വിപണിയില്‍ വീണ്ടും ഇറാന്‍ ആഘാതം, 1,320 പോയന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്; നിഫ്റ്റിയുടെ നിര്‍ണായക സപ്പോര്‍ട്ടായ 24,000 തകര്‍ന്നു, എണ്ണക്കമ്പനികളുടെ പ്രതിദിന നഷ്ടം 1,000 കോടി രൂപ! പ്രധാന ബിസിനസ് വാര്‍ത്തകള്‍

വിപണിയില്‍ വീണ്ടും ഇറാന്‍ ആഘാതം, 1,320 പോയന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്; നിഫ്റ്റിയുടെ നിര്‍ണായക സപ്പോര്‍ട്ടായ 24,000 തകര്‍ന്നു, എണ്ണക്കമ്പനികളുടെ പ്രതിദിന നഷ്ടം 1,000 കോടി രൂപ! പ്രധാന ബിസിനസ് വാര്‍ത്തകള്‍

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

വിപണി വീണ്ടും കരടിപ്പിടിയില്‍?

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 1,320 പോയന്റ് ഇടിഞ്ഞ് 76,007 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 360 പോയന്റ് ഇടിഞ്ഞ് 23,815 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇറാന്‍ സംഘര്‍ഷത്തില്‍ പ്രതീക്ഷിച്ച പ്രശ്‌ന പരിഹാരം അകന്നതും എണ്ണവില 100 ഡോളറിനു മുകളില്‍ ഉയര്‍ന്നതുമാണ് വിപണിയിലെ ബുള്‍ റണ്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചത്. 

ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഞായറാഴ്ചത്തെ പ്രതികരണവും വിപണിയെ ഇന്ന് നെഗറ്റീവായി ബാധിച്ചു. ഇന്ധനം ലാഭിക്കാന്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കുക, പെട്രോള്‍-ഡീസല്‍ ഉപയോഗം കുറച്ച് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുക, വിദേശയാത്ര ഒഴിവാക്കുക, സ്വര്‍ണം അത്യാവശ്യത്തിന് മാത്രം വാങ്ങുക തുടങ്ങിയ നിര്‍ദേശങ്ങളാണ് വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിയാതിരിക്കാനുദ്ദേശിച്ച് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. ഇതൊരു പ്രതിസന്ധിയുടെ സൂചനയായാണ് വിപണി വിലയിരുത്തിയത്. കല്യാണ്‍ ജ്വല്ലേഴ്‌സടക്കം ജ്വല്ലറി ഓഹരികള്‍, ഇന്‍ഡിഗോയടക്കം വിമാനക്കമ്പനി ഓഹരികള്‍, വളം, ട്രാവല്‍, ടൂറിസം തുടങ്ങിയ മേഖലകളിലെല്ലാം ഇന്ന് ഇടിവ് ദൃശ്യമായി. ബാങ്കിംഗ് ഓഹരികളിലും കനത്ത ഇടിവ് കണ്ടു. ഫാര്‍മ, ഐടി ഓഹരികള്‍ മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്.

യുഎസിന്റേത് അനാവശ്യമെന്ന് ഇറാന്‍

ഇറാന്‍ പ്രതിസന്ധി ഒട്ടും അയവില്ലാതെ തുടരുന്നു. സമാധാന ചര്‍ച്ചയില്‍ അകാരണമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണ് യുഎസെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. 14 ഇന ശുപാര്‍ശകളോടുള്ള ഇറാന്റെ പ്രതികരണം സ്വീകാര്യമല്ലെന്ന് ട്രംപ് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇറാന്റെ കരുത്തും ദേശീയ താല്‍പ്പര്യങ്ങളും മുന്‍നിര്‍ത്തി മാത്രമേ ചര്‍ച്ചകള്‍ നടത്തുകയുള്ളെന്ന് ഇറാന്‍ പ്രസിഡന്റ് മെഹമൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു. അതേസമയം ഇറാന്റെ സൈനിക നടപടികളെ പിന്തുണച്ചതിന് 3 ചൈനീസ് കപ്പലുകളുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ചൈന പ്രതികരിച്ചു. ഇറാനെതിരെ യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചു.

എണ്ണ മുകളിലേക്ക്, സ്വര്‍ണം താഴുന്നു

സംഘര്‍ഷ സാധ്യത വര്‍ധിച്ചതോടെ ആഗോള എണ്ണവിലയും കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.2% വര്‍ധിച്ച് 103.5 ഡോളര്‍ എന്ന നിലയിലാണ്. അതേസമയം സ്വര്‍ണവില കുത്തനെ താഴുന്നു. അന്താരാഷ്ട്ര വില 1% ഇടിഞ്ഞ് 4670 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,945 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 1,11,560 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണവിലയില്‍ കൂടുതല്‍ ഇടിവിന് സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എണ്ണക്കമ്പനികളുടെ പ്രതിദിന നഷ്ടം 1,000 കോടി രൂപ

ഇന്ത്യയില്‍ ഇന്ധന വിലവര്‍ധനവ് എപ്പോള്‍? ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഞായറാഴ്ച പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാനാരംഭിച്ചിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ധനവില വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പ്രതിദിനം 1000 കോടി രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികള്‍ക്ക് ഉണ്ടാകുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ലിങ്ക്ഡ് ഇന്നിലെ പോസ്റ്റില്‍ വ്യക്തമാക്കി. ഇറാന്‍ യുദ്ധം ആരംഭിച്ച മാര്‍ച്ച് മാസത്തില്‍ ഇറാഖ്, സൗദി അറേബ്യ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 50 ശതമാനത്തിലേറെ ഇടിഞ്ഞു. ഇന്ത്യയുടെ ബദല്‍ സപ്ലൈയറായത് ഒമാനാണ്. മാര്‍ച്ചില്‍ ഒമാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ 73 ദശലക്ഷം ഡോളറില്‍ നിന്ന് 646% ഉയര്‍ന്ന് 545 ദശലക്ഷം ഡോളറിലെത്തി. 

English Summary

Top Business News at a Glance
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version