കും തിരിച്ചടിയേറ്റു. തമിഴ്‌നാട്ടില്‍ സിനിമ വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ വിജയ്യുടെ തമിഴക വെട്രി കഴകമാണ് ഡിഎംകെയുടെ ചീട്ടു കീറിയത്. 108 സീറ്റുമായി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഡിഎംകെ മുന്നണി 72 സീറ്റിലേക്കും എഐഎഡിഎംകെ 54 സീറ്റിലേക്കും ചുരുങ്ങി. കൊളത്തൂര്‍ സീറ്റില്‍ ടിവികെയുടെ വി എസ് ബാബു 9,000 ല്‍ പരം വോട്ടുകള്‍ക്ക് മുഖ്യമന്ത്രി സ്റ്റാലിനെ അട്ടിമറിച്ചു. പശ്ചിമ ബംഗാളില്‍ ബിജെപി തരംഗത്തിലാണ് മമതയ്ക്ക് കാലിടറിയത്. 202 സീറ്റോടെ മിന്നുന്ന വിജയമാണ് ബിജെപി ബംഗാളില്‍ നേടിയത്. തൃണമൂലിന് ലീഡ് 85 സീറ്റുകളില്‍ മാത്രം. ആസാമില്‍ 101 സീറ്റുകളുമായി ബിജെപി ഭരണം നിലനിര്‍ത്തി. 21 സീറ്റുകളുമായി കോണ്‍ഗ്രസ് പരാജയം രുചിച്ചു. പുതുച്ചേരിയില്‍ ബിജെപി-എന്‍ആര്‍ കോണ്‍ഗ്രസ് സഖ്യം 17 സീറ്റുകളോടെ ഭരണം നിലനിര്‍ത്തി. 6 സീറ്റ് ലഭിച്ച കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തുടരും.

വിപണിയില്‍ ഇലക്ഷന്‍ കുതിപ്പ്

തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ നേട്ടം ആഘോഷിച്ച് ഓഹരി വിപണി. ആഗോള സൂചനകള്‍ പ്രതികൂലമായിരുന്നെങ്കില്‍ ഇലക്ഷന്‍ റിസല്‍ട്ടിന്റെ ആവേശത്തില്‍ വിപണി കുതിച്ചു. 1000 പോയന്റോളം മുന്നേറി 77,910 വരെ എത്തിയ സെന്‍സെക്‌സ് 355 പോയന്റ് നേട്ടം നിലനിര്‍ത്തി 77,269 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 24,920 വരെ കുതിച്ച നിഫ്റ്റി 24,119 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് യുദ്ധക്കപ്പല്‍ ആക്രമിച്ച് ഇറാന്‍

ഹോര്‍മുസ് കടലിടുക്കില്‍ ജാസ്‌ക് ദ്വീപിന് സമീപം യുഎസ് യുദ്ധക്കപ്പലില്‍ രണ്ട് മിസൈലുകള്‍ പതിച്ചെന്ന് ഇറാന്‍. ഇതോടെ യുഎസ് യുദ്ധക്കപ്പലുകള്‍ പിന്‍മാറിയെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രൊജക്റ്റ് ഫ്രീഡം എന്ന പേരില്‍ ഹോര്‍മുസില്‍ കുടുങ്ങിയ കപ്പലുകളെ മോചിപ്പിക്കാനുള്ള ദൗത്യം യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. ഹോര്‍മുസിലെ നിയന്ത്രണങ്ങള്‍ മാറ്റാന്‍ ശ്രമിച്ചാല്‍ വെടിനിര്‍ത്തല്‍ ലംഘനമായി കണ്ട് തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എണ്ണവില കുതിക്കുന്നു

ഹോര്‍മുസിലെ ആക്രമണ വാര്‍ത്ത വന്നതിന് പിന്നാലെ എണ്ണവില കുതിക്കുന്നു. ബ്രെന്റ് ക്രൂഡ് വില 2.8% ഉയര്‍ന്ന് 111.2 ഡോളറിലെത്തി. ഇതോടെ ഇന്ത്യയിലും എണ്ണവില വര്‍ധന ഏതാണ്ട് ഉറപ്പായി. അതേസമയം അന്താരാഷ്ട്ര സ്വര്‍ണവില കുറയുകയാണ്. സ്വര്‍ണം ഔണ്‍സിന് 1% താഴ്ന്ന് 4563 ഡോളറിലെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 120 രൂപ താഴ്ന്ന് 13,715 രൂപയിലെത്തി. പവന് 960 രൂപ കുറഞ്ഞ് 1,09,720 രൂപയാണ് വില.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version